പ​രി​മി​തി​ക​ൾ മ​റി​ക​ട​ന്ന് മു​ഹ​മ്മ​ദ് റ​ഷി​ൻ വീ​ണ്ടും ദേ​ശീ​യ ക​ളി​ക്ക​ള​ത്തി​ൽ

പരപ്പനങ്ങാടി: ഭിന്നശേഷിക്കാരനായ മുഹമ്മദ് റഷിൻ ദേശീയ ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുക്കാൻ പഞ്ചാബിലേക്ക് പുറപ്പെട്ടു. ഓൾറൗണ്ടറായാണ് റഷിൻ ടീമിന്റെ ഭാഗമാകുന്നത്. പരപ്പനങ്ങാടി പോസ്റ്റ് ഓഫിസിലെ ഇ.ഡി ഡെലിവറി ഏജന്റായിരുന്ന പിതാവ് മുസ്തഫക്ക് ലഭിച്ചിരുന്ന നാമമാത്ര വേതനം കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്നതിനിടെ റഷിൻ പഠനത്തോടൊപ്പം മാർബിൾ പതിക്കുന്ന തൊഴിലെടുത്താണ് പഠനം പൂർത്തിയാക്കിയത്. ഇടവേളകളിൽ നാട്ടിലെ കളിക്കളങ്ങളിൽ പന്തെറിഞ്ഞ പരിചയമാണ് കരുത്തായത്.

മൂന്ന് തവണ കേരള ഡഫ് ക്രിക്കറ്റ് ടീം ക്യാപ്റ്റനായി ജേഴ്സിയണിഞ്ഞിട്ടുണ്ട്. ഹൈദരാബാദിൽ നടന്ന ദേശീയ മത്സരത്തിൽ കപ്പ് നേടിയതോടെ ജന്മനാട് ആദരം നൽകിയിരുന്നു. ഹൈദരാബാദിൽ നടന്ന മത്സരത്തിൽ പ്രകടിപ്പിച്ച മികവാണ് ദേശീയ മത്സരത്തിലേക്ക് വഴിയൊരുക്കിയത്.

ഈ മാസം 26 മുതൽ 31 വരെ ഓൾ ഇന്ത്യ സ്പോർട്സ് കൗൺസിൽ ഓഫ് ദ ഡഫിന്റെ നേതൃത്വത്തിൽ പഞ്ചാബിൽ നടക്കുന്ന ഡഫ് 20-20 ദേശീയ മത്സരത്തിലാണ് മുഹമ്മദ് റഷിൻ കേരളത്തിനായി കളത്തിലിറങ്ങുന്നത്. തിരൂർ ബി.പി അങ്ങാടി സ്വദേശി രാമകൃഷ്ണനും ടീമിലുണ്ട്.

ഒറ്റമഴക്ക് വെള്ളക്കെട്ടിലകപ്പെടുന്ന വീട്ടിൽനിന്നാണ് റഷിൻ പരിമിതികളെ അതിജയിച്ച് മുന്നേറുന്നത്. നിലവിൽ രോഗശയ്യയിലുള്ള പിതാവും ശാരീരികപരിമിതി നേരിടുന്ന സഹോദരനുമുൾപ്പെടുന്ന കുടുംബത്തിന് താങ്ങാകുന്നതിനിടെയാണ് കളിക്കളത്തിൽ മിന്നാനിറങ്ങുന്നത്.

Tags:    
News Summary - Muhammad Rashid crosses boundaries and returns to cricket match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.