ഡോ. ശശിധരൻ
പരപ്പനങ്ങാടി: കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പലായി വിരമിച്ച അരിയല്ലൂർ സ്വദേശി ഡോ. ശശിധരൻ 60 വയസിനിടെ രക്തദാനം നിർവഹിച്ചത് അറുപത് തവണ. 1978 ൽ എം.ബി.ബി.എസ് രണ്ടാം വർഷ വിദ്യാർഥിയായിരിക്കെ തുടങ്ങിയ രക്തദാനം ഇദ്ദേഹത്തിന് ജീവിതചര്യയാണിപ്പോൾ.
ഏറ്റവുമധികം രക്തദാനം നിർവഹിച്ച ആരോഗ്യ സേവകനെന്ന നിലയിൽ സംസ്ഥാന സർക്കാറിന്റെ അംഗീകാരവും തേടിയെത്തി. 1988 മുതൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ സഹപാഠികളെ സംഘടിപ്പിച്ച് രൂപം നൽകിയ കേരള ബ്ലഡ് ഡോണേഴ്സ് ഫോറത്തിന്റെ അധ്യക്ഷനായിരുന്നു. സഹപാഠിയായിരുന്ന ഫ്രാൻസിസ് ആലപ്പാട്ടിന്റെ നേതൃത്വത്തിലാണ് സംഘടന പിറവിയെടുത്തത്.
എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെയും മറ്റും ആഭിമുഖ്യത്തിൽ സംസ്ഥാനത്തുടനീളം നടത്തിയ ക്യാമ്പുകളിലും ജനകീയ കൂട്ടായ്മകളിലും പാട്ട് പാടി അരങ്ങ് നിറക്കുന്ന കലാകാരൻ കൂടിയാണ് ഡോ. ശശിധരൻ. തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിലെ ട്രാൻസ്യുഷൻ ഡിപ്പാർട്ട്മെൻറ് മേധാവിയും പ്രഫസറുമാണ്.
പരപ്പനങ്ങാടി: പതിനാറാമത്തെ വയസിൽ പതിനെട്ട് വയസായെന്ന് പറഞ്ഞ് തുടങ്ങിയ രക്തദാനം നൂറ്റമ്പത് പിന്നിട്ടു.പെരിന്തൽമണ്ണ പൂപ്പലം സ്വദേശിയും സി.ഐ.ടി.യു പ്രവർത്തകനുമായ ചുമട്ടുതൊഴിലാളി കണ്ണംതൊടി അബ്ദുൽ അസീസാണ് എ നെഗറ്റീവ് രക്തദാനത്തിൽ മാതൃക തീർത്തത്.
പതിനാറിൽ തുടങ്ങിയ രക്തദാനം 52 വയസിലെത്തി നിൽക്കുമ്പോൾ 154 പേരുടെ സിരകളിൽ അസീസിന്റെ രക്തം നിറഞ്ഞു. രക്തദാന മികവിന് 2013 ലും 2019 ലും സംസ്ഥാന സർക്കാർ പുരസ്കാരവും അമ്പത് വയസിനുള്ളിൽ കൂടുതൽ തവണ രക്തം ദാനം ചെയ്തതിന് ടാലൻറ് റെക്കോർഡ് ബുക്കിന്റെയും 2023 ൽ നാഷനൽ റെക്കോർഡിന്റെയും അംഗീകാരം തേടിയെത്തി.
പരപ്പനങ്ങാടി: വ്യാപാരിയും സാമൂഹികപ്രവർത്തകനുമായ നൗഫൽ ഇല്യൻ 44 വയസിനിടെ തന്റെ എ.ബി പോസിറ്റീവ് രക്തം കൈമാറിയത് 37 പേർക്ക്. പത്തൊമ്പതാം വയസിൽ തുടങ്ങിയ രക്തദാനം നഗരസഭ കൗൺസിലറായ കാലത്താണ് സജീവമായത്. ചെറിയ തേവതിൽ ഷുഗർ വന്നതോടെ ഡോക്ടർമാർ നിയന്ത്രണമേർപ്പെടുത്തിയെങ്കിലും അത്യാവശ്യ ഘട്ടത്തിൽ പരപ്പനങ്ങാടി ഇഷ ഗോൾഡ് എം.ഡി കൂടിയായ നൗഫലിനെ തേടി ഇപ്പോഴും കോളുകളെത്തുന്നു.
അബ്ദുൽ അസീസ്, നൗഫൽ ഇല്യൻ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.