മലപ്പുറം: ‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ അജൈവ മാലിന്യത്തോടൊപ്പം തന്നെ ജൈവ മാലിന്യ സംസ്കരണം ആരംഭിക്കാനുള്ള പദ്ധതി തയാറായി. പ്രാരംഭ പദ്ധതിയായി ജില്ലയിലെ അഞ്ച് തദ്ദേശ സ്ഥാപനങ്ങളില്‍ പദ്ധതി നടപ്പാക്കാൻ ജില്ലതല ‘മാലിന്യമുക്ത നവകേരളം’ കാമ്പയിന് സെക്രട്ടറിയേറ്റ് അവലോകനയോഗത്തില്‍ തീരുമാനമായി. ആദ്യഘട്ടമെന്ന നിലയില്‍ പെരിന്തല്‍മണ്ണ, തിരൂര്‍, തിരൂരങ്ങാടി നഗരസഭകളിലും തിരുവാലി, പുറത്തൂര്‍ ഗ്രാമപഞ്ചായത്തുകളിലുമായി പദ്ധതി നടപ്പിലാക്കും. ജനുവരിയോടെ ജില്ലയിലെ മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. പരമാവധി ജൈവമാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ സംസ്കരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും അതിന് കഴിയാത്തത് ശേഖരിച്ച് തദ്ദേശസ്ഥാപനങ്ങളിലെ മാലിന്യ സംസ്കരണ കേന്ദ്രങ്ങളിലെത്തിച്ച് ശാസ്ത്രീയമായി സംസ്കരിക്കാൻ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ഇതിനായി തദ്ദേശസ്ഥാപനങ്ങളുടെ യോഗം ചേര്‍ന്ന് പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും ഹരിത കര്‍മസേനാംഗങ്ങള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുകയും ചെയ്യും.
എല്‍.എസ്.ജി.ഡി ജോയന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ ചേര്‍ന്ന യോഗത്തില്‍ മാലിന്യ സംസ്കരണ രംഗത്ത് ജില്ല നടപ്പാക്കി വരുന്ന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു.
ജില്ലയില്‍ ആരംഭിച്ച ഇലക്ട്രോണിക് മാലിന്യ ശേഖരണം ഏഴ് നഗരസഭകളില്‍ കൃത്യമായി നടക്കുന്നതായി യോഗം വിലയിരുത്തി. ഇ- മാലിന്യം തിരിച്ചറിഞ്ഞു ശേഖരിക്കാൻ ഹരിത കർമ സേനാംഗങ്ങള്‍ക്ക് കൂടുതല്‍ പരിശീലനം നല്കാന് നടപടികള്‍ സ്വീകരിക്കും.
മലപ്പുറം നഗരസഭക്ക് കീഴില്‍ വര്‍ഷങ്ങളായി മാലിന്യങ്ങള്‍ തള്ളിയ ഇങ്കല് വ്യവസായ പാര്ക്കിന് സമീപമുള്ള പുളിയേറ്റുമ്മല്‍ ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യം പൂർണമായും നീക്കം ചെയ്ത് പൂര്‍വസ്ഥിതിയിലേക്ക് മാറ്റിയ സ്ഥലം ജില്ല കാമ്പയിന് സെക്രട്ടറിയേറ്റ് അംഗങ്ങളുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.