മലപ്പുറം: കൈക്കുഞ്ഞുൾപ്പെടെ മൂന്നുപേരുടെ ജീവനെടുത്ത കോട്ടക്കുന്ന് മണ്ണിടിച്ചിൽ ദുരന്തത്തിന് ഞായറാഴ്ച ഒരുവർഷം തികഞ്ഞു. 2019 ആഗസ്റ്റ് ഒമ്പതിന് ഉച്ചക്ക് 1.20ഓടെയാണ് ടൂറിസം പാർക്കിൻെറ മുകൾഭാഗത്തുനിന്ന് കുന്നിടിഞ്ഞ് ചോല റോഡിലേക്ക് വീണത്.
ചാത്തംകുളം സത്യെൻറ ഭാര്യ സരസ്വതി (45), മരുമകൾ ഗീതു (22), പേരക്കുട്ടി ഒന്നര വയസ്സുകാരൻ ധ്രുവൻ എന്നിവർ മരിച്ചു. റോഡരികിലെ വീടിന് മുകളിലേക്കാണ് മണ്ണ് വീണത്. വീടിനകത്തായിരുന്നു ഗീതുവും ധ്രുവനും. മകൻ ശരത്തിനൊപ്പം റോഡിന് സമീപം വെള്ളം തിരിച്ചുവിടുകയായിരുന്നു സരസ്വതി. അമ്മയെയും ഭാര്യയെയും മകനെയും നഷ്ടമായ ശരത് പരിക്കുകളോടെ രക്ഷപ്പെട്ടു.
രാപ്പകൽ നീണ്ട തിരിച്ചിലിനൊടുവിൽ 11ന് ഗീതുവിൻറെയും ധ്രുവെൻറയും 12ന് സരസ്വതിയുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. ഇവർ താമസിച്ചിരുന്ന ഓടിട്ട വാടകവീടാണ് മണ്ണിനടിയിലായത്. മൂന്നുപേരയെും കണ്ടെത്താൻ രക്ഷാപ്രവർത്തകർ ശ്രമിക്കുമ്പോൾ തൊട്ടടുത്തിരുന്ന് വിങ്ങിപ്പൊട്ടിയ ശരത് കണ്ണീർക്കാഴ്ചയായിരുന്നു. പട്ടർക്കടവിൽ വ്യവസായിയായ ആരിഫ് കളപ്പാടൻ സൗജന്യമായി കൈമാറിയ അഞ്ചു സെൻറ് സ്ഥലത്ത് 900 ചതുരശ്ര അടിയിൽ പാണക്കാട് തങ്ങൾ കുടുംബം നിർമിച്ചുനൽകിയ വീട്ടിലാണ് ശരത്തും സഹോദരൻ സിജിനും പിതാവ് സത്യനുമിപ്പോൾ. സംഭവം നടക്കുമ്പോൾ സിജിനും സത്യനും സ്ഥലത്തില്ലായിരുന്നു. ഒരുവർഷമായിട്ടും ദുരന്തത്തിൻറ ഞെട്ടലിൽനിന്ന് ശരത് മോചിതനായിട്ടില്ല. വീടെന്ന സ്വപ്നം യാഥാർഥ്യമായത് ഏറ്റവും പ്രിയ്യപ്പെട്ടവരെ തനിക്ക് നഷ് ടപ്പെട്ട ശേഷമാണെന്ന് യുവാവ് സങ്കടപ്പെടുന്നു.
ചെരിവിലെ 29 കുടുംബങ്ങൾ വീട് വിട്ടു
മലപ്പുറം: വീണ്ടും മഴക്കാലമെത്തിയതോടെ കോട്ടക്കുന്ന് ചെരിവിലെ 29 കുടുംബങ്ങൾ വീടൊഴിഞ്ഞ് സുരക്ഷിതസ്ഥാനങ്ങളിലേക്ക് നീങ്ങി. മൂന്നു കൂട്ടർ ഒരു മാസം മുമ്പുതന്നെ ഇവിടെനിന്ന് മാറിയിരുന്നു. നഗരസഭയുടെ കൂടി നിർദേശം കണക്കിലെടുത്ത് പിന്നീട് മറ്റുള്ളവരും ബന്ധുവീടുകളിലും വാടക വീടുകളിലുമായി അഭയം തേടി. 14 കുടുംബങ്ങളാണ് കഴിഞ്ഞ വർഷം മണ്ണിടിച്ചിലുണ്ടായപ്പോൾ കോട്ടക്കുന്ന് ചെരിവിൽനിന്ന് മാറിയത്.
മാസങ്ങളോളം ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞ ഇവർ പിന്നീട് തിരിച്ചെത്തി. മറ്റൊരിടത്തേക്ക് പുനരധിവസിപ്പിച്ച് ആശങ്കക്ക് ശാശ്വതപരിഹാരം കാണണമെന്നാണ് പ്രദേശത്തുകാരുടെ ആവശ്യം. ദുരന്തത്തിൽ മണ്ണിനിടയിലായ വീടിന് സമീപത്തെ കെട്ടിടങ്ങൾക്കും കേടുപാട് സംഭവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.