മലപ്പുറം: തെരുവുനായ് വന്ധ്യംകരണവും പ്രതിരോധകുത്തിവെപ്പും കാര്യക്ഷമമായി നടപ്പാക്കാതെ, തെരുവുനായ് നിയന്ത്രണം അസാധ്യമെന്ന് മൃഗസംരക്ഷണ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ആനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി), ആന്റി റാബീസ് വാക്സിനേഷൻ (എ.ആർ) പദ്ധതികൾ സ്തംഭിച്ചതാണ് തെരുവുനായ് നിയന്ത്രണം താളംതെറ്റാൻ കാരണം.
പ്രദേശത്തെ 70 ശതമാനം നായ്ക്കൾക്കും വർഷാവർഷം കുത്തിവെപ്പ് നൽകാനായാൽ പേവിഷബാധ സമ്പൂർണമായി തടയാമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. ഭൂരിഭാഗം നായ്ക്കൾക്കും വാക്സിൻ നൽകാൻ കഴിഞ്ഞാൽ ബാക്കിയുള്ളവ വൈറസിനെതിരെ ആർജിത പ്രതിരോധം കൈവരിക്കും. 70 ശതമാനം നായ്ക്കളെയെങ്കിലും വന്ധ്യംകരിച്ചാൽ അടുത്ത മൂന്ന് വർഷം കൊണ്ട് നായ്ക്കളുടെ ജനനനിരക്ക് ഒരുപരിധി വരെ നിയന്ത്രിക്കാൻ പറ്റുമെന്നും മൃഗസംരക്ഷണ രംഗത്തെ വിദഗ്ധർ പറയുന്നു.
തെരുവുനായ് വന്ധ്യംകരണം (എ.ബി.സി), ആന്റി റാബീസ് വാക്സിനേഷൻ (എ.ആർ) പദ്ധതികൾ പാതിവഴിയിൽ നിലച്ചതാണ് തെരുവു നായ്ക്കൾ പെറ്റുപെരുകാൻ കാരണം. തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ പദ്ധതി നിർവഹണത്തിൽ പുലർത്തിയ അലംഭാവമാണ് സംസ്ഥാനത്ത് പേവിഷ ബാധ മരണങ്ങളിലേക്കുവരെ കാര്യങ്ങൾ എത്തിയിരിക്കുന്നത്. വർഷത്തിൽ അഞ്ച് ശതമാനം നായ്ക്കളെ വന്ധ്യംകരിച്ചതുകൊണ്ട് ഒരു ഗുണവും ഉണ്ടാവുന്നില്ല.
ഒട്ടുമിക്ക പഞ്ചായത്തുകളും വാക്സിനേഷന് ഫണ്ട് വെക്കുന്നുണ്ടെങ്കിലും പട്ടിപിടിത്തക്കാരെ കിട്ടാനില്ലാത്തതിനാൽ കുത്തിവെപ്പ് നടക്കാറില്ല. വളർത്തുനായ്ക്കളുടെ ബ്രീഡിങുമായി ബന്ധപ്പെട്ട് നിലവിലുള്ള കേന്ദ്ര നിയമങ്ങൾ കർശനമായി നടപ്പാക്കാത്തതും തെരുവു നായ്ക്കൾ പെരുകാൻ കാരണമാണ്.
ലൈസൻസും വാക്സിനേഷനുമില്ലാതെ നായ്ക്കളെ പരിപാലിക്കുന്നവരുണ്ട്. മാലിന്യം തള്ളൽ അടക്കം അടിസ്ഥാനകാരണങ്ങൾ കണ്ടെത്തി തിരുത്താൻ നടപടികളും ഉണ്ടാവുന്നില്ല. നിരത്തുകളിൽ സുലഭമായി ലഭ്യമായ ഭക്ഷണാവശിഷ്ടം നായ്ക്കളുടെ പെരുപ്പത്തിന് മൂലകാരണമാണ്. ഹോട്ടൽ മാലിന്യം, വീടുകളിൽനിന്നും പുറത്തേക്ക് എറിയുന്ന ഭക്ഷണമാലിന്യം, ആഘോഷാവസരങ്ങളിൽ ഉണ്ടാകുന്ന ഭക്ഷണാവശിഷ്ടങ്ങൾ എന്നിവയെല്ലാം തെരുവുനായ്ക്കളുടെ എണ്ണം കൂടാൻ കാരണമായി ചൂണ്ടികാണിക്കപ്പെടുന്നു.
2021ൽ നായ്ക്കളെ പിടികൂടുന്നതിൽനിന്നും അനിമൽ വെൽഫെയർ ബോർഡ് കുടുംബശ്രീയെ വിലക്കിയിരുന്നു. ശാസ്ത്രീയ പരിശീലനം ലഭിച്ചിട്ടില്ലെന്നാണ് ഒഴിവാക്കാൻ പറഞ്ഞ ന്യായം. ബോർഡിന്റെ അംഗീകാരമുള്ള സംഘടനകളുടെ അഭാവം നിമിത്തം പകരം ആളെ കിട്ടിയതുമില്ല. ഫലത്തിൽ, നിലവിലുള്ള എ.ബി.സി കേന്ദ്രങ്ങളിൽപോലും വന്ധ്യംകരണം ഭാഗികമാണ്. തദേശഭരണ സ്ഥാപനങ്ങളെ ചുമതലയേൽപ്പിച്ചെങ്കിലും ഒന്നും നടക്കുന്നില്ല.
മൃഗാശുപത്രികൾ കേന്ദ്രീകരിച്ച് വളർത്തു നായ്ക്കൾക്കുള്ള കുത്തിവെപ്പ് മാത്രമാണ് നടക്കുന്നത്. അനിമൽ വെൽഫെയർ ബോർഡ് മാനദണ്ഡം അനുസരിച്ച് സി.സി.ടി.വി, ഇൻസിനറേറ്റർ ഉൾപ്പെടെയുള്ളവയും ചുരുങ്ങിയത് 200 ശസ്ത്രക്രിയയെങ്കിലും ചെയ്ത ഡോക്ടറും എ.ബി.സി കേന്ദ്രത്തിൽ വേണം. ഇത് പ്രായോഗികമല്ലെന്നും ഇളവു വേണമെന്നുമുള്ള ആവശ്യവുമായി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തെഴുതിയെങ്കിലും മറുപടി ലഭിച്ചിട്ടില്ല. പുതുതായി 1000 പേർക്ക് പട്ടിപിടിത്തത്തിൽ പരിശീലനം നൽകുമെന്ന തദേശ മന്ത്രിയുടെ ഉറപ്പും പാഴ്വാക്കായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.