നവജ പദ്ധതി: വാർഡുകൾ ഏറ്റെടുക്കാൻ മലപ്പുറം ജില്ല പഞ്ചായത്ത്

മലപ്പുറം: ഗ്രാമങ്ങൾ നവീനമാക്കാൻ ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന നവജ പദ്ധതിക്ക് റിപ്പബ്ലിക് ദിനത്തിൽ തുടക്കമാകും. ജില്ലയിലെ 94 പഞ്ചായത്തുകളിലെയും ഒരു വാർഡ് ഓരോ വർഷവും ഏറ്റെടുത്ത് മാതൃക കേന്ദ്രമാക്കി ഉയർത്തുകയും മാലിന്യ സംസ്കരണവും സംസ്കാരവും വളർത്തി 10 വർഷം കൊണ്ട് ജില്ലയെ ക്ലീൻ സിറ്റിയാക്കി മാറ്റുകയാണ്ലക്ഷ്യം.

കേന്ദ്ര, സംസ്ഥാന സർക്കാർ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം തദ്ദേശ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. ഓരോ വർഷവും ഓരോ വാർഡുകളിലാണ് നവജ മിഷന്റെ ഭാഗമായി വിവിധ പദ്ധതികൾ നടപ്പാക്കുക. റോഡ്, പാലം തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനം എന്നതിലുപരി ശുചിത്വത്തിനാണ് നവജ പ്രാധാന്യം നൽകുന്നത്.

വാർഡ് പരിധിയിലെ എല്ലാ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശുചിമുറി നിർമാണം, ആധാർ തൊഴിൽ കാർഡ് അടക്കമുള്ള രേഖകൾ ഉണ്ടാക്കൽ എന്നിവക്കാണ് ആദ്യ പരിഗണന. വീടുകളിൽ മുള ഉപയോഗിച്ച് നിർമിച്ച കൊട്ടകൾ സ്ഥാപിക്കും. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം ഇവയിൽ നിക്ഷേപിക്കാം.

101 പദ്ധതികൾ

നവജയിൽ മാലിന്യ സംസ്കരണം അടക്കം 101 പദ്ധതികൾ അടങ്ങിയിരിക്കുന്നു. പട്ടിക വിഭാഗ കോളനികൾക്ക് പ്രത്യേക പരിഗണന നൽകി സമഗ്ര വികസനം നടപ്പാക്കും. ആദ്യഘട്ടത്തില്‍ ദത്തെടുക്കേണ്ട മുഴുവന്‍ വാര്‍ഡുകളുടെയും പട്ടിക തയാറാക്കി. ജില്ല പഞ്ചായത്ത് അംഗങ്ങളാണ് വാര്‍ഡുകള്‍ തെരഞ്ഞെടുത്തത്. പദ്ധതിയുടെ ഭാഗമായി ജില്ലതല ഗ്രാമസഭ ജനുവരി 26ന് ആനക്കയത്ത് നടക്കും. അതിന് മുന്നോടിയായി 94 പഞ്ചായത്തുകളിലും ആദ്യഘട്ടം ഏറ്റെടുക്കുന്ന വാർഡുകളിലെ അംഗങ്ങൾ, പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, ബ്ലോക്ക് അംഗങ്ങൾ എന്നിവർക്കായി സംഘടിപ്പിക്കുന്ന ശിൽപശാല ജനുവരി 17ന് നടക്കും.

പദ്ധതി പുരോഗതി 30 ശതമാനം

ജില്ല പഞ്ചായത്ത് 2022-23 വർഷത്തെ വാർഷിക പദ്ധതി പുരോഗതി 30 ശതമാനം മാത്രം.സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ടുമാസം മാത്രം ബാക്കി നിൽക്കെയാണ് 150 കോടി രൂപയുള്ള ആകെ പദ്ധതി വിഹിതത്തിൽ 30 ശതമാനം ചെലവഴിച്ചത്.

പദ്ധതി ബില്ലുകൾ ട്രഷറിയിൽ മാറാൻ നേരിടുന്ന കാലതാമസമാണ് പ്രശ്നത്തിന് കാരണമെന്ന് ജില്ല പഞ്ചായത്ത് സെക്രട്ടറി എൻ.എ. അബ്ദുൽ റഷീദ് അറിയിച്ചു. ഫെബ്രുവരി ആകുമ്പോഴേക്ക് വിനിയോഗം 70 ശതമാനം പിന്നിടുമെന്നും മാർച്ചിന് മുന്നോടിയായി 100 ശതമാനത്തിലെത്തുമെന്നും അദ്ദേഹം വിശദീകരിച്ചു. നിലവിൽ ജില്ല പഞ്ചായത്ത് തുക ചെലവഴിക്കുന്നതിൽ സംസ്ഥാനതലത്തിൽ നാലാം സ്ഥാനത്താണ്.

Tags:    
News Summary - Navja Project: District Panchayath to take over wards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.