ബഡ്‌സ് സ്‌കൂള്‍ സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനത്തിനെത്തിയ തദ്ദേശ സ്വയംഭരണ മന്ത്രി കെ.എം. ഷാജിയെ ബൊക്കെ നൽകി സ്വീകരിക്കുന്ന വിദ്യാർഥി

ബഡ്‌സ് സ്‌കൂള്‍ സംസ്ഥാനതല പ്രവേശനോത്സവം; ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി ആവിഷ്‌കരിക്കും -മന്ത്രി

വേങ്ങര: ബഡ്‌സ് സ്‌കൂള്‍ സംസ്ഥാനതല പ്രവേശനോത്സവം തദ്ദേശ സ്വയംഭരണ മന്ത്രി കെ.എം. ഷാജി ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ ഭിന്നശേഷി വിദ്യാര്‍ഥികളുടെ ബഡ്‌സ് സ്‌കൂള്‍ ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി ആവിഷ്‌കരിക്കുമെന്നും 50 ബഡ്‌സ് സ്‌കൂളുകളെ മാതൃക ബഡ്‌സ് സ്‌കൂളുകളാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. വേങ്ങര എ.ആര്‍. നഗര്‍ ബ്ലിസ് ബഡ്‌സ് സ്‌പെഷല്‍ സ്‌കൂളില്‍ ബഡ്‌സ് സ്‌കൂള്‍, ബഡ്‌സ് റിഹാബിലിറ്റേഷന്‍ എന്നിവയുടെ സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ബഡ്‌സ് സ്‌കൂളിലെ കുട്ടികളെ താമസിപ്പിക്കാനും പരിപാലിക്കാനുമുള്ള സര്‍ക്കാര്‍ പദ്ധതികളും ആലോചനയിലാണ്. നിലവിലുള്ള ബഡ്‌സ് സ്‌കൂള്‍ സംവിധാനങ്ങളും പദ്ധതികളും എത്രമാത്രം കാര്യക്ഷമമാണ്, എങ്ങനെ കൃത്യമായി നടപ്പാക്കാം എന്നതില്‍ ഓഡിറ്റ് നടത്തും -മന്ത്രി പറഞ്ഞു.

ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ ബഡ്‌സ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ അണിനിരന്ന ഘോഷയാത്ര നടന്നു. സ്‌പെഷല്‍ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ഫുട്‌ബാള്‍ ടീമിനായി കളിച്ച ഫാസില്‍ ഊര്‍ങ്ങാട്ടിരി ഉള്‍പ്പെടെ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചവര്‍ക്ക് മന്ത്രി ഉപഹാരം നല്‍കി. ഉദ്ഘാടന ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി അധ്യക്ഷത വഹിച്ചു. സല്‍മാന്‍ കുറ്റിക്കോട്‌ സെലിബ്രിറ്റി അതിഥിയായി പങ്കെടുത്തു. കുടുംബശ്രീ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ സ്വാഗതവും കുടുംബശ്രീ ജില്ല മിഷന്‍ കോഓഡിനേറ്റര്‍ ബി. സുരേഷ് കുമാര്‍ നന്ദിയും പറഞ്ഞു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മന്‍സൂര്‍ കോയ തങ്ങള്‍, അബ്ദുറഹ്‌മാന്‍ നഗര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലൈല പുല്ലൂണി, വൈസ് പ്രസിഡന്റ് മുസ്തഫ പുള്ളിശ്ശേരി, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.കെ. അസ്‌ലു, വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ബഡ്‌സ് വിദ്യാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - Minister to devise insurance scheme for employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.