രാമപുരത്തിന് സമീപം വയലിൽ ഇരതേടുന്ന വെള്ള അരിവാൾ കൊക്കന്മാർ
മങ്കട: വൃശ്ചികക്കുളിരിന്റെ ഈറൻ മഞ്ഞ് വിട്ടൊഴിയാത്ത വയലുകളിൽ ദേശാടനക്കിളികൾക്ക് സ്വൈരവിഹാരം. ദേശാടനക്കിളികളായ വെള്ള അരിവാൾ കൊക്കൻ (കഷണ്ടി കൊക്കൻ), ചേരാ കൊക്കൻ തുടങ്ങിയ ഇനത്തിൽപെട്ട വലിയ കൊറ്റികളാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിലെ വയലുകളിൽ സുഖവാസത്തിനെത്തിയത്. വർഷങ്ങളായി പതിവ് സന്ദർശകരായ ചേരാ കൊക്കൻമാർ നവംബറോടെയാണ് എത്തിയത്.
കൂടാതെ വെള്ള അരിവാൾ കൊക്കന്മാരും ഇത്തവണ കൂട്ടമായി എത്തി. അരിവാൾ കൊക്കന് 65 മുതൽ 75 സെൻറി മീറ്റർ വരെ നീളമുണ്ടാകും. കറുത്ത കാലും തലയും കഴുത്തും അരിവാൾ ആകൃതിയിലുള്ള കൊക്കും ഇവയുടെ പ്രത്യേകതയാണ്. കടലുണ്ടി പക്ഷിസങ്കേതം, തൃശൂരിലെ കോൾ നിലങ്ങൾ എന്നിവിടങ്ങളിൽ ധാരാളമായി കണ്ടുവരുന്ന വെള്ള അരിവാൾ കൊക്കൻമാർ ഇത്തവണ വ്യാപകമായി ജില്ലയിലെ വിവിധ ഭാഗങ്ങളിലെ വയലുകളിൽ എത്തിയിട്ടുണ്ട്.
ഇവയുടെ ഗണത്തിൽപെട്ട ചെന്തലയൻ അരിവാൾ കൊക്കൻ, ചെറിയ അരിവാൾ കൊക്കൻ എന്നിവ കേരളത്തിൽ വരാറില്ലെന്ന് പക്ഷി നിരീക്ഷകർ പറയുന്നു. വയലിലെ പുഴുക്കളും മണ്ണിരകളുമാണ് ഇവയുടെ ഭക്ഷണം. നാടൻ കൊക്കിനങ്ങളായ ചെറുമുണ്ടി, ചിന്ന കൊക്കൻ, കുളക്കൊക്ക് തുടങ്ങിയവയുടെ കൂട്ടത്തിൽ വയലുകളിലെ ചപ്പു നിലങ്ങളിലാണ് കൂട്ടമായി ഇവ ഇര തേടുന്നത്. ചേരാ കൊക്കന്മാരുടെ സാന്നിധ്യം നേരത്തേ തന്നെ ജില്ലയിലെ വയലുകളിൽ ഉണ്ടെങ്കിലും കഴിഞ്ഞ വർഷം മുതലാണ് കഷണ്ടി കൊക്കന്മാർ സജീവമായി തുടങ്ങിയത്. നവംബർ മുതൽ മാർച്ച് വരെ ഇവ ജില്ലയിൽ തങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.