‘ജിന്ന് മുറിച്ച പഴത്തിന് 2500രൂപ!’; തിരുനാവായയിലെ തട്ടിപ്പ് പൊളിച്ചടുക്കി സോഷ്യൽ മീഡിയ, പൊലീസ് നടപടിയെടുക്കണമെന്ന് ആവശ്യം

തിരൂർ: ആത്മീയ ചികിത്സയെന്ന പേരിൽ ആളുകളെ പറ്റിച്ച് പണം തട്ടുന്ന സംഘത്തിനെതിരെ നാട്ടുകാർ. തിരൂർ കുറ്റിപ്പുറം റൂട്ടിൽ തിരുനാവായ കൊടയ്ക്കൽ ബന്ദർകടവിലെ കായൽപട്ടണം ജിന്ന് മഹ്ളറക്കെതിരെയാണ് പ്രതിഷേധം ഉയരുന്നത്.

മുവാറ്റുപുഴ സ്വദേശിയായ ഓട്ടോ​ഡ്രൈവറാണ് ഇവിടെ ആത്മീയ നേതാവായി വേഷമിട്ട് തട്ടിപ്പ് നടത്തുന്നതെന്ന് ഇവർ പറയുന്നു. എല്ലാ ഞായറാഴ്ചകളിലും പുലർച്ചെയാണ് ‘ഖുതുബിയത് മജ്‍ലിസ്’ എന്ന​പേരിൽ ആത്മീയ സദസ് നടത്തുന്നത്. രോഗമുക്തിക്കും മറ്റുമായി കേരളത്തിനകത്ത് നിന്നും പുറത്തുനിന്നും ആയിരക്കണക്കിന് ആളുകളാണ് ഇതിൽ പ​ങ്കെടുക്കുന്നതെന്ന് സംഘാടകർ തന്നെ സോഷ്യൽ മീഡിയയിൽ അവകാശപ്പെടുന്നു. ഇവരിൽനിന്ന് വൻ തുകയാണ് സംഘം തട്ടിയെടുക്കുന്നത്.

അതിനി​ടെ, ഇവിടെ നടക്കുന്ന തട്ടിപ്പിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അനുയായികൾക്ക് ‘മാന്ത്രിക വാഴപ്പഴം’ ലേലം ചെയ്ത് ​വിൽക്കുന്നതാണ് അതിലൊന്ന്. 1000 രൂപ വിലയിട്ട ഒരു പഴം ലേലം ചെയ്ത് ഒടുവിൽ 2500 രൂപയ്ക്കാണ് ഒരാൾ വാങ്ങിയത്. തൊലി കളയാതെ തന്നെ ഉള്ളിലെ പഴം കഷ്ണങ്ങളാക്കി മുറിച്ച നിലയിലാണ് ഈ വാഴപ്പഴം. ഇത് ‘ജിന്ന്’ മുറിച്ചതാണെന്നാണ് ഇവർ അവകാശപ്പെട്ടത്. എന്നാൽ, ഇതിന്റെ രഹസ്യം സമൂഹമാധ്യമങ്ങളിൽ പലരും ചുരുളഴിച്ചു. പഴത്തിനുള്ളിലേക്ക് തയ്യൽ സൂചി കടത്തി ഇടത്തോട്ടും വലത്തോട്ടും ചലിപ്പിച്ചാൽ ഇതുപോലെ മുറിച്ചെടുക്കാൻ കഴിയും. ഇതോടെ വ്യാപക പരിഹാസമാണ് തട്ടിപ്പുസംഘത്തിനെതിരെ ഉയരുന്നത്.

മൂവാറ്റുപുഴ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായിരുന്ന ഇയാൾ പിന്നീട് പാലക്കാടും കാസർകോടും മർമചികിത്സ കേന്ദ്രം നടത്തിയിരുന്നുവത്രെ. ഇത് വിവാദമായതോടെയാണ് മലപ്പുറം ജില്ലയിലെ തിരുനാവായിൽ 'അബ്ബാസ് ജിന്ന്' എന്ന പേരിൽ വ്യാജ മന്ത്രവാദ, അത്ഭുത ചികിത്സാ തട്ടിപ്പ് തുടങ്ങിയത്. മതവിശ്വാസങ്ങളെ ചൂഷണം ചെയ്ത് ആളുകളെ പറ്റിക്കുന്നതിനെതിരെ സോഷ്യൽ മീഡിയയിലും പ്രാദേശികമായും ശക്തമായ വിമർശനങ്ങം ഉയരുന്നുണ്ട്. ജിന്ന് ചികിത്സയുടെ പേരിൽ വൻതുക ഈടാക്കുന്നതിനെതിരെയും അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെയും വിവിധ സംഘടനകളും രംഗത്തുവന്നിട്ടുണ്ട്

കാസർകോട്, കണ്ണൂർ, എറണാകുളം, പത്തനംതിട്ട തുടങ്ങിയ സ്ഥലങ്ങളിൽ നിന്നൊക്കെ ആളുകൾ വരുന്നതായി ഇവർ സമ്മതിക്കുന്നുണ്ട്. ഇത് ബിസിനസ് ആയിട്ടല്ല തങ്ങൾ നടത്തുന്നതെന്നും സർവിസ് ആണെന്നും പറയുന്ന ഫോൺ സംഭാഷണവും പ്രചരിക്കുന്നുണ്ട്. തട്ടിപ്പുസംഘത്തിനെതിരെ പൊലീസ് നിയമനടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

Tags:    
News Summary - Rs 2500 for fruit cut by Jinn! Social media exposes fraud at Thirunavaya, demand for police action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.