മഞ്ഞപ്പിത്തം, പകര്‍ച്ചവ്യാധി പ്രതിരോധം; പള്ളിക്കല്‍ പഞ്ചായത്തില്‍ മുഴുവന്‍ വാര്‍ഡുകളിലും കണ്ട്രോള് റൂം
പള്ളിക്കല്‍: മഞ്ഞപ്പിത്തവും മറ്റ് പകര്‍ച്ചവ്യാധികളും പ്രതിരോധിക്കാന്‍ പള്ളിക്കല്‍ പഞ്ചായത്തില്‍ ആക്ഷന്‍ പ്ലാന്‍. മുഴുവന്‍ വാര്‍ഡുകളിലും കണ്ട്രോള് റൂം തുറക്കാനും വാര്‍ഡ്തല ശുചിത്വ സമിതികള്‍ അടിയന്തരമായി വിളിച്ചുചേര്‍ക്കാനും ശുചിത്വ ഗ്രാമസഭ ചേരാനും ശുചിത്വ ഹര്‍ത്താല്‍ നടത്താനും പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അബ്ബാസ് വിളിച്ചുചേര്‍ത്ത സംയുക്ത യോഗം തീരുമാനിച്ചു.
ആദ്യഘട്ടമായി വ്യാഴാഴ്ച സ്കൂളുകള്‍ കേന്ദ്രീകരിച്ച് പരിശോധന തുടങ്ങും. ഇതിനൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, കച്ചവട സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ ആരോഗ്യ- സന്നദ്ധ പ്രവര്‍ത്തകരുടെയും വ്യാപാരി-വ്യവസായികളുടെയും യുവജനങ്ങളുടെയും പങ്കാളിത്തത്തില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങളും തുടരും. പൊതുഇടങ്ങളില്‍ ഉച്ചഭാഷിണിയിലൂടെ ജാഗ്രത നിര്‍ദേശങ്ങളും നല്‍കും. ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, കുടുംബശ്രീ, ആശ, ആരോഗ്യപ്രവര്‍ത്തകര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
അംഗൻവാടിതല ക്ലാസുകള്‍, പാചക തൊഴിലാളികള്‍ക്ക് പരിശീലനം, പി.ടി.എ യോഗം ചേരല്‍, സ്കൂള്‍ അസംബ്ലിയില്‍ സന്ദേശം നല്കല്, നോട്ടീസ്, പോസ്റ്റര്‍ വിതരണം, അതിഥി തൊഴിലാളികള്‍ക്ക് ഓണേഴ്സ് മീറ്റിങ്, വ്യാപാരി പ്രതിനിധി യോഗം, രാത്രികാല പരിശോധന എന്നിവയും നടത്തും. പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അബ്ബാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ ഏകോപന യോഗത്തില്‍ വൈസ് പ്രസിഡന്റ് വിമല കണ്ടാംപറ്റ, സ്ഥിരം സമിതി അധ്യക്ഷരായ സുഹൈബ് അമ്പലഞ്ചേരി, പി.സി. അബ്ദുൽ ത്തീഫ്, സുഹറ പാഴേരി, മെഡിക്കല്‍ ഓഫിസര്‍ ഡോ. എസ്. സന്തോഷ്, പഞ്ചായത്തംഗങ്ങള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആരാധനാലയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കേസുകള്‍ കൂടാതിരിക്കാന്‍ ജാഗ്രത വേണം
പള്ളിക്കല്‍: പഞ്ചായത്ത് പരിധിയില്‍ നിലവില്‍ 23 പേര് മാത്രമാണ് മഞ്ഞപ്പിത്ത ബാധിതരെന്നും കേസുകള്‍ കൂടാതിരിക്കാന്‍ ഓരോരുത്തരും ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, കുട്ടികള്‍ക്ക് വെള്ളം കൊടുത്തക്കുക, പച്ച വെള്ളം കലർത്തി കുടിക്കാതിരിക്കുക, മാലിന്യക്കുഴിയും കുടിവെള്ള സ്രോതസ്സും തമ്മില്‍ അകലം പാലിക്കുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, കൈ കഴുകല്‍ പ്രോത്സാഹിപ്പിക്കുക, ഭക്ഷണത്തിനുമുമ്പും ശുചിമുറിയിൽ പോയതിനു ശേഷവും കൈകള്‍ സോപ്പിട്ടു കഴുകുക തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് മെഡിക്കല്‍ ഓഫിസര്‍ ഡോ. എസ്. സന്തോഷ് നിര്‍ദേശിച്ചു.
തുറന്ന് വെച്ചുള്ള ഭക്ഷ്യവസ്തുക്കളുടെ വില്പന മൂന്ന് മാസത്തേക്ക് നിരോധിച്ചതായും ആരോഗ്യ വകുപ്പും പഞ്ചായത്തും നിര്‍ദേശിക്കുന്ന രേഖകള്‍ ഇല്ലാത്തതും മലിനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ സ്ഥാപനങ്ങള്‍ മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടുമെന്നും നിയമലംഘനത്തിന് പൊതുജനാരോഗ്യ നിയമ പ്രകാരം നടപടിയെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.