പട്ടർനടക്കാവ്: തിരുനാവായ പഞ്ചായത്തിലെ 19ാം വാർഡിലെ കൈത്തക്കര കുത്തുകല്ലിൽ \പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ച ഒറ്റമുറി കുടിലിൽ അഞ്ചു വർഷമായി അന്തിയുറങ്ങുന്ന അഞ്ചംഗ നിർധന കുടുംബം നോവാകുന്നു. കൂലിത്തൊഴിലാളിയായ പരിയാരത്ത് ബഷീറും ഭാര്യയും നാല്, ആറ്, എട്ട് ക്ലാസുകളിൽ പഠിക്കുന്ന മൂന്നു കുട്ടികളുമാണ് ഇവിടെ കഴിയുന്നത്. വെപ്പും തീനും പഠിത്തവും കിടത്തവുമെല്ലാം ഇതിനകത്തു തന്നെ. കാറ്റും മഴയും വന്നാൽ കുടിൽ നിലം പൊത്തുമോ എന്ന ഭയവുമുണ്ട്.
വൈദ്യുതിയില്ലാത്തതിനാൽ ഏറെ ബുദ്ധിമുട്ടിലാണിവർ. ഓൺലൈൻ പഠനം തുടങ്ങിയപ്പോൾ കുട്ടികളുടെ പഠനത്തെക്കുറിച്ച് കുടുംബം ആശങ്കയറിയിച്ചതിനെ തുടർന്ന് പ്രദേശത്തെ സാന്ത്വനം കുത്തുകല്ല് എന്ന സംഘടനയാണ് ടി.വി വാങ്ങി നൽകിയത്. വൈദ്യുതിയില്ലാത്തതിനാൽ അടുത്ത ബന്ധുവീട്ടിലാണ് ഇത് സ്ഥാപിച്ചത്. ഇപ്പോൾ ഇവിടെ ബഷീറിെൻറ കുട്ടികൾക്കു പുറമെ സഹോദരെൻറയും സഹോദരിയുടെയും കുട്ടികളടക്കം എട്ടുപേരാണ് പഠിക്കുന്നത്.
കുടുംബത്തിന് വീടില്ലാത്ത കാര്യം ഈയടുത്താണ് അറിഞ്ഞതെന്ന് പഞ്ചായത്ത് പ്രസിഡൻറ് ഫൈസൽ എടശ്ശേരി പറഞ്ഞു. 2017ൽ റേഷൻ കാർഡ് കിട്ടിയ ഇവർക്ക് ലൈഫ് മിഷൻ സർവേ നടക്കുമ്പോൾ സ്വന്തമായി റേഷൻ കാർഡില്ലാത്തതുകൊണ്ടാവാം പട്ടികയിൽ പെടാതിരുന്നതെന്നും പി.എം.എ.വൈ പദ്ധതിയിൽ ഉൾപ്പെടുത്താമെങ്കിലും ഭിന്നശേഷിക്കാർ, വിധവകൾ എന്നിവരുടെ മുൻഗണന കഴിഞ്ഞാൽ പെട്ടെന്ന് അനുമതിയാവുന്ന കാര്യം പ്രയാസമാണെന്നും പ്രസിഡൻറ് പറഞ്ഞു.
വീട് ശരിയാകുന്നതുവരെ പഞ്ചായത്ത് ചെലവിൽ വാടക ക്വാർട്ടേഴ്സിലേക്ക് കുടുംബത്തെ മാറ്റുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് പ്രസിഡൻറ് അറിയിച്ചു. അതേസമയം ദൂരെ സ്ഥലത്തേക്ക് മാറ്റിയാൽ കുട്ടികളുടെ പഠനം മുടങ്ങുമോയെന്നും രേഖാമൂലം ഉറപ്പ് ലഭിക്കാത്ത പക്ഷം ഭരണസമിതി മാറിയാൽ തങ്ങൾക്ക് നിലവിലെ കിടപ്പാടം നഷ്ടപ്പെടുകയും തുടർന്ന് വാടക കൊടുക്കാൻ പ്രയാസം നേരിടുകയും ചെയ്യുമോ എന്നുമാണ് കുടുംബത്തിെൻറ ആശങ്ക. ഈ സാഹചര്യത്തിൽ ഏതെങ്കിലും സന്നദ്ധ സംഘടനകൾ ഇക്കാര്യത്തിൽ മുന്നിട്ടിറങ്ങിയാൽ തങ്ങൾക്ക് തുണയാകുമെന്ന പ്രതീക്ഷയിലാണ് ഇവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.