വണ്ടൂർ അമ്പലപ്പടിയിലെ വയലിൽ മൾച്ചിങ് രീതിയിൽ കൃഷിയിറക്കുന്നു
വണ്ടൂർ: വേനൽ കടുത്തതോടെ പുതിയ കാർഷിക രീതികൾ പരീക്ഷിക്കുകയാണ് മലയോര മേഖലയിലെ കർഷകർ. ദിനേന വർധിക്കുന്ന ചൂടും കുറയുന്ന ജലലഭ്യതയും കാരണം മൾച്ചിങ് കൃഷിരീതിയിൽ ഒരു കൈ നോക്കുകയാണ് വണ്ടൂർ അമ്പലപ്പടിയിലെ കർഷകനായ മുരിങ്ങത്ത് ഹരിഹരൻ. പാട്ടത്തിനെടുത്ത ഒരു ഹെക്ടർ കൃഷിയിടത്തിലാണ് ഇത്തവണ പുതിയ രീതിയിൽ തണ്ണിമത്തനും വെള്ളരിയും അടക്കം പരീക്ഷിക്കുന്നത്.
വേനലിന്റെ തുടക്കത്തിലുള്ള കനത്ത ചൂട് കാരണം ജലാശയങ്ങളെല്ലാം വരൾച്ചയുടെ പിടിയിലാണ്. ഈ ആശങ്കകൾക്കിടയിലാണ് ഗുണ്ടൽപേട്ടിലെ മൾച്ചിങ് കൃഷി രീതിയെ പറ്റിയുള്ള വിഡിയോ ഹരിഹരൻ യൂട്യൂബിൽ കാണുന്നത്. മണ്ണിലെ ജൈവാംശം ഒട്ടും നഷ്ടപ്പെടാതെ കളകൾ ഒഴിവാക്കി പച്ചക്കറി കൃഷി വിജയിപ്പിക്കുന്ന രീതിയാണിത്. കളയും വളം നഷ്ടവും ഒഴിവാക്കി പച്ചക്കറി കൃഷി ഒരു സീസണില്‍ മൂന്നുതവണ ചെയ്യാമെന്നതും മള്‍ച്ചിങ് കൃഷിയുടെ പ്രത്യേകതയാണ്. ഹരിഹരൻ ഗുണ്ടൽപേട്ടിൽ പോയി മൾച്ചിങ് കൃഷിയെപ്പറ്റി കൂടുതൽ അറിയുകയായിരുന്നു.
തുടർന്ന് വണ്ടൂർ കൃഷിഭവൻ പിന്തുണയോടെ അമ്പലപ്പടിയിൽ പാട്ടത്തിനെടുത്ത ഒരു ഹെക്ടറിലാണ് പരീക്ഷണ കൃഷിയിറക്കിയത്. 26,000 രൂപയാണ് ചെലവ് വന്നത്. ഇതിനു വേണ്ട ഷീറ്റുകളും പൈപ്പുകളും എല്ലാം ഗുണ്ടൽപേട്ടിൽനിന്നു തന്നെയാണ് വാങ്ങിയത്. തണ്ണിമത്തനും കണിവെള്ളരിക്കും പുറമേ കക്കരി, മത്തൻ, കുമ്പളം മുതലായവയും കൃഷിയിറക്കിയിട്ടുണ്ട്. കൃഷിയിടത്തിൽ നീളത്തിൽ വിരിച്ച ഷീറ്റുകൾക്ക് ഈർപ്പം നിലനിർത്താൻ കഴിയും. പുതിയ കൃഷി രീതി ആയതിനാൽ ഇത്തവണ മികച്ച വിളവും ഈ യുവകർഷകൻ പ്രതീക്ഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.