പെരിന്തൽമണ്ണ: കാറുമായി കൂട്ടിയിടിച്ച് തലകീഴായി മറിഞ്ഞ ഓട്ടോറിക്ഷയിൽനിന്ന് പരിക്കുകളോടെ ഇറങ്ങിയ യുവ ഡോക്ടർ പകർന്നത് സാന്ത്വന പരിചരണത്തിന്റെ ഉദാത്തമാതൃക. ഡോ. ആലിയയാണ് ഓട്ടോറിക്ഷയിലെയും കാറിലെയും യാത്രികർക്ക് പ്രാഥമിക ശുശ്രൂഷ നൽകിയത്. അങ്ങാടിപ്പുറം വൈലോങ്ങരയിൽ ചൊവ്വാഴ്ച ഉച്ചക്ക് 11നാണ് അപകടം.
കാറും ഓട്ടോയും ഇടിച്ച് ഓട്ടോറിക്ഷ കുത്തനെ മറിഞ്ഞു. സമീപത്തുതന്നെ ട്രാൻസ്ഫോർമർ ഉണ്ടായിരുന്നെങ്കിലും ഇതിൽ തട്ടാതെയാണ് ഓട്ടോ മറിഞ്ഞ് നിന്നത്. കായംകുളം പുതുപ്പള്ളി സ്വദേശി ഷാജഹാൻ (53), ഭാര്യ നിഷ (47), ഇവരുടെ മകൾ ഡോ. ആലിയ ഹൈദർഖാൻ ഷാജഹാൻ (24) എന്നിവരായിരുന്നു ഓട്ടോയിൽ. മറിഞ്ഞതോടെ അകത്ത് പെട്ട ഇവരെ ഓടിക്കൂടിയവരും മറ്റും പുറത്തെടുത്തു. അപ്പോഴും ഓട്ടോ ഡ്രൈവർ സുരേഷ് (46) കീഴായി മറിഞ്ഞ ഓട്ടോക്കുള്ളിലായിരുന്നു.ഇയാളെ പുറത്തെടുത്ത് ഡോ. ആലിയ സമീപത്തെ കടയിൽ കിടത്തി പ്രാഥമിക ശുശ്രൂഷ നൽകി. അപ്പോഴും കാറിലുണ്ടായിരുന്ന വയോധികരായ ദമ്പതികൾ അപകടത്തിന്റെ ഞെട്ടലിൽ ഇറങ്ങാനാവാതെ കാറിലായിരുന്നു. ഡോ. ആലിയതന്നെയാണ് നാട്ടുകാരുടെ സഹായത്തോടെ കാർ ഡ്രൈവറെ പുറത്തിറക്കി പ്രാഥമിക ചികിത്സ നൽകിയത്. എം.ഇ.എസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഈയിടെ പഠനം പൂർത്തിയാക്കി അവിടെ ജോലി ചെയ്യുന്ന മകളെ കാണാനാണ് മാതാപിതാക്കളെത്തിയത്. അങ്ങാടിപ്പുറം ടൗണിലേക്ക് വരുമ്പോഴായിരുന്നു അപകടം. ഓട്ടോ മറിഞ്ഞ് നിന്നത് സുരക്ഷവലയമില്ലാത്ത ട്രാൻസ്ഫോർമറിന്റെ അടുത്തായിരുന്നു. തലനാരിഴക്കാണ് വലിയ അപകടമൊഴിവായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.