കൊണ്ടോട്ടി: കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട സംഭവത്തില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് അവശനാക്കിയ കേസില്‍ രണ്ടു പേര് കൊണ്ടോട്ടി പൊലീസിന്റെ പിടിയില്‍. മൊറയൂര്‍ കുടുംബിക്കല്‍ ചെറലക്കല്‍ നബീല്‍ (30), വള്ളുവമ്പ്രം മഞ്ചേരിത്തൊടി ഇര്ഫാന് ഹബീബ് (35) എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് കിണാശ്ശേരി സ്വദേശിയായ മുഹമ്മദ് ഷാലുവിനെ (35) പുളിക്കലില്‍ നിന്ന് കാറില്‍ തട്ടിക്കൊണ്ടുപോയി മഞ്ചേരി തൃപ്പനച്ചിയിലെ ഒഴിഞ്ഞ കെട്ടിടത്തില്‍ മര്‍ദിച്ച് അവശനാക്കി ഉപേക്ഷിക്കുകയായിരുന്നു.
ഞായറാഴ്ചയായിരുന്നു സംഭവം. സ്കൂട്ടറില്‍ പോകുകയായിരുന്ന മുഹമ്മദ് ഷാലുവിനെ രാവിലെ 7.30ന് പുളിക്കലില്‍ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകുന്നത് ശ്രദ്ധയിൽപെട്ട വഴിയാത്രക്കാരന് പുളിക്കലിലെ പഞ്ചായത്ത് അംഗത്തെയും അദ്ദേഹം കൊണ്ടോട്ടി പൊലീസിലും അറിയിക്കുകയായിരുന്നു. ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ച് വെള്ള സ്വിഫ്റ്റ് കാറിലാണ് തട്ടിക്കൊണ്ടുപോയതെന്ന് തിരിച്ചറിഞ്ഞു. അന്വേഷണത്തിനൊടുവില്‍ തൃപ്പനച്ചിയില്‍ രാവിലെ 8.15 മുതല്‍ 8.30 വരെ ഈ കാര്‍ നിർത്തിയിട്ടിരുന്നെന്ന് കണ്ടെത്തി.
തൃപ്പനച്ചിയിലെത്തി പൊലീസ് നടത്തിയ പരിശോധനയിലാണ് മര്‍ദനമേറ്റ് അവശനായ മുഹമ്മദ് ഷാലുവിനെ കണ്ടെത്തിയത്. കൈകാലുകള്‍ ബന്ധിക്കുകയും വായ് മൂടിക്കെട്ടിയ നിലയിലുമായിരുന്നെന്ന് കൊണ്ടോട്ടി പൊലീസ് ഇന്‍സ്പെക്ടര്‍ പി.എം. ഷമീര്‍ പറഞ്ഞു.
ഉടൻ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചതിനാലാണ് ജീവന് രക്ഷിക്കാനായതെന്നും പൊലീസ് വ്യക്തമാക്കി. മൂന്നു വര്‍ഷം മുമ്പ് നടന്ന കള്ളക്കടത്ത് സ്വർണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് അറസ്റ്റിലായവരെ ചോദ്യംചെയ്തതില്‍നിന്ന് വ്യക്തമായി. വള്ളുവമ്പ്രം സ്വദേശിയായ ഒരാള്‍ക്കുവേണ്ടി കൊണ്ടുവന്ന സ്വർണം മറ്റൊരു കള്ളക്കടത്തുസംഘം തട്ടിയെടുക്കുകയായിരുന്നു. ഇവരുടെ സഹായിയായി പ്രവര്‍ത്തിച്ചയാളായിരുന്നു മുഹമ്മദ് ഷാലുവെന്നും ഈ വൈരാഗ്യമാണ് കാരണമെന്നുമാണ് പൊലീസിന് ലഭിച്ച വിവരം.
മൂന്നു പേര്‍ക്കുകൂടി പങ്കുണ്ടെന്നും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും അന്വേഷണ സംഘം അറിയിച്ചു. ജില്ല പൊലീസ് മേധാവി ആര്. വിശ്വനാഥിന്റെ നിര്‍ദേശപ്രകാരം കൊണ്ടോട്ടി ഡിവൈ.എസ്.പി പി.കെ. സന്തോഷ്, പൊലീസ് ഇന്‍സ്പെക്ടര്‍ പി.എം. ഷമീര്‍, എസ്.ഐ വി. ജിഷില്‍, പൊലീസ് ഓഫിസര്‍മാരായ എം. അമര്‍നാഥ്, ഋഷികേശ്, പത്മരാജന്, സുബ്രഹ്മണ്യന്, രതീഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.