പാണക്കാട്ടെ ആരോഗ്യ കേന്ദ്രത്തിലേക്ക് നഗരസഭയിലെ ഫർണിച്ചർ കൊണ്ടുപോയതിൽ വിവാദം; അനുമതി നൽകിയിട്ടില്ലെന്ന് സെക്രട്ടറി
മലപ്പുറം: പാണക്കാട് നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് നഗരസഭയിൽനിന്ന് പഴയ ഫർണിച്ചർ കൊണ്ടുപോയതിൽ വിവാദം. വാർഡ് കൗൺസിലർ കത്ത് നൽകി കൊണ്ടുപോയ സാധനങ്ങൾ സംബന്ധിച്ചാണ് വെള്ളിയാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ വിവാദം ഉയർന്നത്.
37ാം വാർഡ് പാണക്കാടിലെ കൗൺസിലർ ഇ.പി. സൽമ വിഷയം ഉന്നയിച്ചതോടെയാണ് പ്രശ്നത്തിന് തുടക്കമായത്. ആരോഗ്യ കേന്ദ്രത്തിലേക്ക് ദേശീയ ആരോഗ്യ ദൗത്യത്തിൽ പുതുതായി അനുവദിച്ച സ്പെഷൽ ഡോക്ടർക്കായി നഗരസഭയിലെ പഴയ ഫർണിച്ചറുകൾ വേണമെന്ന് കാണിച്ച് കൗൺസിലറും ആശുപത്രി അധികൃതരും കത്ത് നൽകിയിരുന്നു. ആഗസ്റ്റ് 20ന് നഗരസഭയിലെ പഴയ ഫർണിച്ചറുകൾ കൊണ്ടുപോകുകയും ചെയ്തു. എന്നാൽ, കൊണ്ടുപോകാൻ അനുമതി നൽകിട്ടിയില്ലെന്ന് കാണിച്ച് നഗരസഭ സെക്രട്ടറി കെ.പി. ഹസീന ഇവ തിരിച്ച് കൊണ്ടുവരാൻ നിർദേശം നൽകി.
ആഗസ്റ്റ് 22ന് ഇവ തിരിച്ച് നഗരസഭയിലെത്തിച്ചു. ആശുപത്രിക്കും നാടിനും ഗുണകരമാകേണ്ടത് നഷ്ടപ്പെടുത്തിയെന്ന് ആരോപിച്ച് വാർഡ് കൗൺസിലർ കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്കെതിരെ രൂക്ഷമായി ആക്ഷേപം ഉന്നയിച്ചു. മറ്റ് ഭരണകക്ഷി അംഗങ്ങളും വിഷയത്തിൽ പിന്തുണ നൽകി.
ഇതോടെ ചർച്ച മുറുകി. വിഷയത്തിൽ സെക്രട്ടറി മറുപടി നൽകി. നഗരസഭയുടെ സാധനങ്ങളുടെ പരിപാലകൻ എന്ന നിലയിൽ തന്റെ അനുമതിയില്ലാതെ സാധനങ്ങൾ കൊണ്ടുപോയതിനാലാണ് സ്ഥലത്തുനിന്ന് തിരിച്ച് കൊണ്ടുവരാൻ ആവശ്യപ്പെട്ടതെന്ന് സെക്രട്ടറി അറിയിച്ചു. ഇക്കാര്യത്തിൽ തനിക്ക് നിയമപരമായ ബാധ്യതയുണ്ടെന്നും സെക്രട്ടറി വിശദീകരിച്ചു. കൗൺസിലർ പൊതുനന്മ ലക്ഷ്യമാക്കിയാണ് പ്രവർത്തിച്ചതെന്നാണ് താൻ കരുതുന്നതെന്നും വിഷയം നിയമപരമാക്കേണ്ടതുണ്ടെങ്കിൽ ഉടൻ അടിയന്തര യോഗം ചേരാമെന്നും അധ്യക്ഷന് മുജീബ് കാടേരി വ്യക്തമാക്കി. ഇതോടെ ഇക്കാര്യം ചർച്ച ചെയ്യാനായി ആഗസ്റ്റ് 27ന് അടിയന്തര കൗൺസിൽ യോഗം ചേരും. യോഗത്തിൽ അധ്യക്ഷൻ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ പി.കെ. സക്കീർ, പി.കെ. ഹക്കീം, പ്രതിപക്ഷ നേതാവ് ഒ. സഹദേവൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.