മലപ്പുറം: വിദ്യാർഥികൾക്കുള്ള സൗജന്യ യാത്രാകാർഡ് പ്രഖ്യാപനം ഗതാഗതമന്ത്രിയുടെ ഗിമ്മിക്ക് മാത്രമാണെന്ന് ഫ്രട്ടേണിറ്റി. ഗതാഗത വകുപ്പ് മന്ത്രി മലപ്പുറത്തെയും, മലബാറിലെയും വിദ്യാർത്ഥികളുടെ യാത്രാ സൗകര്യങ്ങളെ കുറിച്ചും ഇക്കാലംവരെ അനുവദിച്ച് നൽകിയ കെ.എസ്.ആർ.ടി.സിയുടെ സേവനങ്ങളെക്കുറിച്ചും ഒരു വസ്തുതാന്വേഷണ പഠനം നടത്തുന്നത് നല്ലതായിരിക്കുമെന്ന് ഫ്രട്ടേണിറ്റി വ്യക്തമാക്കി.
കേരളമെന്നത് തിരുവിതാംകൂറും , കൊച്ചിയുമാണെന്ന ധാരണയിൽ വികസന കാര്യത്തിൽ മലബാറിനോട് കാണിച്ച ഭരണകൂടവിവേചനങ്ങളിൽ പ്രധാനപ്പെട്ടതാണ് ഗതാഗത മേഖലയിലെ അവഗണന. സംസ്ഥാനത്ത് സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ്സുകളിൽ മലബാറും തെക്കൻ കേരളവും തിരിച്ച് എത്രയാണെന്നതിന്റ ധവളപത്രം പുറത്തിറക്കാൻ തയ്യാറുണ്ടോയെന്നും ഫ്രട്ടേണിറ്റി ചോദിച്ചു.
ജനസംഖ്യാനുപാതികമായും യാത്രക്കാരുടെ എണ്ണത്തിനനുസരിച്ചും ബസ് റൂട്ടുകളും ടെർമിനലുകളും ഡിപ്പോകളും സബ്ഡിപ്പോകളും മലപ്പുറം ഉൾപ്പെടുന്ന മലബാർ ജില്ലകളിലേക്ക് ഇനിയും അനുവദിക്കപ്പെട്ടിട്ടില്ല.
കെ.എസ്.ആർ.ടി.സിയില്ലാത്ത റോഡിൽ ഇവിടെയുള്ള കുട്ടികൾ എങ്ങിനെ കയറിപോകുമെന്നതിനാണ് മന്ത്രി ആദ്യം മറുപടി പറയേണ്ടത്.
കേരളത്തിലെ തെക്കൻ ജില്ലകളിലേത്പോലെ സ്റ്റുഡൻസ് ഒൺലി ബസ്സുകൾ ജില്ലക്ക് അനുവദിച്ച് കിട്ടുന്നതിനായി ഫ്രറ്റേണിറ്റിയുടെ നേതൃത്വത്തിൽ നിരവധി ഇടപെടലുകൾ ഇതുവരെ നടത്തിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ ചെയർമാന് ഫ്രറ്റേണിറ്റി മുൻ ജില്ലാ പ്രസിഡന്റായിരുന്ന ജംഷിൽ അബൂബക്കറിന്റെ നേതൃത്വത്തിൽ നിവേദനം സമർപ്പിക്കുകയും ഉടൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
വിദ്യാഭ്യാസപരമായ തങ്ങളുടെ സ്വപ്നങ്ങളെക്കുറിച്ചും, ഭാവിയെക്കുറിച്ചും അസ്വസ്ഥരായി കൊണ്ടിരിക്കുന്ന മലബാറിലെയും മലപ്പുറത്തെയും ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ന്യായമായ അവകാശങ്ങളെ പരിഗണിക്കാതെയുള്ള ഗീർവാണ പ്രഭാഷണങ്ങളും പതിവ് പ്രഖ്യാപനങ്ങളും മന്ത്രിയുടെ പൊളിറ്റിക്കൽ ഗിമ്മിക്ക് മാത്രമാണെന്നും ഫ്രട്ടേണിറ്റി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.