നിലമ്പൂർ: ലൈഫ് ഭവനപദ്ധതി പ്രകാരം വീട് അനുവദിച്ചുകിട്ടുന്നതിന് എൻ.ഒ.സി ലഭിക്കാനായി 89കാരിയുടെ കുത്തിയിരിപ്പ് സമരം. വഴിക്കടവ് പഞ്ചായത്ത് ഓഫിസിലെ ഫ്രണ്ട് ഓഫിസിന് മുന്നിലാണ് മകൾ സ്വർണകുമാരി, ഭിന്നശേഷിക്കാരിയായ പേരമകൾ സിജിത എന്നിവരോടൊപ്പം ഉണ്ണൂലി പ്ലക്കാർഡുമേന്തി കുത്തിയിരിപ്പ് സമരം നടത്തിയത്. ഭർത്താവ് മരിച്ച ഉണ്ണൂലിയുടെ പേരിൽ ആറ് സെന്റ് സ്ഥലമുണ്ട്. ഇടിഞ്ഞ് വാസയോഗ്യമല്ലാത്ത ഓടിട്ട ഈ വീട്ടിൽ വിധവയായ മകളും ഭിന്നശേഷിക്കാരിയായ പേരക്കുട്ടിയോടൊപ്പവുമാണ് ഉണ്ണൂലി കഴിയുന്നത്.
ഭൂമിയുടെ കൈവശരേഖയും നികുതി രസീതുമുണ്ട്. എന്നാൽ, ഭൂമിക്ക് പട്ടയം ഇല്ല. പട്ടയം കൈമോശം വന്നുപോയിയെന്നാണ് ഉണ്ണൂലി പറയുന്നത്. ലൈഫ് ഭവനപദ്ധതി ഗുണഭോക്തൃപട്ടികയിൽ ഉണ്ണൂലി ഒന്നാം സ്ഥാനത്തുണ്ട്. വീട് അനുവദിച്ചുകിട്ടുന്നതിന് പഞ്ചായത്തിൽനിന്നുള്ള എൻ.ഒ.സി ലഭിക്കുന്നതിന് ഒന്നരമാസം മുമ്പ് അപേക്ഷ നൽകി. കൈവശ രേഖയും നികുതി ശീട്ടും കൂടാതെ വില്ലേജിൽനിന്നുള്ള സ്ഥിരതാമസ സർട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം ഹാജരാക്കി.
എന്നാൽ, എൻ.ഒ.സി അനുവദിക്കുന്നതിന് ഭൂമിയുടെ പട്ടയം ഹാജരാക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി ആവശ്യപ്പെട്ടു. പുതിയതായി പട്ടയം അനുവദിച്ചുകിട്ടുന്നതിന് കാലതാമസം നേരിടുമെന്നതിനാൽ എൻ.ഒ.സിക്കായി ഉണ്ണൂലി പഞ്ചായത്ത് ഓഫിസ് കയറിയിറങ്ങി. ഒടുവിൽ ബോർഡ് മിറ്റിങ്ങിൽ പട്ടയം ഇല്ലാത്ത വിവരം അറിയിക്കാമെന്നും ആർക്കും എതിർപ്പില്ലെങ്കിൽ എൻ.ഒ.സി നൽകാമെന്നും സെക്രട്ടറി അറിയിച്ചു. ബോർഡ് മീറ്റിങ് കഴിഞ്ഞിട്ടും തന്റെ കാര്യം അവതരിപ്പിച്ച് സർട്ടിഫിക്കറ്റ് അനുവദിച്ചില്ലെന്നും ആരോപിച്ചാണ് ബുധനാഴ്ച ഉണ്ണൂലി പഞ്ചായത്ത് ഓഫിസിലെത്തി കുത്തിയിരിപ്പ് സമരം തുടങ്ങിയത്.
മീറ്റിങ്ങിൽ പങ്കെടുക്കേണ്ടതിനാൽ സെക്രട്ടറി സ്ഥലത്തുണ്ടായിരുന്നില്ല. സമരം ഉച്ചവരെ നീണ്ടു. ഇതോടെ സി.പി.എം നേതാക്കളായ എം.ടി. അലി, പി.സി. നാഗൻ, സി.പി.എം പഞ്ചായത്ത് അംഗങ്ങളായ അബ്ദുൽ കരീം, തുറക്കൽ മുജീബ് എന്നിവർ വിഷയത്തിൽ ഇടപ്പെട്ടു. അസി. സെക്രട്ടറി ബിജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റജി ജോസഫ് എന്നിവരുമായി ചർച്ച നടത്തി. അടുത്ത ബോർഡ് മീറ്റിങ്ങിൽ എൻ.ഒ.സി അനുവദിക്കാമെന്ന് തീരുമാനമായി. ഉച്ചക്ക് ഒന്നരയോടെ തീരുമാനപ്രകാരം ഉണ്ണൂലി താൽക്കാലികമായി സമരം അവസാനിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.