ജില്ല പഞ്ചായത്തിൽ പെർഫോമൻസ് ഓഡിറ്റ് പരാമർശമുള്ള ഫയലുകൾ കാണാനില്ല

മലപ്പുറം: ജില്ല പഞ്ചായത്തിന്റെ 1997 മുതൽ 2000 വരെയുള്ള പെർഫോർമൻസ് ഓഡിറ്റ് പരാമർശമുള്ള ഫയലുകൾ കണ്ടെത്താൻ കഴിയാത്ത വിഷയത്തിൽ നടപടിയെടുക്കാൻ ബുധനാഴ്ച രാവിലെ നടന്ന ജില്ല പഞ്ചായത്തിന്റെ പുതിയ ഭരണസമിതിയുടെ ആദ്യ ബോർഡ് യോഗത്തിൽ തീരുമാനം. സംഭവം അന്വേഷിച്ച് കണ്ടെത്തി അടുത്ത് ചേരുന്ന ബോർഡ് യോഗത്തിലേക്ക് ഇക്കാര്യത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ബോർഡ് ജില്ല പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്ന് അധ്യക്ഷൻ പി.എ‍. ജബ്ബാർ ഹാജി അറിയിച്ചു.

സെക്രട്ടറി സമർപ്പിക്കുന്ന റിപ്പോർട്ട് പ്രകാരം തുടർനടപടി സ്വീകരിക്കാനാണ് ബോർഡ് തീരുമാനം. പെർഫോർമൻസ് ഓഡിറ്റ് പരാമർശമുള്ള ഫയലുകൾ ലഭ്യമല്ലാത്ത വിഷയത്തിൽ നടന്ന അജണ്ടയിലാണ് ബോർഡ് തീരുമാനമെടുത്തത്. 1997 ഏപ്രിൽ ഒന്ന് മുതൽ 1998 ജൂൺ 30 വരെയും 2000 ജനുവരി ഒന്ന് മുതൽ 2000 മാർച്ച് 31 വരെയുള്ള കാലയളവുകളിലെ പെർഫോമൻസ് ഓഡിറ്റ് റിപ്പോർട്ടിലെ ഇനിയും തീർപ്പാക്കാൻ ബാക്കിയുള്ള പരാമർശങ്ങൾക്ക് മറുപടി നൽകുന്നതിന് ബന്ധപ്പെട്ട ഫയലുകൾ തിരച്ചിൽ നടത്തി കണ്ടെത്തുന്നതിന് രണ്ട് ഉദ്യോഗസ്ഥർക്ക് 2025 സെപ്റ്റംബർ 22ന് ചുമതല നൽകി ഉത്തരവിട്ടിരുന്നു.

ഓഫിസിലെ രണ്ട് റെക്കോർഡ് റൂമുകളിലും ഫയലുകൾ വെക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിലും വിശദമായി പരിശോധിച്ചെങ്കിലും ബന്ധപ്പെട്ട ഫയലുകൾ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് പരിശോധനക്ക് ചുമതല നൽകിയ ഉദ്യോഗസ്ഥർ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. 1997 ഏപ്രിൽ ഒന്ന് മുതൽ 1998 ജൂൺ 30 വരെയുള്ള കാലയളവിലെ നാല് ഖണ്ഡികകളും 2000 ജനുവരി ഒന്ന് മുതൽ മാർച്ച് 31 വരെയുള്ള കാലയളവിലെ അഞ്ച് ഖണ്ഡികകളും പരിശോധിച്ച് തീർപ്പാക്കാൻ ബാക്കിയുണ്ടെന്ന് പെർഫോമൻസ് ഓഡിറ്റ് വിഭാഗം ജില്ല പഞ്ചായത്തിനെ അറിയിച്ചിട്ടുണ്ട്. കൂടാതെ 2017-18 വർഷത്തെ ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം അസിസ്റ്റന്റ് എൻജിനീയർക്കെതിരെ റവന്യു റിക്കവറി നടപടി സ്വീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.

Tags:    
News Summary - Files with performance audit references missing from district panchayat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.