മലപ്പുറം: സംസ്ഥാനത്ത് കോഴിയിറച്ചി വില 250 രൂപയും കടന്ന് കുതിക്കുന്നു. ഒരു മാസത്തിനിടെ കിലോക്ക് 70-80 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. 180 രൂപയായിരുന്ന വിലയാണ് ഒറ്റയടിക്ക് 250 രൂപ കടന്നത്. ബലി പെരുന്നാളിനോടനുബന്ധിച്ച് വില ഇനിയും വർധിക്കാനാണ് സാധ്യത. വിലയിലുണ്ടായ വർധന ഉപഭോക്താക്കളെയും ഹോട്ടൽ വ്യാപാരികളെയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പാചകവാതക വിലവർധനയും ക്ഷാമവും കാരണം പ്രതിസന്ധിയിലായ ഹോട്ടൽ വ്യവസായത്തിന് കോഴിവില വർധന ഇരുട്ടടിയായി. വിവാഹസീസണിലെ വിലവർധന കല്യാണപാർട്ടികൾ ചെലവേറിയതാക്കുന്നു. വിലക്കയറ്റം സാധാരണ കുടുംബങ്ങൾക്ക് വലിയ സാമ്പത്തികബാധ്യതയാണ് വരുത്തിവെക്കുന്നത്.
കടുത്ത ചൂട് കാരണം ഫാമുകളിലെ കോഴികളിൽ പകുതിയിലധികം ചത്തുപോയതാണ് പെട്ടെന്നുള്ള വിലവർധനക്ക് കാരണമായി പറയുന്നത്. കേരളത്തിലേക്ക് പ്രധാനമായും കോഴിയെത്തുന്നത് തമിഴ്‌നാട്ടിൽനിന്നാണ്. അവിടെ ഉൽപാദനം ഗണ്യമായി കുറഞ്ഞതും വിലവർധക്ക് കാരണമാണ്.
ഇതരസംസ്ഥാന ലോബികളാണ് സംസ്ഥാനത്തെ കോഴിവില നിശ്ചയിക്കുന്നത്. ഫാമുകളിൽ വളർത്താനായി വാങ്ങുന്ന കോഴിക്കുഞ്ഞുങ്ങളുടെ വിലയും കോഴിത്തീറ്റയുടെ വിലയും കുത്തനെ ഉയർന്നതും ഉൽപാദനച്ചെലവ് കൂട്ടി. തമിഴ്‌നാട്ടിലെ വൻകിട ഫാമുടമകൾ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില ഉയർത്തുന്നതായി ചെറുകിട വ്യാപാരികൾ പറയുന്നു. ഇടനിലക്കാരുടെ ചൂഷണമാണ് വിലവർധനക്കുള്ള മറ്റൊരു കാരണം.
പൊതുവിപണിയിൽ കോഴിയിറച്ചി വില റെക്കോഡുകൾ ഭേദിച്ച് മുന്നേറുമ്പോഴും ഇതിന്റെ നേട്ടം താഴേത്തട്ടിലുള്ള കോഴിക്കർഷകരിലേക്ക് എത്തുന്നില്ലെന്നും കോഴിത്തീറ്റയുടെ വലിയതോതിലുള്ള വിലവർധന കാരണം കോഴിഫാം മേഖല വലിയ പ്രതിസന്ധിയിലാണെന്നും കേരള പൗൾട്രി ഫാർമേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഖാദറലി വറ്റലൂർ പറഞ്ഞു.
കോഴിത്തീറ്റ കിലോക്ക് മൂന്നു രൂപയോളമാണ് അടുത്തിടെ വർധിച്ചത്. 50 കിലോയുടെ ചാക്കിന് 2220 രൂപ ഉണ്ടായിരുന്നത് 2350 രൂപയായി. ഒരു കിലോ കോഴി വളർത്താൻ 115 രൂപ വരെ ചെലവുവരുന്നുണ്ട്. കോഴിയിറച്ചിവില ഇത്രയും വർധിച്ചുനിൽക്കുന്ന സമയത്തും കോഴിക്കർഷകന് കിലോക്ക് 125 രൂപ മാത്രമേ ലഭിക്കുന്നുള്ളൂ.
ഇതിനിടെ ഈവർഷത്തെ കനത്ത ചൂട് കാരണം ഫാമുകളിലെ കോഴികളിൽ പകുതിയും ചത്തതും കനത്ത നഷ്ടം വരുത്തിവെച്ചു. ഈ മേഖലയിലെ ഇടനിലക്കാരുടെ ചൂഷണം അവസാനിപ്പിക്കുക, കോഴിത്തീറ്റ സബ്സിഡിയോടുകൂടി ലഭ്യമാക്കുക, കോഴി ഫാം ഷെഡുകൾക്ക് ഏർപ്പെടുത്തിയ അധിക നികുതി പിൻവലിക്കുക, കോഴിവളർത്തൽ കാർഷിക മേഖലയിൽ കൊണ്ടുവരുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പൗൾട്രി ഫാർമേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകുമെന്ന് ഖാദറലി വറ്റലൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.