മലപ്പുറം: പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി മലപ്പുറത്ത് വ്യാപാര മേഖലയോടുള്ള പൊലീസ് സമീപനത്തിൽ വ്യാപാരികൾക്കിടയിൽ പ്രതിഷേധം. ഡിസംബർ 31ന് പുതുവത്സര ദിനാഘോഷത്തിന്റെ സുരക്ഷ മുന്നൊരുക്കത്തിന്റെ ഭാഗമായി വ്യാപാരികളോട് നേരത്തെ കടകൾ അടക്കണമെന്ന് പലയിടത്തും പൊലീസ് നിർദ്ദേശം നൽകിയിരുന്നു. ഒരോ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലും പൊലീസ് ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ വ്യാപാരികൾക്ക് നൽകിയിരുന്നു. അരീക്കോട് പൊലീസ് ഇത്തരം നിർദ്ദേശങ്ങൾ ഉത്തരവായി തന്നെ ഇറക്കിയിരുന്നു.
ഈ ഉത്തരവിൽ ഹോട്ടലുകളും കൂൾബാറുകളും എട്ട് മണിക്ക് തന്നെ അടക്കണമെന്ന് നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ പിന്നീട് ഈ ഉത്തരവ് വ്യാപക വിമർശനങ്ങൾക്ക് വഴിവെച്ചപ്പോൾ പൊലീസ് തിരുത്തിയിരുന്നു. ചില സ്റ്റേഷൻ പരിധികളിൽ വ്യാപാര സ്ഥാപനങ്ങൾ ഒമ്പത് മണിയോടെ അടക്കണമെന്നും ചിലയിടങ്ങളിൽ 10ന് അടക്കണമെന്നും പൊലീസ് നിർദ്ദേശമുണ്ടായിരുന്നു. ഡിസംബർ 30ന് ജില്ലയിലെ എല്ലാ നഗരങ്ങളിലും പൊലീസ് രാത്രി വൈകി വ്യാപാര സ്ഥാപനങ്ങൾ തുറക്കരുതെന്ന് നിർദ്ദേശം നൽകിയിരുന്നു. പൊലീസ് മുന്നറിയിപ്പ് പ്രകാരം ജില്ലയിലെ പ്രധാന നഗരങ്ങളിലെ കടകളെല്ലാം രാത്രി പത്തോടെ തന്നെ അടച്ചിരുന്നു. രാത്രി വൈകി തുറക്കുന്ന ഭക്ഷണശാലകളടക്കം പൊലീസ് നിർദ്ദേശ പ്രകാരം രാത്രി അടച്ചിടേണ്ടി വന്നെന്ന് വ്യാപകമായി പരാതി ഉയർന്നിട്ടുണ്ട്.
മറ്റു സംസ്ഥാനങ്ങളിൽ പുതുവത്സര ആഘോഷ വേളകളിൽ രാത്രി മുഴുവൻ സമയങ്ങളും ഹോട്ടലുകളും കടകളും തുറന്നിരിക്കും. പ്രധാന മേഖലകളിലെല്ലാം പൊലീസ് സംരക്ഷണവും ഉണ്ടാവും. എന്നാൽ നമ്മുടെ നാട്ടിൽ നേരെ തിരിച്ചാണ് സംഭവിക്കുന്നതെന്നും ഇത്തരം നിയന്ത്രണങ്ങൾ ടൂറിസം മേഖലയെ അടക്കം പ്രതികൂലമായി ബാധിക്കുമെന്നും ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് ഭാരവാഹികൾ പറയുന്നു. രാത്രി വൈകി അടക്കുന്ന കടകൾ പലതും മുന്നറിയിപ്പുകൾ പ്രകാരം നേരത്തെ അടക്കേണ്ടി വന്നെന്നും ക്രമസമാധാന പ്രശ്നങ്ങൾ ഒട്ടുമില്ലാത്ത പ്രദേശങ്ങളിൽപോലും ഇത്തരം അമിത നിയന്ത്രണം നടപ്പാക്കുന്നത് അവസാനിപ്പിക്കണമെന്നും വ്യാപാരി സംഘടനകൾ ആവശ്യപ്പെട്ടു.
മലപ്പുറം: പുതുവത്സര ദിനാഘാഷ വേളകളിലും മറ്റു ആഘോഷ ദിനങ്ങളിലും പൊലീസിന്റെ ഭാഗത്തു നിന്ന് അമിതമായുള്ള നിയന്ത്രണങ്ങൾ ശരിയല്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് പി. കുഞ്ഞാവുഹാജി പറഞ്ഞു. സുരക്ഷ ക്രമീകരണങ്ങളിലെല്ലാം പൂർണമായി സഹകരിക്കുന്ന വിഭാഗമാണ് വ്യാപാരികൾ. എന്നാൽ പുതുവത്സര ആഘോഷങ്ങളുടെ സമയത്ത് ചില ഭാഗങ്ങളിൽ പൊലീസ് രാത്രി വൈകാതെ തന്നെ കടകൾ അടപ്പിക്കാൻ നിർദ്ദേശങ്ങൾ നൽകുന്നതായി പരാതികൾ ഉയർന്നിട്ടുണ്ട്. പൊതുവേ ശാന്തമായ മലപ്പുറത്തെ പല പ്രദേശങ്ങളിലും ഇത്തരം നിയന്ത്രണങ്ങൾ അനാവശ്യമാണെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ഭാരവാഹികൾ പറഞ്ഞു.
പുതുവത്സര ദിനങ്ങൾ പോലുള്ള ആഘോഷ വേളകളിൽ രാത്രി സമയങ്ങളിൽ പൊലീസ് നേരത്തെ റസ്റ്ററന്റുകൾ അടപ്പിക്കുന്നത് വ്യാപാരികൾക്കും യാത്രക്കാർക്കും വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റ്റന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ) ജില്ല പ്രസിഡന്റ് സി. അബ്ദു സമദ്.
10 മണിക്ക് ഒരു ഹോട്ടൽ അടക്കണമെന്ന് നിർദ്ദേശിക്കുമ്പോൾ ഒരു മണിക്കൂർ മുന്നേയെങ്കിലും ഷട്ടറിടാൻ വ്യാപാരികൾ നിർബന്ധിതരാവും. മറ്റു കടകളെ പോലെ പെട്ടെന്ന് അടച്ചുപോവാൻ സാധിക്കുന്നതല്ല ഭക്ഷണശാലകൾ. ഹൈവേ പരിസരങ്ങളിലുള്ള ഹോട്ടലുകളെല്ലാം കൂടുതൽ വ്യാപാരം നടക്കുന്നതും രാത്രി സമയങ്ങളിലാണ്. ആഘോഷ സമയങ്ങളിൽ ഇത്തരം നിയന്ത്രണങ്ങളിൽ റസ്റ്ററന്റുകൾക്ക് ഇളവ് നൽകാൻ അധികാരികൾ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.