മലപ്പുറം: അവധിക്കാലത്ത് ജില്ലയില്‍ മുങ്ങിമരിക്കുന്നവരുടെ എണ്ണം വൻതോതിൽ വർധിക്കുന്നു. വേനല്‍ക്കാലത്ത് ജലാശയങ്ങള്‍ വരളുമ്പോഴും മുങ്ങിമരണത്തിൽ കുറവില്ല. വേനൽ മഴയിൽ ജലാശയങ്ങൾ നിറഞ്ഞാൽ അപകടസാധ്യത ഇനിയുമേറും. ശനിയാഴ്ച മേൽമുറി പൊടിയാടിൽ ക്വാറിയിൽ വീണ് എട്ടും ഒമ്പതും വയസ്സുള്ള രണ്ട് പെൺകുട്ടികൾ മരിച്ചിരുന്നു.
Drowningഊരകത്ത് സഹോദരിമാരുള്‍പ്പെടെ രണ്ടുപേര്‍ മരിച്ചതും സ്കൗട്ട് ആൻഡ് ഗൈഡ് ക്യാമ്പിനെത്തിയ രണ്ട് സ്കൂൾ വിദ്യാർഥിനികൾ നെടുങ്കയം കരിമ്പുഴയിൽ മുങ്ങിമരിച്ചതും ജില്ലയിലെ ഈ വർഷത്തെ കണ്ണീരാഴങ്ങളാണ്.
കുട്ടികളും സ്ത്രീകളും മുതിര്‍ന്നവരും പ്രായഭേദമന്യേയാണ് മുങ്ങിമരണത്തിന് ഇരയാകുന്നത്. ഇതിലേറെയും ഉല്ലാസയാത്രക്കെത്തുന്നവരും അപരിചിതമായ സ്ഥലത്തിറങ്ങി അപകടത്തിലാകുന്നവരുമാണ്. നീന്തല്‍ നന്നായറിയാവുന്നവരുടെ ആത്മവിശ്വാസക്കൂടുതലും ചിലപ്പോള്‍ വിനയാകാറുണ്ട്. കൂടെയുള്ളവര്‍ മുങ്ങുമ്പോള്‍ സഹായിക്കാന്‍ ശ്രമിച്ച് ജീവന് നഷ്ടപ്പെട്ടവരുമുണ്ട്.
നാട്ടിന്‍പുറത്തെ ചെറിയ ജലാശയങ്ങളില്‍ നീന്തൽ പഠിച്ച് വലിയ കുളങ്ങളിലും പുഴകളിലുമെത്തി അപകടം സംഭവിക്കുന്നവരും കുറവല്ല. സാമൂഹിക മാധ്യമങ്ങളിൽ പകർത്താനും മറ്റും വെള്ളത്തിലിറങ്ങി അഭ്യാസം കാട്ടുന്നതും ജലാശയങ്ങളിലെ ഫോട്ടോഷൂട്ട്, മദ്യപിച്ച് വെള്ളത്തിലിറങ്ങല്‍ തുടങ്ങിയവയും ജീവന് അപഹരിക്കുന്നതിന് വഴിവെക്കുന്നുണ്ട്. ജല ദുരന്തങ്ങളെ കുറിച്ചുള്ള ബോധത്കരണ അഭാവവും ദുരന്തങ്ങൾക്ക് വഴിയൊരുക്കുന്നു.
മുങ്ങിമരണത്തിന്റെ എണ്ണം കൂടിയപ്പോള്‍ കുട്ടികളിലും രക്ഷിതാക്കളിലും ജലസുരക്ഷ അവബോധമുണ്ടാക്കാന്‍ മലപ്പുറം ഫയർ ആൻഡ് റസ്ക്യു സർവീസസും ജില്ല സിവിൽ ഡിഫൻസും രംഗത്തുണ്ട്. സ്കൂൾ വിദ്യാർഥികളെ നീന്തൽ പഠിപ്പിക്കാനും ജലാശയ അപകടങ്ങൾ ഒഴിവാക്കാനുമുള്ള ബോധവത്കരണ പരിപാടികൾ വ്യാപിപ്പിക്കാനും ‘മിടിപ്പ്’ എന്ന പേരിൽ കഴിഞ്ഞ ശിശുദിനത്തിൽ ആരംഭിച്ച കർമ പദ്ധതിയുടെ ആദ്യഘട്ടം ഒരു വർഷം നീളുന്നതാണ്. പദ്ധതിയിലൂടെ ഇതിനകം ആയിരത്തിലധികം കുട്ടികള്‍ പരിശീലിച്ചു.
ജില്ലയിലാകെ 101 പരിശീലകരും അതത് അഗ്നിരക്ഷസേന സ്റ്റേഷനിലെ ഉദ്യോഗസ്ഥരുമാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ജില്ലയില്‍ കഴിഞ്ഞവര്‍ഷം മാത്രം മുങ്ങിമരിച്ചത് 127 പേരാണ്. പൊലീസില്‍ നിന്നുള്ള കണക്ക് പ്രകാരമാണിത്. 2021 ജനുവരി മുതല്‍ 2023 ഡിസംബര്‍ വരെ 375 പേരും മുങ്ങിമരിച്ചു. ഇതില്‍ കൂടുതല്‍ പേരും കുട്ടികളാണ്. തിരൂര്‍, തിരൂരങ്ങാടി, പെരിന്തല്‍മണ്ണ, പൊന്നാനി പൊലീസ് സ്റ്റേഷനുകളിലാണ് കൂടുതല്‍ മുങ്ങിമരണം റിപ്പോര്‍ട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.