മലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിയിട്ടും, പരിഹരിക്കപ്പെടാതെ കോൺഗ്രസിലെ തർക്കങ്ങൾ. ലീഗും കോൺഗ്രസും തമ്മിൽ ചിലയിടങ്ങളിൽ നിലനിൽക്കുന്ന പ്രശ്നങ്ങളും നേതൃത്വത്തിന് തലവേദനയാകുന്നു. കോൺഗ്രസും ലീഗും തമ്മിലുള്ള പ്രദേശിക തർക്കങ്ങൾ പറഞ്ഞുതീർക്കാൻ ഇരുപാർട്ടികളും ശ്രമം തുടരുന്നതിടെയാണ് കോൺഗ്രസിനുള്ളിലെ ഗ്രൂപ്പിസം കീറാമുട്ടിയാകുന്നത്.
പൊൻമുണ്ടം, ചെറിയമുണ്ടം പഞ്ചായത്തുകളിലെ ലീഗ്-കോൺഗ്രസ് തർക്കം ജില്ല നേതാക്കൾ ഇടപെട്ട് കഴിഞ്ഞ ദിവസം പറഞ്ഞുതീർത്തു. ഇതിനിടെ, കൊണ്ടോട്ടി നഗരസഭ അധ്യക്ഷ പദവി പങ്കുവെക്കുന്നത് സംബന്ധിച്ച് തർക്കം പൊട്ടിത്തെറിയുടെ വക്കിലെത്തി.
അധ്യക്ഷപദവി ലീഗ് ഒഴിയാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് വൈസ് ചെയർമാനും സ്ഥിരസമിതി അധ്യക്ഷനും ഡി.സി.സി പ്രസിഡന്റിന് രാജിക്കത്ത് നൽകി. മുൻ ധാരണപ്രകാരം ചെയർപേഴ്സൻ സ്ഥാനം ഒഴിയണമെന്ന ആവശ്യം ഡി.സി.സി നേതൃത്വം ലീഗിന് മുമ്പാകെ വെച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഇരുപാർട്ടികളുടെയും ജില്ല നേതാക്കളുടെ സാന്നിധ്യത്തിൽ ചർച്ച നടക്കും.
ഭാരവാഹി തർക്കത്തിൽ ഉടക്കി നിൽക്കുന്ന ഗ്രൂപ്പുകളാണ് കോൺഗ്രസിന് കൂടുതൽ തലവേദനയാകുന്നത്. കെ.പി.സി.സി നിർദേശപ്രകാരം നടന്ന ഒത്തുതീർപ്പ് ചർച്ചയിൽ ‘എ’ ഗ്രൂപ്പിന് ആറ് മണ്ഡലം പ്രസിഡന്റ് സ്ഥാനങ്ങൾ നൽകിയെങ്കിലും തൃപ്തരായിട്ടില്ല. പാണ്ടിക്കാട് കോൺഗ്രസിലെ തർക്കം യു.ഡി.എഫിന് തന്നെ തലവേദനയായി.
ആര്യാടൻ ഫൗണ്ടേഷന്റെ പേരിൽ ‘എ’ വിഭാഗം പാണ്ടിക്കാട്ട് സംഘടിപ്പിച്ച യോഗത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു. ‘എ’ ഗ്രൂപ്പുമായുള്ള ഒത്തുതീർപ്പ് പ്രകാരം എടപ്പറ്റ മണ്ഡലം കോൺഗ്രസ് പ്രസിഡന്റിനെ മാറ്റിയതിൽ പ്രതിഷേധിച്ച് ഏതാനും ഭാരവാഹികൾ ഡി.സി.സിക്ക് രാജിക്കത്ത് നൽകിയതും വൻ പ്രതിസന്ധിയായി.
കോൺഗ്രസിലെ വിഭാഗീയത മൂലം പലേടത്തും പാർട്ടി പ്രവർത്തകർ നിർജീവമാണെന്ന പരാതി ലീഗിനുണ്ട്. അതേസമയം, പ്രാദേശിക തർക്കങ്ങൾ പരിഹരിക്കുകയാണെന്ന് യു.ഡി.എഫ് ചെയർമാൻ പി.ടി. അജയ്മോഹൻ അറിയിച്ചു. കൊണ്ടോട്ടിയിലെ തർക്കം ഉടൻ തീർക്കുമെന്നും മറ്റെവിടെയും പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് ബൂത്ത് പ്രസിഡന്റിനും ഏജന്റിനുമുള്ള േബ്ലാക്ക്തല പരിശീലനം നടക്കുകയാണെന്നും തെരഞ്ഞെടുപ്പിന് ഉടൻ സജ്ജമാകുമെന്നും ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.