ജില്ല ശാസ്ത്രോത്സവം ഓവറോൾ കിരീടം നേടിയ കൊണ്ടോട്ടി ഉപജില്ലക്കുവേണ്ടി അധ്യാപകർ കമ്മിറ്റി കൺവീനർ ഇ.പി. അലി അഷ്കറിൽനിന്ന് ട്രോഫി ഏറ്റുവാങ്ങുന്നു
ആലത്തിയൂർ: 34ാമത് ജില്ല ശാസ്ത്രോത്സവത്തിന് ആലത്തിയൂർ കെ.എം.എച്ച്.എസ് സ്കൂളിൽ ഉജ്ജ്വല സമാപനം. നാല് ദിവസങ്ങളിലായി നടന്ന ശാസ്ത്രോത്സവത്തിൽ 1144 പോയന്റുമായി കൊണ്ടോട്ടി ഉപജില്ല ഓവറോൾ കിരീടം ചൂടി. 1108 പോയന്റുമായി മഞ്ചേരി ഉപജില്ല രണ്ടാം സ്ഥാനക്കാരായി. മികച്ച സ്കൂളിൽ മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ്.എസ് 299 പോയന്റുമായി ഒന്നാം സ്ഥാനത്തും 291 പോയന്റോടെ കൊട്ടുക്കര പി.പി.എം.എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
പ്രവൃത്തി പരിചയ മേളയിൽ 614 പോയന്റോടെ കൊണ്ടോട്ടി മികച്ച ഉപജില്ലയിൽ ഒന്നാം സ്ഥാനത്തെത്തി. 611 പോയന്റുമായി മഞ്ചേരിയാണ് മികച്ച ഉപജില്ലയിൽ രണ്ടാമത്. മികച്ച സ്കൂളിൽ 165 പോയന്റോടെ മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ്.എസ് ഒന്നാം സ്ഥാനത്തും പൂക്കൊളത്തൂർ സി.എച്ച്.എം.എച്ച്.എസ്.എസ് 154 പോയന്റുമായി രണ്ടാം സ്ഥാനവും നേടി. ഐ.ടി മേളയിൽ വണ്ടൂരാണ് മികച്ച ഉപ ജില്ല -92 പോയന്റ്. 81 പോയന്റോടെ തിരൂർ ഉപ ജില്ല ഐ.ടി മേളയിൽ രണ്ടാം സ്ഥാനത്തെത്തി. ഐ.ടി മേളയിൽ 54 പോയന്റോടെ അടക്കാകുണ്ട് സി.എച്ച്.എസ്.എസ് മികച്ച സ്കൂളിൽ ഒന്നാമതെത്തിയപ്പോൾ 30 പോയന്റുമായി ചെറുകുളമ്പ് ഐ.കെ.ടി.എച്ച്.എസ്.എസ് രണ്ടാമതെത്തി.
ആലത്തിയൂർ: നൂതന കാലത്ത് ശാസ്ത്രമേളകൾ സ്കൂളുകളിലെ പഠനപ്രക്രിയയുടെതന്നെ ഭാഗമാക്കി കൊണ്ടുവരണമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രികൂടിയായ ഇ.ടി. ഹമ്മദ് ബഷീർ എം.പി പറഞ്ഞു. ജില്ല ശാസ്ത്രമേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ല ശാസ്ത്രോത്സവ സമാപന സമ്മേളനം ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യുന്നു
വി.കെ.എം. ഷാഫി അധ്യക്ഷത വഹിച്ചു. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി. രമേഷ് കുമാർ, ജില്ല പഞ്ചായത്ത് അംഗം ഫൈസൽ എടശ്ശേരി, വി.പി. ഹംസ, ടി.വി. ലൈല, ഇബ്രാഹിം ചേന്നര, കെ.ടി.റാഫി, വി. നന്ദൻ, നിർമല കുട്ടികൃഷ്ണൻ, കെ.എം. സുരേഷ്, റഹീന ഖിളർ, ടി.എൻ. ഷാജി, എൻ. അബ്ദുൽഗഫൂർ, സി. സോണിയ, പി.കെ. അബ്ദുൽ ജബ്ബാർ, വി. അബ്ദു സിയാദ്, കെ.വി. ബഷീർ, ബിജോയ് തോമസ്, എലൈന വിൻസലറ്റ്, മേളയുടെ സബ് കമ്മിറ്റി ചെയർമാൻമാർ, കൺവീനർമാർ എന്നിവർ സംസാരിച്ചു.
ആലത്തിയൂർ: പാഴ്വസ്തുക്കൾ ഉപയോഗിച്ച് ഈ കുട്ടിശാസ്ത്രജ്ഞർ നിർമിക്കുന്നത് കണ്ട് ഒന്ന് ആശ്ചര്യപ്പെടാത്തവർ കുറവാണ്. മൈക്രോസ്കോപ്, ഗ്ലോബ്, മെമന്റോ, ക്ലോക്ക്, ഫ്ലവർപോട്ട്, ഫാൻ, കീ ഹോൾഡർ, വാട്ടർ ഡിസ്പെൻസർ, നിലവിളക്ക് തുടങ്ങിയവയെല്ലാം പാഴ്വസ്തുക്കൾകൊണ്ടുള്ള കലാവിരുതിൽ നിർമിച്ചെടുത്തതാണ്. പ്ലാസ്റ്റിക് കുപ്പി, പ്ലാസ്റ്റിക് ബാൾ, ഹാർഡ്ബോർഡ്, ഗ്ലാസ്, പെയിന്റ്, തേങ്ങയുടെ ചിരട്ട, പേപ്പർ, സാൻഡ് പേപ്പർ, ഗ്രിൽറ്റ് പേപ്പർ, ക്ലോക്ക് മെക്കാനിസം, ബിരിയാണി പാർസൽ പെട്ടി, ത്രെഡിന്റെ കവർ, മോട്ടോർ, തുണി തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ചാണ് ഏവർക്കും പ്രയോജനകരമാകുന്ന തരത്തിലുള്ള വസ്തുക്കൾ നിർമിക്കുന്നത്.
കോട്ടുക്കര 10ാം ക്ലാസ് വിദ്യാർഥി ഒ.കെ. ഷാമിൽ, തേഞ്ഞിപ്പാലം ജി.എം.എച്ച്.എസ്.എസ്.സി.യു 10ാം ക്ലാസ് വിദ്യാർഥി പി. അനഘ എന്നിവരുടെ പാഴ്വസ്തുക്കൾകൊണ്ടുള്ള കലാവിരുത് ശ്രദ്ധേയമായിരുന്നു.
പാഴ്വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ച സാധനങ്ങളുമായി ഒ.കെ. ഷാമിൽ
ആലത്തിയൂർ: മരപ്പണിയിൽ വിസ്മയം തീർക്കാൻ ഇപ്രാവശ്യം പെൺകുട്ടികളും ഒട്ടും പിന്നിലല്ലായിരുന്നു. പ്രവൃത്തിപരിചയമേളയിലെ വുഡ് വർക്ക്സ് വിഭാഗത്തിൽ ആൺകുട്ടികളോട് പൊരുതാൻ പെൺകുട്ടികളും സജീവ സാന്നിധ്യമറിയിച്ചത് ശ്രദ്ധയമായി. ഹൈസ്കൂൾ വിഭാഗത്തിൽ പൊന്നാനി വിജയമാതാ ഇ.എം.എച്ച്.എസ്.എസിലെ എയ്ഞ്ചൽ മരിയ രണ്ട് മണിക്കൂറിനുള്ളിൽ രണ്ട് ഫർണിച്ചറുകളാണ് നിർമിച്ചത്. ഒരു ടീപോയ് മേശയും ഒരു കസേരയുമാണ് എയ്ഞ്ചൽ അതിവേഗം പണിതീർത്തത്.
വുഡ് വർക്ക്സ് വിഭാഗം മത്സരത്തിലേർപ്പെട്ട എയ്ഞ്ചൽ മരിയ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.