കരുളായി: കോൺഗ്രസ് മണ്ഡലം പ്രസിഡന്റായി ടി. സുരേഷ് ബാബുവിനെ വീണ്ടും നിയമിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസിലെ ഒരുവിഭാഗം പ്രവർത്തകർ രഹസ്യയോഗം ചേർന്നു. നിലവിൽ മണ്ഡലം പ്രസിഡന്റും പഞ്ചായത്ത് വൈസ് പ്രസിഡന്റുമാണ് ടി. സുരേഷ് ബാബു. എന്നാൽ, യു.ഡി.എഫ് ഭരിക്കുന്ന കരുളായി പഞ്ചായത്തിൽ ലീഗാണ് പ്രസിഡന്റ് ഭരണം നടത്തുന്നത്.
ധാരണപ്രകാരം രണ്ടര വർഷം കഴിഞ്ഞാൽ പ്രസിഡന്റ്സ്ഥാനം കോൺഗ്രസിന് നൽകേണ്ടതായിരുന്നു. എന്നാൽ, അധികാര പദവി കൈമാറ്റം നടത്തിയാൽ വനിത സംവരണമായ പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം ലഭിച്ചാൽ തന്റെ വൈസ് പ്രസിഡന്റ്സ്ഥാനം നഷ്ടപ്പെടുമെന്നതു കൊണ്ടാണ് മണ്ഡലം പ്രസിഡന്റുകൂടിയായ ടി. സുരേഷ് ബാബു അധികാര പദവി കൈമാറാൻ ശ്രമിക്കാത്തതെന്നാണ് കോൺഗ്രസിലെ വിഭാഗം പ്രവർത്തകരുടെ ആക്ഷേപം.
ആദ്യം ആര്യാടൻ പക്ഷത്തായിരുന്നു സുരേഷ് പിന്നീട് എ.പി. അനിൽകുമാർ പക്ഷത്തേക്ക് മാറുകയായിരുന്നു. കോൺഗ്രസ് ഓഫിസിന്റെ സ്വന്തം കെട്ടിടത്തിൽനിന്ന് മാസവാടക ഇനത്തിൽ ലഭിക്കുന്ന 10,000 രൂപ വാടക സ്വന്തം അക്കൗണ്ടിലേക്ക് അദ്ദേഹം മാറ്റുന്നതുമായി ബന്ധപ്പെട്ട് ജില്ല കോൺഗ്രസ് കമ്മിറ്റിയിൽ പരാതി നൽകിയെങ്കിലും പരിഹാരം ഉണ്ടായില്ലെന്ന ആക്ഷേപവും പ്രവർത്തകർക്കുണ്ട്. തുടർച്ചയായി ഒരാൾക്ക് പ്രസിഡന്റ് സ്ഥാനം നൽകുന്നതിൽ പ്രതിഷേധവും ഇരട്ട പദവി നൽകുന്നതിലും പ്രതിഷേധിച്ചാണ് യോഗം സംഘടിപ്പിച്ചത്.
കെ.എസ്.യു മുൻ ജില്ല ജനറൽ സെക്രട്ടറി അനീഷ് കരുളായി, മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ ഷീബ പൂഴിക്കുത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി വർഗീസ്, മുൻ മണ്ഡലം പ്രസിഡന്റ് വി.പി. സൂര്യ നാരായണൻ, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് വീരാൻകുട്ടി അബാളി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജേഷ് പൂക്കോട്ടിൽ, ദലിത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിനീഷ് നിലമ്പതി, യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് ഷംസീർ കല്ലിങ്ങൽ, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ലിസി ജോസ്, മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റും സർവിസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റുമായ കെ. വിജയ രാജൻ, വാർഡ് കോൺഗ്രസ് പ്രസിഡന്റുമാരായ ഹുസൈൻ പനോളി, അസ്കർ മാധാർ, വി.പി. ജമാൽ, രാജഗോപാലൻ, കെ.അജയ് ദാസ്, മഹിള കോൺഗ്രസ് വൈസ് പ്രസിഡന്റ് ഫെബിന തുടങ്ങിയവർ പങ്കെടുത്തു.
കരുവാരകുണ്ട്: കൂടിയാലോചനയോ ചർച്ചയോ ഇല്ലാതെ വാട്സ്ആപ് വഴി നിയമിച്ച കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ അംഗീകരിക്കില്ലെന്ന് യൂത്ത് കോൺഗ്രസ്. തിങ്കളാഴ്ച രാത്രി ചേർന്ന യൂത്ത് കോൺഗ്രസ് മണ്ഡലം, ബ്ലോക്ക് ഭാരവാഹികളുടെ യോഗത്തിൽ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് എന്നിവർക്കെതിരെ കടുത്ത പ്രതിഷേധവുമുയർന്നു. പാർട്ടിയിൽ വർഷങ്ങളായി കൂടിയാലോചനയില്ല.
സഹകരണ ബാങ്ക് ഡയറക്ടർ ബോർഡിലേക്ക് അംഗങ്ങളെ തെരഞ്ഞെടുത്തത് മണ്ഡലം ഭാരവാഹികൾ പോലും അറിയാതെ. കഴിഞ്ഞദിവസം ചേർന്ന യോഗത്തിൽ ഇത് പലരും ചോദ്യം ചെയ്തിരുന്നു. അതിനിടെയാണ് പുതിയ മണ്ഡലം പ്രസിഡന്റും വന്നത്. ഈ വിവരം വാട്സ്ആപ് ഗ്രൂപ് വഴിയാണ് പലരും അറിഞ്ഞത്. ഇക്കാര്യത്തിൽ നേതൃത്വം പുനഃപരിശോധന നടത്തിയില്ലെങ്കിൽ യൂത്ത് കോൺഗ്രസ് പരസ്യ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നും യോഗം മുന്നറിയിപ്പ് നൽകി. മണ്ഡലം പ്രസിഡന്റ് ഇ. വൈശാഖ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.
താനൂർ: പുതിയ മണ്ഡലം പ്രസിഡന്റിനെ തെരഞ്ഞെടുത്തതിനെ ചൊല്ലി നിറമരുതൂരിൽ കോൺഗ്രസിൽ പൊട്ടിത്തെറി. കമ്മുട്ടകത്ത് അബ്ദുറസാഖിനെ ഏകപക്ഷീയമായി പ്രസിഡന്റാക്കിയെന്ന് ആരോപിച്ച് ഒരുവിഭാഗം പ്രവർത്തകർ പ്രതിഷേധത്തിലാണ്. പ്രായാധിക്യമടക്കമുള്ള കാരണങ്ങളാണ് ഇദ്ദേഹത്തിനെതിരെ ഇവർ ചൂണ്ടിക്കാണിക്കുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ കോൺഗ്രസ് അംഗം സജിമോൾ കാവീട്ടിൽ, പഞ്ചായത്ത് അംഗവും മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ ടി.വി. സാജിറ, മണ്ഡലം നേതാവ് സി.പി. മനീഷ് എന്നിവർ രാജി സന്നദ്ധത അറിയിച്ച് നേതൃത്വത്തിന് കത്തെഴുതി.
തിരൂർ: തിരൂർ മണ്ഡലം കോൺഗ്രസിൽ ഏതാനും മാസങ്ങളായി തുടരുന്ന ചേരിത്തിരിവ് ഈയടുത്ത് മറനീക്കി പുറത്തായിരുന്നു. കഴിഞ്ഞ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ വിമതനായി മത്സരിച്ച് ജയിച്ച സതീശൻ മാവുംകുന്നിനെ പാർട്ടിയിൽ തിരിച്ചെടുക്കുന്നത് സംബന്ധിച്ചുള്ള തർക്കം മണ്ഡലം കോൺഗ്രസിൽ നിലനിൽക്കുന്നതിനിടെയാണ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പക്ഷക്കാരനായ വിജയൻ ചെമ്പഞ്ചേരി പുതിയ മണ്ഡലം പ്രസിഡന്റായുള്ള പട്ടിക പുറത്ത് വന്നിരിക്കുന്നത്.
വിജയൻ ചെമ്പഞ്ചേരിയുടെ അപ്രതീക്ഷിത കടന്നുവരവ് കൂടിയായതോടെ മണ്ഡലം കോൺഗ്രസിൽ അസ്വാരസ്യവും രൂക്ഷമായിട്ടുണ്ട്. മണ്ഡലം കോൺഗ്രസിലെ ചേരിപ്പോര് അടുത്ത ദിവസങ്ങളിൽ ശക്തമാവുമെന്നും വിലയിരുത്തുന്നുവരുണ്ട്. നേരത്തേ, ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് തിരൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ പദയാത്രയിൽനിന്ന് ഒരുവിഭാഗം കോൺഗ്രസ് പ്രവർത്തകർ വിട്ടുനിന്നിരുന്നു. വിമതനായി മത്സരിച്ചതിന് തിരൂർ നഗരസഭ കൗൺസിലറായ സതീശൻ മാവുംകുന്നിന് ഏർപ്പെടുത്തിയ സസ്പെൻഷൻ ഡി.സി.സി പ്രസിഡന്റ് പിൻവലിച്ചിരുന്നു.
എന്നാൽ ഈ നടപടി തിരൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി അംഗീകരിച്ചിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ പദയാത്രയിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. കെ.പി.സി.സിയും ഡി.സി.സിയും സതീശൻ മാവുംകുന്നിനെ പാർട്ടിയിലേക്ക് തിരിച്ചെടുത്തപ്പോൾ അതിനെതിരെ പത്ര, ദൃശ്യ മാധ്യമങ്ങളിൽ വാർത്ത കൊടുക്കുകയും ഡി.സി.സി പ്രസിഡന്റിനെ അവഹേളിക്കുന്ന തരത്തിൽ വാർത്ത നൽകിയ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റിന്റെ നടപടി യഥാർഥ പാർട്ടി പ്രവർത്തകന് ചേർന്നതല്ലെന്നും ഇത്തരം നടപടിക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് പരിപാടിയിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചതെന്ന് ഒരു വിഭാഗം നേതാക്കൾ പറയുന്നു.
പെരിന്തൽമണ്ണ: ചർച്ച ചെയ്ത് ഏകോപനമുണ്ടാക്കിയ കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരുടെ പട്ടികയിൽ അട്ടമറി നടത്തിയെന്ന് പരാതി. നടപടി ചൂണ്ടിക്കാട്ടി മുൻ കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗവും മുൻ ഡി.സി.സി സെക്രട്ടറിയുമായ കെ. രാധാകൃഷ്ണൻ കോൺഗ്രസ് പ്രവർത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രസ്താവനയിറക്കി. ഔദ്യോഗിക കത്തുകൾ ഉടൻ നൽകും.
ഉമ്മൻ ചാണ്ടി കെ.എസ്.യു പ്രസിഡൻറായ ഘട്ടത്തിൽ 1969ൽ ഇ.എം.എസ് സർക്കാരിനെതിരെ കെ.എസ്.യു നേതൃത്വം നൽകിയ തളിസമരത്തിലാണ് രംഗത്തുവന്നത്. 54 കൊല്ലങ്ങൾക്കിടയിൽ കെ.എസ്.യു യൂനിറ്റ് സെകട്ടറി മുതൽ കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി അംഗം വരെയായി പ്രവർത്തിച്ചെന്നും കുറിപ്പിലുണ്ട്. അധ്യാപക, സഹകരണ സംഘടനയിലും ദീർഘകാലം കോൺഗ്രസിനെ നയിച്ചു. പ്രാഥമിക അംഗത്വം മാത്രം നിലനിർത്തിയാണ് ചുമതലകളൊഴിയുന്നത്. അങ്ങാടിപ്പുറം സഹകരണ ബാങ്ക് പ്രസിഡന്റുകൂടിയാണ് ഇദ്ദേഹം.
ജില്ലയിലെ 110 മണ്ഡലം പ്രസിഡന്റുമാരിൽ നൂറിലും തർക്കമില്ലാതെ അനുരഞ്ജനമുണ്ടാക്കിയെന്നും പത്തെണ്ണം തർക്കത്തെത്തുടർന്ന് തീരുമാനമെടുക്കാതെ മാറ്റിവെച്ചെന്നും എന്നാൽ, ജില്ലയിൽനിന്ന് അംഗീകരിച്ചു പോയ പട്ടികയിൽ നിന്ന് 23 പേരെ വെട്ടി പുതിയ ആളുകളെ ചേർത്താണ് പട്ടിക നൽകിയതെന്നുമാണ് പരാതി.
ഒരുവിഭാഗം മണ്ഡലം കമ്മിറ്റി ഓഫിസിന്റെ പൂട്ട് പൊളിക്കാൻ ശ്രമം നടത്തി
നിലമ്പൂർ: മണ്ഡലം പ്രസിഡന്റിന്റെ നിയമനവുമായി ബന്ധപ്പെട്ട് വഴിക്കടവിൽ കോൺഗ്രസിലുണ്ടായ പൊട്ടിത്തെറിക്ക് പിന്നാലെ ഇരുവിഭാഗവും ചേരിതിരിഞ്ഞ് ഉന്തും തള്ളും ബഹളവും. തിങ്കളാഴ്ച വൈകീട്ട് ആറോടെ മണിമൂളിയിലെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫിസിന് മുന്നിലാണ് സംഘർഷം ഉണ്ടായത്. വഴിക്കടവ് പൊലീസ് എത്തി കൈയാങ്കളി ഒഴിവാക്കി.
പ്രസിഡന്റിനെ തെരഞ്ഞെടുത്തത് ഏകപക്ഷീയവും ചർച്ചയും കൂടാതെയാണെന്ന് ആരോപിച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്റും മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ റെജി ജോസഫ് കണ്ടത്തിൽ, മണ്ഡലം സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ പി.പി. ഷിയാജ്, ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ജൂഡി തോമസ്, മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി സെക്രട്ടറി ജാഫര് പുലിയോടൻ എന്നിവരുടെ നേതൃത്വത്തിൽ വഴിക്കടവ് മണ്ഡലം കോണ്ഗ്രസ് ഓഫിസില് ഞായറാഴ്ച യോഗം ചേർന്നിരുന്നു. മണ്ഡലം പ്രസിഡന്റ് നിയമനം പുനഃപരിശോധിച്ചില്ലെങ്കിൽ കോൺഗ്രസിന്റ് ആറ് പഞ്ചായത്ത് അംഗങ്ങളും രാജിവെക്കാനായിരുന്നു തീരുമാനം.
തിങ്കളാഴ്ച നേതൃത്വത്തിൽനിന്ന് അറിയിപ്പൊന്നും ലഭിക്കാത്തതിനെ തുടർന്ന് രാജി കാര്യം ഉൾപ്പെടെ ചർച്ച ചെയ്യുന്നതിന് റെജി ജോസഫിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം മണ്ഡലം ഓഫിസിലെത്തി. പുതിയതായി തെരഞ്ഞെടുക്കപ്പെട്ടവർ ബുധനാഴ്ചയാണ് നിയമിതരാവുന്നത്.
ഇതിന്റെ ഒരുക്കത്തിനായി മറുവിഭാഗവും നിയുക്ത മണ്ഡലം പ്രസിഡന്റായ സുനീർ മണൽപ്പാടം, മുൻ യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി എം.എ. മുജീബ് എന്നിവരുടെ നേതൃത്വത്തിൽ ആറ് മണിയോടെ കോൺഗ്രസ് ഓഫിസിലെത്തി. ഓഫീസ് പൂട്ടികിടന്നതിനാൽ ഇരുവിഭാഗത്തിനും ഓഫിസിൽ പ്രവേശിക്കാനായില്ല. ഇതോടെ സുനീർ പക്ഷക്കാർ പൂട്ട് പൊളിക്കാനുള്ള ശ്രമം നടത്തിയത് മറുഭാഗം തടഞ്ഞതോടെ ഉന്തും തള്ളും ബഹളത്തിലേക്കും വഴിവെച്ചു.
കുറ്റിപ്പുറം: കോൺഗ്രസിലെ എ ഗ്രൂപ്പിന് എന്നും അടിത്തറയുള്ള മണ്ഡലമാണ് കുറ്റിപ്പുറം. ആ അടിത്തറയിലാണ് കഴിഞ്ഞ ദിവസം പൂട്ട് വീണത്. 10 വർഷമായി മണ്ഡലം പ്രസിഡന്റായി തുടരുന്ന എ ഗ്രൂപ്പുകാരനായ പാറക്കൽ ബഷീറിനെ വീണ്ടും തെരഞ്ഞെടുത്തതിലാണ് സ്വന്തം ഗ്രൂപ്പിൽനിന്നുതന്നെ പടയൊരുക്കം തുടങ്ങിയത്. ഇത്തവണ എ ഗ്രൂപ്പിലെതന്നെ അഹമ്മദ്കുട്ടി ചെമ്പിക്കലിനെ മണ്ഡലം പ്രസിഡന്റ് ആക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു.
അഹമ്മദ്കുട്ടിയുടെ ഭാര്യ ഫസീന അഹമ്മദ്കുട്ടി ആറ് മാസത്തിനകം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചതും ഇത്തരമൊരു മുൻ ധാരണയുടെ പുറത്തായിരുന്നു. എന്നാൽ, എ ഗ്രൂപ്പിലെ മുതിർന്ന നേതാവായ ഡി.സി.സി സെക്രട്ടറി ഉമ്മർ ഗുരുക്കൾ, മുൻ ബ്ലോക്ക് പ്രസിഡന്റ് മുജീബ് കൊളക്കാട് എന്നിവരെ അനുകൂലിക്കുന്ന വിഭാഗം പുനഃസംഘടനയിൽ പാറക്കൽ ബഷീറിനെ വീണ്ടും മണ്ഡലം പ്രസിഡന്റായി നിയമിച്ചതാണ് കടുത്ത പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്.
പ്രവർത്തകരുടെ വികാരം മാനിക്കാതെ ബഷീറിനെ നിയമിച്ച ഡി.സി.സിയുടെ നിലപാടിൽ പ്രതിഷേധിച്ച് ഡി.സി.സി സെക്രട്ടറിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പാർട്ടി ഓഫിസിൽ രാത്രി യോഗം ചേരാനിരിക്കെ പാറക്കൽ ബഷീറിനെ അനുകൂലിക്കുന്ന വിഭാഗം പുതിയ പൂട്ടിട്ട് പാർട്ടി ഓഫിസ് അടച്ചു പൂട്ടുകയായിരുന്നു.
സംഭവമറിഞ്ഞ് ഡി.സി.സി സെക്രട്ടറി ഉമ്മർ ഗുരുക്കളെ അനുകൂലിക്കുന്ന പ്രവർത്തകർ മറ്റൊരു പൂട്ട് വാങ്ങി പാർട്ടി ഓഫിസിന്റെ വാതിലിൽ ഇട്ടു. ഉമ്മർ ഗുരുക്കളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ പാർട്ടി ഓഫിസാണ് ഇരു വിഭാഗവും പുതിയ പൂട്ടുകളിട്ട് പൂട്ടിയത്. ഇതോടെ പരസ്യ പോരിലേക്ക് ഇറങ്ങിയിരിക്കുകയാണ് പ്രവർത്തകർ. ഗ്രൂപ് സമവാക്യങ്ങൾ എല്ലാം മാറിമറിഞ്ഞു അഹമ്മദ് കുട്ടിക്ക് ഐ ഗ്രൂപ്പിന്റെകൂടി പിന്തുണ ഉണ്ട്. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പ്രശ്നം രമ്യമായി പരിഹരിക്കുമെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.