നാണയങ്ങളുമായി എം.സി. അബ്ദുൽ അലി
മഞ്ചേരി: രാജ്യം 79-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ സ്വാതന്ത്ര്യ സമരത്തിൽ നെടുംതൂണുകളായി പ്രവർത്തിച്ച ധീരദേശാഭിമാനികളുടെ ഓർമകൾ നിധി പോലെ സൂക്ഷിക്കുകയാണ് ഈ അധ്യാപകൻ. പുൽപറ്റ തൃപ്പനച്ചി എ.യു.പി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകനായ എം.സി. അബ്ദുൽ അലിയുടെ കൈവശമാണ് രാജ്യം വിവിധ സമയങ്ങളിൽ പുറത്തിറക്കിയ നാണയങ്ങളും മറ്റുമുള്ളത്.
ഗാന്ധിജിയുടെ നൂറാം ജന്മദിന ഭാഗമായി പുറത്തിറക്കിയ പത്ത് രൂപ, ഒരു രൂപ, അമ്പത് പൈസ, ഇരുപത് പൈസ നാണയങ്ങളും ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ സ്മരണക്കായി ഇറക്കിയ അഞ്ച് രൂപ, ഒരു രൂപ, അമ്പത് പൈസ, പ്രഥമ പ്രസിഡന്റ് രാജേന്ദ്രപ്രസാദിന്റെ 125ാം ജന്മദിന സ്മരണക്കായി പുറത്തിറക്കിയ അഞ്ച് രൂപ, നൂറു രൂപ, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് പുറത്തിറക്കിയ രണ്ടുരൂപ, ബാലഗംഗാധരന്റെയും ടാഗോറിന്റെയും ഓർമക്കായി പുറത്തിറക്കിയ അഞ്ച് രൂപ, ദണ്ഡിയാത്ര ആലേഖനം ചെയ്ത അഞ്ച് രൂപ എന്നിവയെല്ലാം അലിയുടെ പക്കലുണ്ട്.
സർദാർ വല്ലഭായി പട്ടേലിന്റെ സ്മരണക്കായുള്ള രണ്ട് രൂപ നാണയം, ഡോ. ബി.ആർ അംബേദ്കറിന്റെ സ്മരണക്കായി നിർമിച്ച ഒരു രൂപ നാണയം, ദേശബന്ധു സി.ആർ ദാസിന്റെ ഓർമക്കായി പുറത്തിറക്കിയ രണ്ടു രൂപ നാണയം, ഗാന്ധിജി ഇന്ത്യയിലേക്ക് തിരിച്ച് വന്നതിന്റെ സ്മരണക്കായി പുറത്തിറക്കിയ നൂറു രൂപ നാണയം തുടങ്ങിയവയെല്ലാം ഇവിടെ ഭദ്രമാണ്. സ്വാതന്ത്ര്യ സമരസമയത്ത് ഗാന്ധിജിയും, നെഹ്റുവും സുഭാഷ് ചന്ദ്ര ബോസും നടത്തിയ പ്രസംഗത്തിന്റെ ഗ്രാമഫോൺ റെക്കോർഡുകൾ, സ്വാതന്ത്ര്യ സമര കാലത്തെ പത്രങ്ങൾ, തുടങ്ങിയ പൈതൃക വസ്തുക്കളും വീട്ടിലെ ശേഖരത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.