മലപ്പുറം: സീറോ പ്രോഫിറ്റ് കാൻസർ മരുന്നുകൾ ഇനി മുതൽ ജില്ലയിലെ എല്ലാ കാരുണ്യ ഫാർമസി സെന്ററുകളിലും ലഭിക്കും. ഇതുവരെ തിരൂർ ജില്ല ആശുപത്രിയിൽ മാത്രമായിരുന്നു ഈ സേവനം ലഭിച്ചിരുന്നത്. കേരളപ്പിറവി ദിനത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജ് സംസ്ഥാനതലത്തിൽ പദ്ധതി ഓൺലൈനായി ഉദ്ഘാടനം ചെയ്തതിന്റെ ഭാഗമായാണ് ജില്ലയിലും ‘കാരുണ്യ സ്പർശം’ എന്ന പേരിൽ എല്ലാ കാരുണ്യ ഫാർമസികളിലും പ്രയോജനം ലഭിക്കുന്നത്.
കേരള മെഡിക്കൽ സർവിസ് കോർപറേഷനാണ് പദ്ധതിയുടെ നേതൃത്വം. ജില്ലയിൽ ജില്ല ആശുപത്രി നിലമ്പൂർ, കമ്യൂണിറ്റി ഹെൽത്ത് സെൻറർ എടവണ്ണ, ജനറൽ ആശുപത്രി മഞ്ചേരി, താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി മലപ്പുറം, താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി തിരൂരങ്ങാടി, ജില്ല ആശുപത്രി തിരൂർ, സർക്കാർ മാതൃശിശു ആശുപത്രി പൊന്നാനി എന്നിവിടങ്ങളിലെല്ലാം ഇനിമുതൽ കാരുണ്യസ്പർശം കൗണ്ടറുകളിലൂടെ 90 ശതമാനം വരെ കുറഞ്ഞ വിലയിൽ ജീവൻ രക്ഷ കാൻസർ മരുന്നുകൾ ലഭ്യമാകും.
ജില്ല തലത്തിൽ മലപ്പുറം താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഡി.എം.ഒ ഇൻ ചാർജ് ഡോ. ഷിബുലാൽ, എൻ.എച്ച്.എം ജില്ല പ്രോഗ്രാം മാനേജർ ഡോ. ടി.എൻ. അനൂപ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. കെ. രാജഗോപാലൻ, ഡെപ്യൂട്ടി ജില്ല മാസ് മീഡിയ ഓഫിസർമാരായ വിൻസെന്റ് സിറിൽ, ഡി.എസ്. വിജയകുമാർ, ലേ സെക്രട്ടറി പി. ബാബുരാജ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.