ബൈപാസും റോഡ് വികസനവും: ചർച്ചക്കായി മന്ത്രി ഇന്ന് പെരിന്തൽമണ്ണയിൽ
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ, അങ്ങാടിപ്പുറം മേഖലയിൽ രൂക്ഷമായ യാത്രാ ദുരിതവും ഗതാഗതക്കുരുക്കും പരിഹരിക്കാൻ വഴി തുറക്കാനായി പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ ശനിയാഴ്ച പെരിന്തൽമണ്ണയിൽ സന്ദർശനം നടത്തും.
2010ൽ വിഭാവന ചെയ്ത് കടലാസിലുറങ്ങുന്ന ഓരോടാംപാലം- മാനത്തുംമംഗലം ബൈപ്പാസിന് യു.ഡി.എഫ് സർക്കാർ 10 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. 400 കോടിക്ക് മുകളിൽ ചെലവ് വരുമെന്ന് കണക്കാക്കുന്നുണ്ട്. പദ്ധതി സംബന്ധിച്ച് മരാമത്ത് മന്ത്രി പി.കെ. ബഷീറിന്റെ അധ്യക്ഷതയിൽ നജീബ് കാന്തപുരം എം.എൽ.എയുടെ നേതൃത്വത്തിൽ ശനിയാഴ്ച നഗരസഭ ഹാളിൽ അവലോകനം നടത്തും. ജനപ്രതിനിധികളും പങ്കെടുക്കും.
ഓരാടംപാലം-മാനത്തുമംഗലം ബൈപാസ് കാലതാമസമില്ലാതെ പൂർത്തിയാക്കുമെന്ന് യു.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ചതാണ്.
അങ്ങാടിപ്പുറം ഓരാടംപാലം മുതൽ പെരിന്തൽമണ്ണ ടൗണിലെ ബൈപ്പാസിൽ മാനത്തുമംഗലം വരെയാണ് നിലവിലെ അലൈൻമെന്റ്. 4.4 കിലോമീറ്റർ ഭാഗം വയലാണ്. വയൽ നികത്താതെ എലിവേറ്റഡ് പാതയായും ആലോചനയുണ്ട്.
നേരത്തെ തയാറാക്കിയ അലൈൻമന്റെ് അന്തിമമാക്കലാണ് ആദ്യ നടപടി. അങ്ങാടിപ്പുറം ഏഴുകണ്ണിപ്പാലത്തിന് സമീപം ബൈപ്പാസ് റെയിൽവേ ലൈൻ കടന്ന് പോവാൻ മേൽപ്പാലം വേണം.
റെയിൽവേയുടെ എസ്റ്റിമേറ്റ് പ്രകാരം നേരത്തെ പണമടച്ചതാണ്. പദ്ധതി നീണ്ടതിനാൽ പുതിയ എസ്റ്റിമേറ്റ് പ്രകാരം കൂടുതൽ തുക നൽകണം. മരാമത്ത് വകുപ്പി ന്റെ ഡിസൈൻ വിഭാഗം നിവിലെ രുപരേഖ അന്തിമമാക്കുന്നുണ്ട്. ഇത് സർക്കാർ അംഗീകരിച്ചാൽ ഭൂമി മാർക്ക് ചെയ്യാം. പിന്നീട് ഉടമകളുമായി സംസാരിച്ച് സർക്കാർ വില കണക്കാക്കണം. അതിന് പണമനുവദിക്കലാണ് അടുത്ത ഘട്ടം. ഭൂമി ഏറ്റെടുത്ത ശേഷം ടെണ്ടർ നടപടി.
ഇത്രയേറെ കാര്യങ്ങൾ കാലദൈർഘ്യമില്ലാതെ പൂർത്തിയാക്കണം. 2016ൽ ഭരണാനുമതിയായ ഓരാടംപാലം വൈലോങ്ങര ബൈപ്പാസ് മുക്കാൽ കിലോമീറ്ററാണ്. 10 വർഷമായിട്ടും ടെണ്ടർ ചെയ്യാനായിട്ടില്ല. ഇതേഗതി ഓരാടംപാലം ബൈപ്പാസിന് വരരുതെന്നുകൂടിയാണ് ജനങ്ങളുടെ ആവശ്യം.
മുടങ്ങിയ പദ്ധതികളും മന്ത്രിക്ക് മുമ്പിലേക്ക്
പെരിന്തൽമണ്ണ: പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ കാത്ത് തീരുമാനത്തിനും നടപടിക്കും മൂന്ന് പദ്ധതികൾ. ഓരാടംപാലം-മാനത്ത്മംഗലം ബൈപ്പാസ് നിർമാണമാണ് മുഖ്യം. ഇത് പ്രഖ്യാപനത്തിൽ ഒതുങ്ങരുതെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്തുണ്ട്.
2020 ൽ മരാമത്ത് വകുപ്പിൽ കെ. എസ്. ടി. പി തുടങ്ങി പാതിവഴിയിലിട്ട 138 കോടിയുടെ മേലാറ്റൂർ - പുലാമന്തോൾ റോഡ് നിർമാണം, രണ്ടു വർഷം മുമ്പ് എൽ.ഡി.എഫ് സർക്കാർ ആവശ്യമായ ഫണ്ട് അടക്കം അനുവദിച്ച് തുടങ്ങാനാവാതെ പോയ പെരിന്തൽമണ്ണ ടൗൺ ട്രാഫിക് ജങ്ഷൻ വിപുലീകരണം എന്നിവ കൂടി മന്ത്രിയുടെ മുമ്പിലെത്തും.
തൂതപ്പുഴക്ക് കുറുകെ ഏലംകുളം പഞ്ചായത്തിൽ പാലം നിർമാണം ഇതിൽ ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.