പ്രതീകാത്മക ചിത്രം
എണ്ണക്കടി നിര്‍മാണ കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന; ഒരു സ്ഥാപനം അടപ്പിച്ചു, മൂന്നെണ്ണത്തിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
മലപ്പുറം: എണ്ണക്കടികളുടെയും പലഹാരങ്ങളുടെയും ഗുണനിലവാരം ഉറപ്പുവരുത്താൻ ഭക്ഷ്യസുരക്ഷ വകുപ്പ് ജില്ലയില്‍ നടത്തിയ 'ഓപ്പറേഷന് തെളിമ - 2' മിന്നല്‍ പരിശോധനയില്‍ വ്യാപക നടപടി. അഞ്ച് സര്‍ക്കിളുകളിലായി 18 കേന്ദ്രങ്ങളിലായിരുന്നു പരിശോധന. ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച മങ്കട പഴമള്ളൂരിലെ ‘നൈനാസ് ഫുഡ്സ്’ (ചപ്പാത്തി കമ്പനി) അടപ്പിച്ചു. ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയ മലപ്പുറത്തെ ‘ചോളൂര്‍ പൈനൂര്‍ ഫുഡ് ബേക്സ്’, കോട്ടക്കലിലെ ‘ന്യൂ എസ്സാര്‍ ബേക്കറി’, മങ്കട പഴമള്ളൂരിലെ ‘റിജൂസ് പത്തിരി’ എന്നീ സ്ഥാപനങ്ങളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ആവര്‍ത്തിച്ച് ചൂടാക്കി ഉപയോഗിച്ച അഞ്ച് ലിറ്റര്‍ പഴകിയ പാചക എണ്ണ പിടിച്ചെടുത്ത് നശിപ്പിച്ചു. നിയമലംഘനം കണ്ടെത്തിയ ഏഴ് സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനുള്ള നോട്ടീസും, രണ്ട് സ്ഥാപനങ്ങള്‍ക്കെതിരെ ആര്.ഡി.ഒ കോടതിയില്‍ കേസ് ഫയല്‍ ചെയ്യാനുള്ള നടപടികളും സ്വീകരിച്ചു.
പോരായ്മകള്‍ പരിഹരിക്കുന്നതിന് ഒരു സ്ഥാപനത്തിന് റെക്റ്റിഫിക്കേഷന്‍ നോട്ടീസും രണ്ട് സ്ഥാപനങ്ങള്‍ക്ക് ഇംപ്രൂവ്മെന്റ് നോട്ടീസും നല്കി. ഏറനാട്, മഞ്ചേരി, മലപ്പുറം, മങ്കട, കോട്ടക്കല്‍ സര്‍ക്കിളുകളില്‍ ഭക്ഷ്യസുരക്ഷ ഓഫിസര്‍മാരായ വി.കെ. ഷിജോ, കെ.സി. മുഹമ്മദ് മുസ്തഫ, പി. അബ്ദുല്‍ റഷീദ്, ടി. പി. ജുബ്ന ഷെറിന്, എ.പി. അശ്വതി, കെ. ജി. രമിത, എ. ആര്. ദിവ്യ ലക്ഷ്മി, യു.എം. ദീപ്തി, ബിനു ഗോപാല്‍, ഇ. കെ. പൂര്‍ണിമ എന്നിവരുടെ നേതൃത്വത്തില്‍ അഞ്ച് സ്ക്വാഡുകളായാണ് പരിശോധന നടത്തിയത്. നടപടികള്‍ തുടരുമെന്ന് ജില്ല ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണര്‍ ബിബി മാത്യു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.