നിലമ്പൂർ: പ്രവാസി വ്യവസായിയെ വീട്ടിൽ ബന്ദിയാക്കി ആക്രമിക്കുകയും ലക്ഷങ്ങൾ കൊള്ളയടിക്കുകയും ചെയ്ത ഏഴംഗ സംഘത്തിലെ ഒരാൾ അറസ്റ്റിൽ. ബത്തേരി കൈപ്പഞ്ചേരിയിൽ താമസിക്കുന്ന തങ്ങളകത്ത് അഷ്റഫ് എന്ന മുത്തുവാണ് (47) നിലമ്പൂർ പൊലീസിന്‍റെ പിടിയിലായത്. നിലമ്പൂർ മുക്കട്ട സ്വദേശി കൈപ്പഞ്ചേരി ഷൈബിനാണ് (40) ഞായറാഴ്ച രാത്രി 7.30ഓടെ മുക്കട്ടയിലെ വീട്ടിൽ ആക്രമിക്കപ്പെട്ടത്. പിക്അപ് ജീപ്പിലും കാറിലുമായെത്തിയ സംഘം വീട്ടിൽ അതിക്രമിച്ച് കയറി കഴുത്തിൽ കത്തിവെച്ച് ബന്ദിയാക്കി ഭീഷണിപ്പെടുത്തിയും മർദിക്കുകയും ചെയ്തെന്നാണ് പരാതി.
കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന ഏഴ് ലക്ഷം രൂപയും രണ്ടരലക്ഷം രൂപ വരുന്ന നാല് മൊബൈൽ ഫോണും മൂന്ന് ലാപ്ടോപ്പുകളും കൊള്ളയടിച്ചു. ലാപ്പിലെയും ഫോണിന്‍റെയും പാസ്വേഡുകൾ ഭീഷണിപ്പെടുത്തി വാങ്ങിയ ശേഷം രാത്രി 10ഓടെയാണ് സംഘം സ്ഥലംവിട്ടത്. ലാപ്പിലെയും ഫോണിലേയും സ്വകാര്യകാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വൃക്ക മാറ്റിവെക്കലിന് വിധേയനായ ഷൈബിൻ ആക്രമണത്തിൽ തളർന്നുപോയി. വീട്ടിലെത്തിയ സുഹൃത്തുക്കളാണ് നിലമ്പൂർ ഗവ. ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചത്.
പിന്നിൽ ബിസിനസ് സഹായികൾ
ഷൈബിന്‍റെ ബിസിനസ് സഹായികളും സുഹൃത്തുക്കളിൽ ചിലരുമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. അഷ്റഫിന്‍റെ കമ്പനിയുടെ താമരശ്ശേരി സൈറ്റിലെ ജോലിയിൽനിന്ന് മാറ്റിനിർത്തിയതിലെ പകയാണ് കാരണം. പിടിയിലായ അഷറഫ്, സഹോദരൻ, സഹോദരിയുടെ മകൻ എന്നിവരും നാല് സുഹൃത്തുക്കളുമൊത്താണ് ആക്രമണം നടത്തിയതെന്നും പൊലീസ് പറഞ്ഞു.
ഷൈബിന്‍റെ തന്നെ ഉടമസ്ഥതയിലുള്ള പിക്അപ്പിലും വാടകക്കെടുത്ത മറ്റൊരു കാറിലുമായാണ് സംഘം നിലമ്പൂരിലെത്തിയത്. ഡിവൈ.എസ്.പി സജു കെ. എബ്രഹാമിന്‍റെ നിർദേശ പ്രകാരം പ്രത്യേക സംഘം രൂപവത്കരിച്ചാണ് അന്വേഷണം ആരംഭിച്ചത്.അഷറഫ് ബത്തേരിയിലെ വീട്ടിൽനിന്നാണ് പിടിയിലായത്. കൊള്ളയടിച്ച പണത്തിൽനിന്ന് അരലക്ഷം രൂപ താനെടുത്തതായും ബാക്കി തുക പ്രധാനപ്രതി നൗഷാദ് കൊണ്ടുപോയതായും ഇയാൾ മൊഴി നൽകി.
ഫോണുകളും അത്യുഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കളും ഇയാളുടെ വീട്ടിൽനിന്ന് കണ്ടെടുത്തു.സ്ഫോടകവസ്തുക്കൾ ബത്തേരി പൊലീസിന് കൈമാറി. ഇതിലും കേസെടുത്തു. ബത്തേരി ഡിവൈ.എസ്.പി ഷെരീഫിന്‍റെ നേതൃത്വത്തിൽ ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. വ‍്യാഴാഴ്ച രാത്രിയോടെ നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ അഷറഫിനെ റിമാൻഡ് ചെയ്തു. മറ്റ് പ്രതികൾക്കായി അന്വേഷണം ഉർജിതമാക്കി.
നിലമ്പൂർ ഇൻസ്പെക്ടർ പി. വിഷ്ണു, എസ്.ഐമാരായ നവീൻ ഷാജ്, എം. അസൈനാർ, എ.എസ്.ഐ അൻവർ സാദത്ത്, റനി ഫിലിപ്പ്, എൻ.പി. സുനിൽ, അഭിലാഷ് കൈപ്പിനി, ടി. നിബിൻ ദാസ്, ജിയോ ജേക്കബ്, ബാബുരാജ്, സുമിത്ര എന്നിവരാണ് കേസന്വേഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.