ബസുകളെ നഗരസഭ സ്റ്റാൻഡിൽ കയറ്റൽ വൈകും

മലപ്പുറം: മലപ്പുറത്തുകൂടെ പോകുന്ന മുഴുവൻ സ്വകാര്യ ബസുകളും നഗരസഭ മുനിസിപ്പൽ സ്റ്റാൻഡിൽ കയറിയിറങ്ങുന്നതിനായി ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി എടുത്ത തീരുമാനം നടപ്പാക്കുന്നതിന് ഭരണസമിതി ജില്ല പൊലീസ് മേധാവിയെ കാണാൻ എടുത്ത തീരുമാനം വൈകുന്നു.ബുധനാഴ്ച ചേർന്ന കൗൺസിൽ യോഗത്തിലാണ് എസ്.പിയെ കാണാൻ അധികൃതർ തീരുമാനിച്ചത്. അടുത്ത ദിവസം തന്നെ നഗരസഭാധ്യക്ഷന്റെയും അംഗങ്ങളുടെയും സാന്നിധ്യത്തിൽ എസ്.പിയെ കണ്ട് നഗരസഭയുടെ വികാരം അറിയിക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്.

എന്നാൽ തീരുമാനം ഇതുവരെ നടപ്പായിട്ടില്ല. എസ്.പിയെ കാണുന്നതിനുള്ള തീരുമാനം അടുത്ത ആഴ്ചയിലേക്ക് നീണ്ടേക്കും.നേരത്തേ നഗരസഭ എടുത്ത തീരുമാനം നടപ്പാകാത്തതിൽ ബുധനാഴ്ചത്തെ കൗൺസിൽ യോഗത്തിൽ അംഗങ്ങൾ നിരാശ അറിയിച്ചിരുന്നു. സെപ്റ്റംബർ 23ന് ചേർന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിലാണ് തീരുമാനമെടുത്തത്.

സെപ്റ്റംബർ 29 മുതൽ നടപ്പാക്കാനും നിശ്ചയിച്ചു. ഈ തീരുമാനം നടപ്പാക്കാനായില്ല. 29ന് ചേർന്ന കൗൺസിൽ യോഗം വിഷയത്തിൽ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.തുടർന്ന് നഗരസഭാധ്യക്ഷന്റെ നേതൃത്വത്തിൽ ജില്ല പൊലീസ് മേധാവിയെ നേരിട്ട് കണ്ട് വിവരം ധരിപ്പിക്കാനും നിശ്ചയിച്ചിരുന്നു. എന്നാൽ ഇത് നീണ്ടുപോയി. തീരുമാനം നടപ്പാക്കാൻ വൈകുന്നതിനെതിരെ വലിയ ആക്ഷേപം ഉയരുന്നുണ്ടെന്ന് പ്രതിപക്ഷ-ഭരണപക്ഷ അംഗങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.

കോട്ടപ്പടി നഗരസഭ സ്റ്റാൻഡിൽ വൈകീട്ട് അഞ്ചിന് ശേഷം ഭൂരിഭാഗം ബസുകളും പ്രവേശിക്കാൻ മടിക്കുകയാണ്.ദീർഘദൂര ബസുകളടക്കം സ്റ്റാൻഡിൽ കയറാത്തതിനാൽ ഒട്ടേറെ യാത്രക്കാരാണ് പ്രയാസപ്പെടുന്നത്. പരപ്പനങ്ങാടി, തിരൂർ, കോഴിക്കോട് ഭാഗങ്ങളിലേക്കു പോകുന്ന ബസുകളൊന്നും സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നില്ല. ഇവ തിരികെ മലപ്പുറത്തേക്കു വരുമ്പോൾ സ്റ്റാൻഡിൽ പ്രവേശിക്കാതെ നേരെ പൊലീസ് സ്‌റ്റേഷനു മുൻവശത്തു കൂടെ കുന്നുമ്മലിലേക്കു പോകുകയാണ് പതിവ്. ബസുകൾ സ്റ്റാൻഡിൽ കയറണമെന്ന ഹൈകോടതി വിധിയുണ്ട്. പക്ഷേ വിധി നടപ്പായിട്ടില്ല.

Tags:    
News Summary - Buses loading at the municipality stand will be delayed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.