പെരിന്തൽമണ്ണ: ഹൃദയംകൊണ്ട് കവിതയെഴുതാമെന്നും ഹൃദയം ഒരു ദേവാലയമാണെന്നുമൊക്കെ കവികൾ വർണിച്ചിട്ടുണ്ട്. ശരിക്കും നാം ഹൃദയത്തിന്റെ ‘പോളിടെക്നിക്കിനെ’ക്കുറിച്ച് അറിയാൻ ശ്രമിച്ചിട്ടുണ്ടോ? ഹൃദയത്തെക്കുറിച്ച് പഠിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇതാ ഒരു സുവർണാവസരം.
ലോക ഹൃദയദിനത്തിന്റെ സന്ദേശം പകർന്ന് ‘മാധ്യമ’വും പെരിന്തൽമണ്ണ ബി.കെ.സി.സി ഹാർട്ട് സ്പെഷാലിറ്റി ആശുപത്രിയും ചേർന്ന് ഒരുമാസം നീളുന്ന ഹൃദയാരോഗ്യ ബോധവത്കരണവും ലോക ഹൃദയദിനത്തിൽ കുടുംബങ്ങളെ അണിനിരത്തി വാക്കത്തണും നടത്തും. ഹൃദയാരോഗ്യത്തിന് പ്രാഥമികമായി വേണ്ട കാര്യങ്ങളിൽ എല്ലാ വിഭാഗം ജനങ്ങളിലും ബോധവത്കരണ സന്ദേശം എത്തിക്കും. കാമ്പയിന്റെ സമാപനത്തിൽ സെപ്റ്റംബർ 28ന് രാവിലെ ആറിന് പെരിന്തൽമണ്ണയിൽ കൂട്ടനടത്തവും സംഘടിപ്പിക്കും.
ബോധവത്കരണ കാലയളവിൽ വിവിധ പ്രായക്കാരും വിവിധ തൊഴിൽ മേഖലയിലുള്ളവരുമായവർക്ക് ഹൃദയാരോഗ്യ സംരക്ഷണത്തിൽ കൂടുതൽ ധാരണ കൈവരിക്കാൻ സാധിക്കുംവിധം സന്ദേശം എത്തിക്കും. സ്ത്രീകളും കുട്ടികളും വിദ്യാർഥികളും അണിനിരക്കുന്നതാണ് 28നുള്ള കൂട്ടനടത്തം. കാമ്പയിൻ 30ന് സമാപിക്കും. പെരിന്തൽമണ്ണയിലെ ഏക ഹാർട്ട് സ്പെഷാലിറ്റി ആശുപത്രിയാണ് സംരംഭത്തിൽ മാധ്യമത്തോടൊപ്പം.
ഹൃദയാരോഗ്യം സംബന്ധിച്ച് ബോധവത്കരണവും പുത്തൻ ചികിത്സാസംവിധാനങ്ങളും പുതിയ ജീവിതശൈലിയിൽ അവ എങ്ങനെയെല്ലാം ബന്ധപ്പെട്ടിരിക്കുന്നെന്നും കാമ്പയിൻ കാലയളവിൽ സാധാരണക്കാരിൽ എത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
ആരോഗ്യനഗരമെന്ന് സവിശേഷ നാമമുള്ള പെരിന്തൽമണ്ണയിലെ ഏക കാർഡിയാക് ആശുപത്രിയെന്ന പ്രത്യേകതയും ബി.കെ.സി.സി കാർഡിയാക് കെയർ ആൻഡ് റിസർച്ചിനുണ്ട്. കാമ്പയിൻ കാലത്ത് ബി.കെ.സി.സി കാർഡിയാക് കെയർ ആൻഡ് റിസർച്ച് സെന്ററിൽ ഹൃദയപരിശോധനയും അനുബന്ധ രക്ത പരിശോധനകളും കുറഞ്ഞ നിരക്കിൽ നടത്തും. ഹൃദയാരോഗ്യസംരക്ഷണം എങ്ങനെ ഫലപ്രദമാക്കാമെന്നും ദൈനംദിന ചിട്ടകൾ എന്തെല്ലാമെന്നും കാമ്പയിനിൽ പ്രമുഖ കാർഡിയാക് സ്പെഷലിസ്റ്റ് ഡോ. കെ.പി. ബാലകൃഷ്ണൻ പങ്കുവെക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.