മലപ്പുറം: സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി മലപ്പുറം നഗരസഭയിൽ ബയോ മൈനിങ് (മാലിന്യ ഖനനം) പദ്ധതിക്ക് തിങ്കളാഴ്ച തുടക്കമാകും. 11.40 കോടി രൂപയാണ് പദ്ധതിയിനത്തിൽ പ്രാഥമികമായി മലപ്പുറം നഗരസഭക്ക് ലഭ്യമായത്. ആദ്യഘട്ടമായി പതിറ്റാണ്ടുകളായി പ്രവർത്തനരഹിതമായി കിടന്ന കാരാത്തോട് പുളിയേറ്റുമ്മൽ ട്രഞ്ചിങ് ഗ്രൗണ്ടിൽ ബയോ മൈനിങ് പദ്ധതി നടപ്പാക്കും. മാലിന്യം ബയോമൈനിങ്ങും ബയോ റെമഡിയേഷനും നടത്തി നിലവിലുള്ള ട്രഞ്ചിങ് ഗ്രൗണ്ടിന്റെ ഭൂമി പഴയ രൂപത്തിലേക്ക് തിരിച്ചെത്തിക്കും.
നിലവിലെ ട്രഞ്ചിങ് ഗ്രൗണ്ടിൽ 4.5 ഏക്കർ ഭൂമിയിൽ 9,786 മെട്രിക്കൽ ടൺ മാലിന്യം ഉള്ളതായാണ് പഠനത്തിൽ കണ്ടെത്തിയത്. പദ്ധതി പൂർത്തിയാകുന്നതോടെ മുഴുവൻ മാലിന്യവും നീക്കി ട്രഞ്ചിങ് ഗ്രൗണ്ട് വിവിധ പദ്ധതികൾക്ക് ഉപയോഗിക്കാം.
കരാർ ഏറ്റെടുത്ത പുണെ ആസ്ഥാനമായ എസ്.എം.എസ് കമ്പനി ബയോ മൈനിങ്ങിന് വേണ്ട യന്ത്രസാമഗ്രികൾ എത്തിച്ച് ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കി. രണ്ട് ഷിഫ്റ്റുകളിലായി 24 മണിക്കൂറും മെഷീൻ പ്രവർത്തിക്കും. കുമിഞ്ഞുകൂടിയ മാലിന്യം നാലടി താഴ്ചയിലുള്ളവ വരെ കോരിയെടുത്ത് കമ്പി, മണൽ, കല്ല് എന്നിങ്ങനെ വേർതിരിക്കുന്ന ആധുനിക മെഷിനറിയാണ് ബയോ മൈനിങ്ങിന് വേണ്ടി സ്ഥാപിച്ചത്. ബയോ മൈനിങ് പ്രക്രിയ പൂർത്തിയായശേഷം ആധുനിക സൗകര്യങ്ങളോടു കൂടിയ മോഡേൺ എം.സി.എഫ് സ്ഥാപിക്കാനും ലോകബാങ്ക് സഹായം അനുവദിച്ചിട്ടുണ്ട്.
പ്രവൃത്തികളുടെ തയാറെടുപ്പുകൾ നഗരസഭാധ്യക്ഷൻ മുജീബ് കാടേരിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം വിലയിരുത്തി. തിങ്കളാഴ്ച രാവിലെ 11ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യും. പി. ഉബൈദുല്ല എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ എന്നിവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.