പെരിന്തൽമണ്ണയിൽ പുറത്തുനിന്നുള്ള ഓട്ടോറിക്ഷക്കാരുടെ സർവിസ് നിർത്തണമെന്നാവശ്യപ്പെട്ട് ഓട്ടോ തൊഴിലാളികൾ പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ
പെരിന്തൽമണ്ണ: ടൗണിൽ പെർമിറ്റില്ലാത്ത ഓട്ടോറിക്ഷകൾ ഇടക്കും തലക്കും സർവിസ് നടത്തുന്നതിനെതിരെ പൊലീസ് നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് പെരിന്തൽമണ്ണയിലെ ഓട്ടോ തൊഴിലാളികൾ കൂട്ടമായി പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിൽ. ശനിയാഴ്ച രാത്രി ഓട്ടോ ഡ്രൈവർ കാര്യവട്ടം സ്വദേശി വിനുവിനെ ജൂബിലി ജങ്ഷനു സമീപം ഓട്ടോറിക്ഷയിലിട്ട് ചിലർ മർദിച്ചതാണ് മുഖ്യകാരണം.
നേരത്തെ പെർമിറ്റില്ലാത്ത ഓട്ടോറിക്ഷകൾ സർവിസ് നടത്തുന്നതിനെതിരെ പരാതി നൽകിയതിന്റെ വിരോധമാണെന്നാണ് പറയുന്നത്.
പെരിന്തൽമണ്ണയിൽ 920 ഓട്ടോകൾ പെർമിറ്റോടെ സർവിസ് നടത്തുന്നതായാണ് തൊഴിലാളികൾ പറയുന്നത്. അങ്ങാടിപ്പുറം, താഴേക്കോട് ഭാഗങ്ങളിൽനിന്ന് യാത്രക്കാരെയുമായി എത്തി പിന്നീട് നഗരത്തിൽ സർവിസ് നടത്തുന്ന സ്ഥിതിയുണ്ടെന്നും പറയുന്നു. ഒന്നര കി.മീറ്റർ പരിധിയിലാണ് പെർമിറ്റുള്ളവർക്ക് ട്രാക്കിലിട്ട് ഓടാൻ അനുമതിയെന്നും തൊഴിലാളികൾ പറയുന്നു. ഡ്രൈവറെ മർദിച്ചതും പെർമിറ്റില്ലാത്ത വിഷയവും സ്റ്റേഷൻ ഹൗസ് ഓഫിസർ സി. അലവിയുടെ സാന്നിധ്യത്തിൽ ചർച്ച നടത്തി രമ്യതയിലെത്തി. ടൗണിൽ പെർമിറ്റില്ലാതെ സർവിസ് നടത്തുന്നത് കർശനമായി തടയുമെന്ന് തൊഴിലാളികൾക്ക് പൊലീസ് ഉറപ്പുനൽകി.
എല്ലാ സംഘടനകളെയും ഉൾപ്പെടുത്തി ഓട്ടോ കോഓഡിനേഷൻ കമ്മിറ്റി രൂപവത്കരിക്കാനുള്ള തയാറെടുപ്പിലാണ് തൊഴിലാളികൾ. അതേസമയം, ബസ് ഗതാഗതക്രമം മാറ്റിയതോടെ ടൗണിൽ എത്താനും ടൗണിൽനിന്ന് മടങ്ങാനും ബസ് സ്റ്റാൻഡിലേക്കും തുടരെ ഓട്ടോറിക്ഷ ആശ്രയിക്കേണ്ട ഗതികേടിലാണ് യാത്രക്കാർ. ഇതാണ് പുറത്തുനിന്നെത്തുന്ന ഓട്ടോറിക്ഷകൾ ഫലപ്രദമായി ഉപയോഗിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.