മലപ്പുറം: പ്ലസ് വൺ രണ്ടാംഘട്ട അലോട്ട്മെന്റിൽ 2,450 പേർ കൂടി സ്ഥിര പ്രവേശനം നേടി. ഇതോടെ ജില്ലയിൽ ആകെ 20,818 പേർ പ്ലസ് വണിന് സ്ഥിര പ്രവേശനം കരസ്ഥമാക്കി. 16,256 പേർ താൽക്കാലിക പ്രവേശനവും നേടി. ഇരു വിഭാഗത്തിലുമായി ആകെ 37,074 പേരാണ് പ്രവേശന നടപടികൾ പൂർത്തിയാക്കിയത്. സ്പോർട്സ് ക്വാട്ടയിൽ 524 പേർ സ്ഥിരമായും 483 പേർ താൽക്കാലികമായും പ്രവേശനം പൂർത്തിയാക്കി. സ്പോർട്സിൽ 275 പേർ പ്രവേശനത്തിന് ഹാജരായില്ല.
നേരത്തെ ജില്ലയിൽ രണ്ടാം ഘട്ടത്തിൽ 2,977 പേർക്കാണ് പ്രവേശനത്തിന് അവസരം ലഭിച്ചത്. നിലവിൽ രണ്ടാംഘട്ട അലോട്ട്മെന്റ് നടപടികൾ പൂർത്തിയാക്കിയപ്പോഴും സീറ്റിലാതെ 38,955 അപേക്ഷകർ പുറത്ത് നിൽക്കുകയാണ്. പ്ലസ് വണിന് ആകെ 82,498 അപേക്ഷകരിൽ 41,932 പേർ ആദ്യഘട്ടത്തിൽ സീറ്റിലാതെ പുറത്തായിരുന്നു.
കണക്കുകൾ പ്രകാരം ഇനി 17,970 സീറ്റുകൾ മാത്രമേ ബാക്കിയുള്ളു. ഇതിൽ ബാക്കിയുള്ള 38,955 പേർക്ക് പ്രവേശനത്തിന് ഉൾപ്പെടുത്തിയാലും 20,985 പേർക്ക് സീറ്റ് കിട്ടാതെ പുറത്തിരിക്കേണ്ടി വരും. മറ്റു ജില്ലകളിൽ നിന്ന് 8,096 അപേക്ഷകരുണ്ട്. ഈ എണ്ണം കുറച്ചാലും 12,889 സീറ്റുണ്ടാകില്ല. ഇതോടെ മുൻ വർഷത്തെ പോലെ ഇത്തവണയും സീറ്റ് ലഭിക്കാത്തവർ പണം മുടക്കി സമാന്തര വിദ്യാഭ്യാസ മേഖലയെയോ അൺ എയ്ഡഡ് മേഖലയെയോ ആശ്രയിക്കേണ്ടി വരും.
ഇനി ഈഴവ-തീയ്യ, ആഗ്ലോ ഇന്ത്യൻ, ക്രിസ്ത്യൻ-ഹിന്ദു ഒ.ബി.സി, എസ്.സി-എസ്.ടി, ഭിന്നശേഷി, കാഴ്ചപരിമിതർ, ധീവര, വിശ്വകർമ, കുശവൻ, കുടുംബി, സാമ്പത്തിക പിന്നാക്ക വിഭാഗം എന്നീ സംവരണ സീറ്റുകളാണ് ഒഴിവുള്ളത്. അവസരം ലഭിക്കാത്തവർ അടുത്ത അലോട്ട്മെന്റിനായി കാത്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.