പുനര്‍ഗേഹം: പൊന്നാനിയിലെ 40 കുടുംബങ്ങള്‍ക്ക് കൂടി സഹായം

പൊന്നാനി: പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊന്നാനിയില്‍ 40 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് കൂടി വീടും സ്ഥലവും. തീരദേശ വേലിയേറ്റ രേഖയില്‍നിന്ന് 50 മീറ്റര്‍ ദൂരപരിധിക്കുള്ളില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് പുനരധിവസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നതാണ്​ പദ്ധതി. മാറിതാമസിക്കുന്നതിനായി സ്ഥലം കണ്ടെത്തി ഫിഷറീസ് വകുപ്പ് അധികൃതരെ രേഖാമൂലം അറിയിച്ച മത്സ്യത്തൊഴിലാളികള്‍ക്കാണ് സ്ഥലം വാങ്ങി വീടു ​​വെക്കാന്‍ 10 ലക്ഷം രൂപ വീതം സാമ്പത്തിക സഹായം അനുവദിച്ചത്. പൊന്നാനിയിലെ അദാലത്തില്‍ പരിഗണിച്ച 40 അപേക്ഷകളും ഒന്നിച്ച് തീര്‍പ്പാക്കുകയായിരുന്നു. ഗുണഭോക്തൃ ലിസ്​റ്റില്‍ ഉള്‍പ്പെടാത്ത 110 മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ അപ്പീല്‍ പരിഗണിച്ച് അംഗീകാരവും നല്‍കി. നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കി എത്രയും വേഗം സാമ്പത്തിക സഹായം അനുവദിച്ച് ഉത്തരവാകുകയായിരുന്നു. കലക്ടര്‍ ചെയര്‍മാനായ ജില്ലതല അപ്രൂവല്‍ സമിതി പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിച്ചാണ് പുനര്‍ഗേഹം പദ്ധതി നടപ്പാക്കിയിരുന്നത്. അതിനാല്‍ ആനുകൂല്യം ലഭിക്കുന്നതിലും കാലതാമസം നേരിട്ടിരുന്നു. ഈയൊരു സാഹചര്യത്തിലാണ് മത്സ്യത്തൊഴിലാളികള്‍ അദാലത്തില്‍ അപേക്ഷ സമര്‍പ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.