സ്​കൂൾ വിദ്യാഭ്യാസ മേഖലയിൽ ഫിൻലൻഡുമായി കേരളം കൈ​കോർക്കുന്നു

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയിൽ ലോകത്തിലെ മികച്ച മാതൃകയായ ഫിൻലൻഡുമായി കേരളം ​കൈകോർക്കുന്നു. കേരളത്തിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുമായി സഹകരിക്കാൻ ഫിൻലൻഡ്​​ സന്നദ്ധത അറിയിച്ചു. കേരളത്തി​ന്‍റെ പ്രത്യേക പ്രതിനിധിയും നിലവിൽ സ്കൂൾ പാഠ്യപദ്ധതി കരിക്കുലം കമ്മിറ്റി അംഗവുമായ വേണുരാജാമണി മുഖ്യമന്ത്രിയുടെയും പൊതുവിദ്യാഭ്യാസ മന്ത്രിയുടെയും നിർദേശത്തി​ന്‍റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഫിൻലൻഡ്​​ അംബാസഡർ റിത്വ കൗക്കു റോണ്ടേ, വിദ്യാഭ്യാസ പ്രതിനിധി മികാ ടിറോൻ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച്​ ധാരണയായത്​. ആദ്യഘട്ടമായി രണ്ടാഴ്​ചക്കകം കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ്​ അധികൃതരുമായി ഫിൻലൻഡ്​​ വിദ്യാഭ്യാസ പ്രതിനിധി മികാ ടിറോൻ ഓൺലൈനായി ചർച്ച നടത്തും. വിശദ ചർച്ചകൾക്കായി ഫിൻലൻഡ്​​ അംബാസഡറും വിദ്യാഭ്യാസ പ്രതിനിധിയും ആഗസ്റ്റിൽ കേരളം സന്ദർശിച്ചേക്കും. ചർച്ചകളുടെ തുടക്കം എന്നനിലയിൽ വെബിനാർ സീരീസ് ആരംഭിക്കും. സ്കൂൾ പാഠ്യപദ്ധതി, അധ്യാപക ശാക്തീകരണം, നിരന്തര മൂല്യനിർണയം, സാങ്കേതിക വിദ്യയുടെ ഉപയോഗം തുടങ്ങി വിദ്യാഭ്യാസത്തി​ന്‍റെ വിവിധ മേഖലകളിലായിരിക്കും വെബിനാറുകൾ സംഘടിപ്പിക്കുക. സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണം ആരംഭിച്ച പശ്ചാത്തലത്തിൽ കൂടിയാണ്​ ഫിൻലൻഡുമായുള്ള വിദ്യാഭ്യാസ സഹകരണത്തിന്​ കേരളം ശ്രമം തുടങ്ങിയത്​. ചെറിയ കുട്ടികൾക്കുള്ള ഡേ കെയർ മുതലുള്ളതാണ്​ ഫിൻലൻഡിലെ സ്​കൂൾ വിദ്യാഭ്യാസം. സ്​കൂൾ വിദ്യാഭ്യാസം തുടങ്ങും മുമ്പ് ഒരു വർഷം​ പ്രീ സ്​കൂൾ സംവിധാനവുമുണ്ട്​. ഏഴ്​ മുതൽ 16 വയസ്സ്​​ വരെ നീളുന്ന ഒമ്പത്​ വർഷത്തെ നിർബന്ധിത സ്​കൂൾ വിദ്യാഭ്യാസവും തുടർന്ന്​ അക്കാദമികമോ തൊഴിലധിഷ്​ഠിതമോ ആയ പോസ്​റ്റ്​ സെക്കൻഡറി വിദ്യാഭ്യാസവും ഫിൻലൻഡ്​ മാതൃകയിൽ ഉൾപ്പെടുന്നു. യു.എൻ, മാനവ വികസന സൂചിക പ്രകാരം വിദ്യാഭ്യാസത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിലൊന്നാണ്​ ഫിൻലൻഡ്​. അന്താരാഷ്​ട്രതലത്തിൽ വിദ്യാർഥികളുടെ മികവ്​ വിലയിരുത്തുന്ന പ്രോഗ്രാം ഫോർ ഇൻറർനാഷനൽ സ്​റ്റുഡൻറ്​ അസസ്​മൻെറിൽ​ (പിസ ടെസ്​റ്റ്​) മിക്ക വിഷയങ്ങളിലും ഫിൻലൻഡ്​​ ഒന്നാം സ്ഥാനത്താണ്​. ഫിൻലൻഡ്​​ മാതൃകയിൽനിന്ന്​ കേരളത്തിന്​ സ്വീകരിക്കാവുന്ന രീതികളെ സംബന്ധിച്ചായിരിക്കും വിദ്യാഭ്യാസ വകുപ്പ്​ പ്രധാനമായും പരിശോധിക്കുക. സ്വന്തം ലേഖകൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.