വിഷുപ്പുലരിയില്‍ കണ്ണനെ കണികാണാൻ പതിനായിരങ്ങൾ

വിഷു ദിനത്തിൽ ക്ഷേത്രത്തിൽ വഴിപാട് ഇനത്തിൽ 42,54,178 രൂപ ലഭിച്ചു ഗുരുവായൂർ: വിഷുപ്പുലരിയില്‍ കണ്ണനെ കണികണ്ട് ഐശ്വര്യവും സമ്പൽ സമൃദ്ധിയും തേടി പതിനായിരങ്ങൾ ഗുരുവായൂരിലേക്ക് ഒഴുകിയെത്തി. രണ്ട് വർഷം കോവിഡ് നിയന്ത്രണങ്ങളിൽ അകപ്പെട്ട ഭക്തർക്ക് നിയന്ത്രണങ്ങൾ നീങ്ങിയ ശേഷമുള്ള ആദ്യ വിഷു ആയിരുന്നു ഈ വർഷം. പുലര്‍ച്ച രണ്ടര മുതല്‍ മൂന്നര വരെയായിരുന്നു കണി ദര്‍ശനം. രണ്ടരക്ക് കിഴക്കേ ഗോപുരവാതില്‍ തുറന്നതോടെ നാരായണനാമജപവുമായി മണിക്കൂറുകളായി കാത്ത് നിന്നിരുന്ന ഭക്തസഹസ്രങ്ങള്‍ കണ്ണന്​ മുന്നിലെത്തി. പീതാംബരപട്ടണിഞ്ഞ് ഓടക്കുഴലുമായി പുഞ്ചിരി തൂകി നില്‍ക്കുന്ന കണ്ണനേയും സ്വര്‍ണസിംഹാസനത്തിലെ ഗുരുവായൂപ്പന്റെ തങ്ക തിടമ്പും ഓട്ടുരുളിയിലെ കണിക്കോപ്പുകളും കണ്ട് ഭക്തര്‍ മനം നിറയെ തൊഴുതു. മൂന്നരക്ക് കണിദര്‍ശനം അവസാനിച്ചതോടെ വാകച്ചാര്‍ത്തും അഭിഷേകവുമടക്കമുള്ള പതിവ് പൂജകള്‍ ആരംഭിച്ചു. വിഷു ദിനത്തിൽ ക്ഷേത്രത്തിൽ വഴിപാട് ഇനത്തിൽ 42,54,178 രൂപ ലഭിച്ചു. 2457 ഭക്തർ നെയ്​വിളക്ക് ശീട്ടാക്കി ദർശനം നടത്തി. ഈ ഇനത്തിൽ 19.95 ലക്ഷം രൂപ ദേവസ്വത്തിന് ലഭിച്ചു. തുലാഭാരം വഴിപാട് ആയി 11,05,930 രൂപയും പാൽപായസം 5,50,278 രൂപ, നെയ്‌പായസം 2,01,870 രൂപ, കളഭം 2,06,100 രൂപ എന്നിവയും വഴിപാടായി ലഭിച്ചു. വിഷു ദിനത്തിൽ ക്ഷേത്രസന്നിധിയിൽ എട്ട്​ വിവാഹങ്ങളും 174 കുട്ടികൾക്കുള്ള ചോറൂൺ വഴിപാടും നടന്നു. വിഷുസദ്യ ഉണ്ണാനും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. അന്നാ ലക്ഷ്മി ഹാളിൽ നടന്ന വിഷുസദ്യ വൈകീട്ട് 4.30 വരെ നീണ്ടു. ക്ഷേത്രത്തില്‍ സമ്പൂര്‍ണ നെയ്​വിളക്കോടെ വിഷു വിളക്കും ആഘോഷിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.