കരിപ്പൂർ: സ്ഥലമേറ്റെടുക്കലുമായി മുന്നോട്ട്​ പോകാനാകുന്നി​ല്ലെന്ന്​ സർക്കാർ

മലപ്പുറം: കോഴിക്കോട്​ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട്​ വിമാനത്താവള അതോറിറ്റിയിൽനിന്ന്​ പുതിയ നിർദേശങ്ങൾ വൈകുന്നതിനാൽ സ്ഥലമേറ്റെടുക്കലുമായി മുന്നോട്ട്​ പോകാൻ സാധിക്കുന്നില്ലെന്ന്​ സംസ്ഥാന സർക്കാർ. അതോറിറ്റിയിൽനിന്ന്​ നടപടികൾ വൈകുന്നതിനാൽ സ്ഥലമേറ്റെടുക്കൽ നടപടികൾക്കായി രൂപവത്​കരിച്ച സ്​പെഷൽ ഡെപ്യൂട്ടി കലക്ടർ (എൽ.എ) കരിപ്പൂർ യൂനിറ്റിന്‍റെ തുടർച്ചാനുമതി ശിപാർശ ധനവകുപ്പിന്​ സമർപ്പിക്കാൻ സാധിച്ചിട്ടില്ലെന്നും റവന്യൂ മന്ത്രി കെ. രാജൻ നിയമസഭയിൽ അറിയിച്ചു. സ്ഥലമെടുപ്പ്​ വകുപ്പിലെ ജീവനക്കാർക്ക്​ ആറ്​ മാസത്തിലേറെയായി ശമ്പളം ലഭിക്കുന്നില്ലെന്ന പി. നന്ദകുമാർ എം.എൽ.എയുടെ ചോദ്യത്തിന്​ മറുപടിയായാണ്​ മന്ത്രി ഇക്കാര്യം അറിയിച്ചത്​. ഇതിനാലാണ്​ ജീവനക്കാർക്ക്​ ശമ്പളം വൈകുന്നതെന്നും മന്ത്രി വ്യക്തമാക്കി. 12 ജീവനക്കാരുടെ തസ്തികയാണ്​ ഈ ഓഫിസിലുള്ളത്​. ഭൂമിയേറ്റെടുക്കലിനായി നേരത്തേ ഉത്തരവുകൾ ഇറക്കിയെങ്കിലും വിവിധ കോണുകളിൽനിന്നുള്ള എതിർപ്പിന്‍റെ അടിസ്ഥാനത്തിൽ നടപടികളുമായി മുന്നോട്ട്​ പോകാൻ സാധിച്ചില്ല. കരിപ്പൂരിലെ എൽ.എ ഓഫിസ്​ കഴിഞ്ഞ മേയ്​ 31ഓടെ നിർത്തലാക്കിയെങ്കിലും പ്രതിഷേധ​ത്തെ തുടർന്ന്​ മരവിപ്പിക്കുകയായിരുന്നു. ഒക്ടോബർ 18ന്​ മന്ത്രി വി. അബ്ദുറഹ്മാന്‍റെ അധ്യക്ഷതയിൽ കരിപ്പൂരിൽ നടന്ന യോഗത്തിൽ റൺവേ വികസനം കൂടി ഉൾപ്പെടുത്തിയുള്ള ഭൂമി ഏ​റ്റെടുക്കലാണ്​ ആവശ്യമെന്ന്​ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട്​ അതോറിറ്റിയിൽ പുതിയ നിർദേശങ്ങൾ വൈകുന്നുവെന്നാണ് പറയുന്നത്​. 2016ൽ റൺവേ വികസനം, പുതിയ ടെർമിനൽ, പാരലൽ ടാക്സി വേ, ഏപ്രൺ എന്നിവക്കായി 485 ഏക്കർ ഭൂമി ഏറ്റെടുക്കാൻ സർക്കാർ ഉത്തരവ്​ ഇറക്കിയിരുന്നു. 2020ൽ കാർ പാർക്കിങ്​ സൗകര്യങ്ങൾ വികസിപ്പിക്കാൻ 15.5 ഏക്കർ ഭൂമി ഏറ്റെടുക്കാനും സാമൂഹികാഘാത പഠനം നടത്താനും വിജ്ഞാപനം ഇറക്കി. എന്നാൽ, പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന്​ നടപടികളുമായി മുന്നോട്ട്​ പോകാൻ സാധിച്ചില്ലെന്നും മറുപടിയിൽ പറയുന്നു. ടെർമിനൽ വികസനത്തിനായി 137 ഏക്കറും കാർ പാർക്കിങ്ങിനായി 15.25 ഏക്കറുമാണ്​ ഇപ്പോൾ അതോറിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്​. ഇതിന്​ പകരം റൺവേ വികസനം ഉൾപ്പെടുത്തിയുള്ള നിർദേശം സമർപ്പിക്കാനാണ്​ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.