ടി. നസിറുദ്ദീൻ: അവകാശ പോരാട്ടങ്ങളുടെ നെടുംതൂൺ

മലപ്പുറം: വ്യാപാരികളുടെ അവകാശ പോരാട്ടങ്ങളുടെ നെടുംതൂണായിരുന്നു കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്‍റ്​ ടി. നസിറുദ്ദീൻ. വ്യാപാര മേഖലയെ ബാധിക്കുന്ന സർക്കാറിന്‍റെ നിലപാടുകൾക്കെതിരെ മുന്നിൽനിന്ന്​ പൊരുതിയ നസിറുദ്ദീൻ കേരളത്തിലെ വ്യാപാരികളുടെ മുഖമായി മാറി. കച്ചവടക്കാരെയും ​വ്യാപാര മേഖലയെയും സംഘടിപ്പിച്ച്​ ഒരുമിച്ചു നിർത്തിയതിൽ അദ്ദേഹം വഹിച്ച പങ്ക്​ വിസ്മരിക്കാനാവില്ല. കോവിഡ്​ നിയന്ത്രണങ്ങളുടെ പേരിൽ വ്യാപാരമേഖല അടച്ചുപൂട്ടിയപ്പോൾ, പ്രളയക്കെടുതിയിലെ വ്യാപാര മേഖലയുടെ തളർച്ചയിൽ സർക്കാർ അവഗണിച്ചപ്പോൾ, മിഠായിതെരുവ്​ നവീകരണം തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളി​ലെല്ലാം വ്യാപാര സമൂഹത്തിന്‍റെ ആർജവമുള്ള മുഖമായി നിറഞ്ഞുനിന്നു. തുടർച്ചയായ ഹർത്താലിനെതിരെയും അദ്ദേഹം കച്ചവടക്കാരുടെ കരുത്തായി മുന്നിലുണ്ടായിരുന്നു. ഹർത്താലുകളോട്​ സഹകരിക്കില്ലെന്നും കടകൾ തുറക്കുമെന്നും പറഞ്ഞ്​ നിരവധി തവണ അ​ദ്ദേഹം ഹർത്താലിനെതിരെ ശക്തമായി രംഗത്തുവന്നു. ഹർത്താൽ വിരുദ്ധ വ്യാപാരി കൂട്ടായ്മയെന്ന ആശയത്തിലേക്ക്​ വ്യാപാര സമൂഹത്തെ കൊണ്ടുവരാൻ അദ്ദേഹത്തിന്‍റെ ഭാഗത്തുനിന്ന്​ വ്യാപക ശ്രമമുണ്ടായി. സംഘടനയുടെ നേതൃത്വത്തിൽ മാറ്റം വേണമെന്നാവശ്യപ്പെട്ട്​ ഇരുവിഭാഗമായി തിരിഞ്ഞ്​ നടന്ന തെരഞ്ഞെടുപ്പിലടക്കം വിജയം അ​ദ്ദേഹത്തിനൊപ്പമായിരുന്നെന്നത്​ കേരളത്തിലെ വ്യാപാരികളു​ടെ ഇടയിലെ നസിറുദ്ദീന്‍റെ സ്വാധീനംതന്നെയാണ് വെളിവാക്കിയത്​​. കോഴി​ക്കോട്ട്​​ മാത്രമല്ല മറ്റു ജില്ലകളിലേയും വ്യാപാര സമരങ്ങളിലും ഏകോപനങ്ങളിലും അദ്ദേഹത്തിന്‍റെ സാന്നിധ്യം വലിയ ഗുണം ചെയ്തിരുന്നു. ജി.എസ്​.ടിയുടെ പേരിലും മറ്റ്​ ലൈസൻസുകളുടെ പേരിലും വ്യാപാരികൾ നേരിടുന്ന പീഡനങ്ങൾക്കെതിരെ അദ്ദേഹം സർക്കാർ സംവിധാനങ്ങ​​ളോടും ഉദ്യോഗസ്ഥരോടും നിരന്തരം പൊരുതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.