നഗരസഭ മാലിന്യ പ്ലാന്റിൽനിന്ന് മണ്ണ്​ കടത്ത്​; ജിയോളജി വകുപ്പ് പരിശോധന നടത്തി

തിരൂരങ്ങാടി: നഗരസഭയുടെ വെഞ്ചാലിയിലുള്ള മാലിന്യ പ്ലാന്റിൽനിന്ന്​ മണ്ണ് കടത്തിക്കൊണ്ടുപോയ സംഭവത്തിൽ ജില്ല ജിയോളജി വകുപ്പ്​ പരിശോധന നടത്തി. എ.ഐ.വൈ.എഫ് നൽകിയ പരാതിയിലാണ് പരിശോധന. അനധികൃതമായി മണ്ണ് കടത്തിയ സംഭവത്തിൽ രണ്ട് വാഹനങ്ങൾ പൊലീസ് പിടികൂടുകയും ഒന്നിന് ജിയോളജി വകുപ്പ് പിഴ ഈടാക്കുകയും ചെയ്തിരുന്നു. വാഹനം പിടികൂടിയ പൊലീസിന്റെ നടപടിക്കെതിരെ തിരൂരങ്ങാടി നഗരസഭ രംഗത്ത് വന്നിരുന്നു. പൊലീസ് പിടികൂടിയ വാഹനത്തിന് ജിയോളജി വകുപ്പ് പിഴ ഈടാക്കിയതോടെ നഗരസഭയുടെ അഴിമതി പുറത്തായെന്നും ഈ സാഹര്യത്തിലാണ് പൊലീസിനെതിരെ നഗരസഭ തിരിഞ്ഞതെന്നും എ.ഐ.വൈ.എഫ് ആരോപിച്ചു. വെഞ്ചാലിയിൽ പരിശോധനക്കെത്തിയ ജിയോളജി ഉദ്യോഗസ്ഥർ കടത്തിക്കൊണ്ടുപോയ മണ്ണിന്റെ അളവോ ആധികാരികതയോ പരിശോധിക്കാതെ മടങ്ങിയത് പ്രഹസനമാണെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി. ബോധപൂർവം നടപടി വൈകിപ്പിക്കുന്ന ജില്ല ജിയോളജിസ്റ്റിന്റെ നടപടിക്കെതിരെ മേലധികാരികളെ സമീപിക്കുമെന്ന്​ ജില്ല വൈസ് പ്രസിഡന്റ് എം.പി. സ്വാലിഹ് തങ്ങൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.