ക്വാറിയുടെ പ്രവർത്തനം ആദിവാസി കുടുംബങ്ങൾക്ക് ഭീഷണി; കലക്ടർക്ക് പരാതി നൽകി

മേലാറ്റൂർ: കരിങ്കൽ ക്വാറിയുടെ പ്രവർത്തനം ആദിവാസി കുടുംബങ്ങൾക്ക് ഭീഷണിയാകുന്നതായി കലക്ടർക്ക് പരാതി. എടപ്പറ്റ പഞ്ചായത്തിലെ മൂനാടിയിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിക്കെതിരെയാണ് മൂനാടി ആദിവാസി കോളനിയിലെ ബാലൻ കലക്ടർ, പെരിന്തൽമണ്ണ ആർ.ഡി.ഒ എന്നിവർക്ക് പരാതി നൽകിയത്. താനും ബന്ധുവും താമസിക്കുന്ന വീടുകൾക്ക് ഏതാനും മീറ്റർ ദൂരപരിധിയിലാണ് ക്വാറി പ്രവർത്തിക്കുന്നത്​. വലിയ ശബ്ദത്തോടെ നടത്തുന്ന സ്ഫോടനം കാരണം കല്ലുകൾ തെറിച്ച് വീടിന് കേടുപാടുകൾ സംഭവിക്കുന്നു. കൂടാതെ കുട്ടികൾ അടക്കമുള്ളവർക്കും ഭീഷണിയാണ്. പുലർച്ച മൂന്നിന്​ പ്രവർത്തനം തുടങ്ങുന്ന ക്വാറിയുടെ ശബ്ദവും കരിങ്കല്ല് കയറ്റിപ്പോകുന്ന വാഹനങ്ങളുടെ ശല്യവും സ്വൈരജീവിതം ദുസ്സഹമാക്കുന്നു. സമീപത്തായി താമസിക്കുന്ന മറ്റു പതിനഞ്ചോളം ആദിവാസി കുടുംബങ്ങളെയും ഇത് ബാധിക്കുന്നുണ്ടെന്നും പരാതിയിൽ പറയുന്നു. 2018ൽ സംസ്ഥാന പട്ടികജാതി, പട്ടികവർഗ കമീഷന് പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ താൽക്കാലികമായി ക്വാറിയുടെ പ്രവർത്തനം നിർത്തിവെക്കാൻ ഉത്തരവിട്ടിരുന്നു. എന്നാൽ, വീണ്ടും ലൈസൻസ് സമ്പാദിച്ച് പ്രവർത്തനമാരംഭിച്ചിരിക്കയാണ്. കാടിനെ ആശ്രയിച്ച്​ കഴിയുന്ന കാട്ടുനായ്ക്ക വിഭാഗത്തിൽപെട്ട തങ്ങൾക്ക് ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ നടപടിയുണ്ടാകണമെന്നും പരാതിയിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.