കാറും കോളും നീങ്ങി: പുതു പൊന്നാനിയിലെ മത്സ്യത്തൊഴിലാളികൾക്ക് തുഴയെറിയാന്‍ കരുത്തായി

പൊന്നാനി: 2014 ഏപ്രില്‍ 17 ആയിരുന്നു ആ കറുത്ത ദിനം. ജീവിത സ്വപ്നങ്ങള്‍ തിരമാലയില്‍പ്പെട്ട് തകര്‍ന്നടിയുന്നത് അന്നവര്‍ക്ക് കണ്ടു നില്‍ക്കാനേ കഴിഞ്ഞുള്ളൂ. പരിക്കുകളോടെ അഞ്ചുമണിക്കൂറോളം കടലിലായ തൊഴിലാളികളെ മറ്റ് മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. 24 കുടുംബങ്ങളുടെ ഉപജീവനമാര്‍ഗമായ അല്‍അമീന്‍ എന്ന വള്ളം മത്സ്യബന്ധനത്തിനിടെ പുതുപൊന്നാനി അഴിമുഖം മുനമ്പത്ത് ശക്തമായ കാറ്റില്‍പ്പെട്ട് തകരുകയായിരുന്നു നട്ടുച്ചക്ക്​. ഭൂമിയും സ്വര്‍ണാഭരണങ്ങളും പണയപ്പെടുത്തി 50 ലക്ഷം രൂപക്ക്​ വാങ്ങിയ വള്ളവും വലയും അനുബന്ധ ഉപകരണങ്ങളും അന്നങ്ങനെ നശിച്ചു. ബോട്ടുടമ പൊന്നാനിയിലെ ചിപ്പ​ൻെറ വീട്ടില്‍ ഹസ്സന്‍ കോയയും വള്ളത്തിലെ തൊഴിലാളികളും പണിമുടങ്ങി പ്രതിസന്ധിയിലായി. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ തകര്‍ന്ന വള്ളം പരിശോധിച്ച് 15,40,000 രൂപയുടെ നാശനഷ്​ടം കണക്കാക്കി. എന്നാല്‍ സാങ്കേതിക പ്രശ്നങ്ങളുടെ പേരില്‍ തുടര്‍ നടപടികള്‍ പിന്നീട് ഉണ്ടായില്ല. ഇതിനിടയിലാണ് ഹംസക്കോയയും വള്ളത്തിലെ തൊഴിലാളികളും പൊന്നാനിയിലെ അദാലത്തിനെത്തുന്നത്. സാമ്പത്തിക സഹായത്തിനായുള്ള അപേക്ഷ പരിഗണിച്ച മന്ത്രിമാര്‍ എത്രയും വേഗത്തില്‍ നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശിച്ച് ഫിഷറീസ് വകുപ്പ് മന്ത്രിക്ക്​ അപേക്ഷ നേരിട്ട് കൈമാറി. അര്‍ഹരായവര്‍ക്ക് ആനുകൂല്യം ഉറപ്പായും നല്‍കുമെന്ന് മന്ത്രിമാര്‍ വ്യക്തമാക്കുകയും ചെയ്തു. അദാലത്തിലെ നടപടിയില്‍ സന്തോഷമുണ്ടെന്നും സഹായം വേഗത്തില്‍ തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ബോട്ടുടമ ഹംസക്കോയയും വള്ളത്തിലെ തൊഴിലാളിയായിരുന്ന തൊണ്ടം പിരി വീട്ടില്‍ നൗഷാദും പറഞ്ഞു. Photo: പുതുപൊന്നാനിയിൽ തകർന്ന വള്ളത്തിൽ തൊഴിലാളികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.