തിരൂർ ബ്ലോക്ക്, മംഗലം, വെട്ടം പഞ്ചായത്ത് പ്രസിഡൻറുമാരെ തെരഞ്ഞെടുത്തു

വെട്ടത്ത് ചരിത്രം കുറിച്ച് എൽ.ഡി.എഫ് തിരൂർ: തിരൂർ ബ്ലോക്ക്, മംഗലം, വെട്ടം പഞ്ചായത്തുകളിൽ പുതിയ ഭരണസമിതി അധികാരമേറ്റു. പഴയ ഭരണസമിതിയുടെ കാലാവധി ജനുവരി 31 വരെയായതിനെ തുടർന്നാണ് പുതിയ ഭരണസമിതിക്ക് അധികാരമേൽക്കാൽ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്ന് മാസങ്ങൾ കാത്തിരിക്കേണ്ടിവന്നത്. തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറായി സി.പി.എമ്മിലെ അഡ്വ. യു. സൈനുദ്ദീനും വൈസ് പ്രസിഡൻറായി പ്രീത പുളിക്കലും ചുമതലയേറ്റു. 15 അംഗ ബ്ലോക്ക് പഞ്ചായത്തിൽ പത്ത് അംഗങ്ങളുടെ പിന്തുണയോടെയാണ് എൽ.ഡി.എഫ് ഭരണ തുടർച്ച നിലനിർത്തിയത്. തിങ്കളാഴ്ച ബ്ലോക്ക് കോൺഫറൻസ് ഹാളിൽ നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡൻറായി സി.പി.എം സ്ഥാനാർഥികളായ അഡ്വ. യു. സൈനുദ്ദീനും വൈസ് പ്രസിഡൻറായി പ്രീത പുളിക്കലും അഞ്ചിനെതിരെ 10 വോട്ടുകൾക്ക് വിജയിച്ചാണ് അധികാരമേറ്റത്. തലക്കാട് ഡിവിഷനിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട അഡ്വ. യു. സൈനുദ്ദീൻ ആദ്യമായാണ് പാർലമൻെററി മേഖലയിലേക്ക് ഇറങ്ങുന്നത്. പുതുപ്പള്ളി ഡിവിഷൻ അംഗമായ പ്രീത പുളിക്കൽ മൂന്നാം തവണയാണ് ജനപ്രതിനിധിയാകുന്നത്. രണ്ട് തവണ പുറത്തൂർ പഞ്ചായത്ത് മെമ്പറായിരുന്നു. 1967ൽ വെട്ടം പഞ്ചായത്ത് രൂപവത്കരിച്ച ശേഷം ആദ്യമായാണ് സി.പി.എം ഭൂരിപക്ഷത്തോടെ പ്രസിഡൻറ്, വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡൻറായി നെല്ലാഞ്ചേരി നൗഷാദും വൈസ് പ്രസിഡൻറായി രജനി മുല്ലയിലും തെരഞ്ഞെടുക്കപ്പെട്ടു. വെട്ടം പഞ്ചായത്ത് രൂപവത്കരിച്ച ശേഷം ആദ്യമായാണ് സി.പി.എം നേതൃത്വത്തിൽ എൽ.ഡി.എഫിന് ഭരണം ലഭിക്കുന്നത്. 1980ൽ കോൺഗ്രസിലെ ഒരു വിഭാഗം ലീഗുമായി അഭിപ്രായ വ്യത്യാസമുണ്ടായതിനെ തുടർന്ന് നാല് സീറ്റ് മാത്രമുണ്ടായിരുന്ന സി.പി.എമ്മിലെ പി.പി. അബ്​ദുല്ലക്കുട്ടിയെ പ്രസിഡൻറാക്കിയതാണ് ഇതിന് മുമ്പ് എൽ.ഡി.എഫിന് പ്രസിഡൻറ് സ്ഥാനം ലഭിച്ചത്. ആകെയുള്ള 20 സീറ്റില്‍ പത്ത് സീറ്റിൽ സി.പി.എം, നാല് സീറ്റ് ലീഗ്, മൂന്ന് സീറ്റ് കോൺഗ്രസ്, രണ്ട് ലീഗ് വിമതർ, ഒരു വെൽഫെയർ പാർട്ടി സ്വതന്ത്ര എന്നിവരാണ് വിജയിച്ചത്. ലീഗ് വിമതർ യു.ഡി.എഫ് പ്രസിഡൻറ് സ്ഥാനാർഥിയായ കെ. സൈനുദ്ദീനെ പിന്തുണച്ചു. ഇതോടെ ഒമ്പതിനെതിരെ പത്തു വോട്ടുകൾക്ക് നെല്ലാഞ്ചേരി നൗഷാദും വൈസ് പ്രസിഡൻറായി മുല്ലയിൽ രജനിയും തെരഞ്ഞെടുക്കപ്പെട്ടു. വെൽഫെയർ പാർട്ടി സ്വതന്ത്ര തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിന്നു. പഞ്ചായത്ത് വാർഡ് 17ൽ മുസ്​ലിം ലീഗിലെ കളരിക്കല്‍ ജലീലിനെ 96 വോട്ടിന് പരാജയപ്പെടുത്തിയാണ് നൗഷാദ് ആദ്യമായി ജനപ്രതിനിധിയാവുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട മുല്ലയിൽ രജനി സി.പി.എം വെട്ടം ലോക്കൽ കമ്മിറ്റിയംഗമാണ്. വാർഡ് നാലിൽനിന്ന് രണ്ട് തവണ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത്തവണ വാർഡ് അഞ്ചിൽനിന്ന് 104 വോട്ടിന് ചാളക്കപ്പറമ്പിൽ സിന്ധുവിനെയാണ് പരാജയപ്പെടുത്തിയത്. മംഗലം പഞ്ചായത്ത് അഞ്ചാമത് പ്രസിഡൻറായി ലീഗിലെ സി.പി. കുഞ്ഞുട്ടി തെരഞ്ഞെടുക്ക​െപ്പട്ടു. പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 13 വോട്ടും എൽ.ഡി.എഫിന് ഏഴ് വോട്ടും നേടി. പഞ്ചായത്തിലെ 13ാം വാർഡായ പെരുന്തിരുത്തിയിൽനിന്ന് 205 വോട്ടിനാണ് സി.പി. കുഞ്ഞുട്ടി ജയിച്ചത്. മുസ്​ലിം ലീഗ് തവനൂർ നിയോജക മണ്ഡലം വൈസ് പ്രസിഡൻറായ സി.പി. കുഞ്ഞുട്ടി രണ്ടാം തവണയാണ് പഞ്ചായത്ത് അംഗമാകുന്നത്. ദീർഘകാലം മംഗലം പഞ്ചായത്ത് മുസ്​ലിം ലീഗ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ സി.പി. കുഞ്ഞുട്ടിയുടെ പേര് കോൺഗ്രസിലെ ടി.പി. ഇബ്രാഹിം കുട്ടി നിർദേശിച്ചു. കെ.ടി. റാഫി പിന്താങ്ങി. എൽ.ഡി.എഫിലെ സലീം പാഷയാണ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. കോൺഗ്രസിലെ കെ. പാത്തുമ്മക്കുട്ടി വൈസ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫിന് 13ഉം എൽ.ഡി.എഫിന് ഏഴും വോട്ടുകളാണ് ലഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.