ഇരിട്ടി കുന്ന് വീണ്ടും ഇടിഞ്ഞു

ഇരിട്ടി: പുതിയ പാലം ജങ്ഷന്‍ വീതികൂട്ടുന്നതിനായി അധിക ഭൂമി ഏറ്റെടുത്ത് കുന്ന് ചെത്തിയിറക്കിയത് കാലവര്‍ഷത്തില്‍ കുരുക്കായി മാറുന്നു. കാലവര്‍ഷം തുടങ്ങിയ ശേഷം മൂന്നാം തവണയാണ്, മൂന്ന് തട്ടുകളായി ചെത്തിയിറക്കിയ കുന്ന് ഇടിഞ്ഞത്. കൂറ്റന്‍ പാറക്കെട്ടുകളും മരങ്ങളും നേരെ പതിക്കുന്നത് കാല്‍നടക്കാരും നിരനിരയായി ഇരു വശങ്ങളിലേക്കും വാഹനങ്ങളും പോകുന്ന ഇരിട്ടി- വീരാജ്പേട്ട അന്തര്‍ സംസ്ഥാന പാതയിലേക്കാണ്. ഇരിട്ടി പാലത്തിനും പൊതുമരാമത്ത്​ ​െഗസ്​റ്റ്​ ഹൗസിനും ഇടയിലുള്ള ഭാഗമാണ് ഭീഷണിയായി നിൽക്കുന്നത്. വെള്ളിയാഴ് പുലർച്ച ​െഗസ്​റ്റ്​ ഹൗസിനോട് ചേര്‍ന്ന ഭാഗമാണ് ഇടിഞ്ഞത്. ഇതുവഴി പോയ കാറി​ൻെറ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു. ശനിയാഴ്ച രാവിലെ പാലത്തോട് ചേര്‍ന്ന ഭാഗമാണ് ഇടിഞ്ഞത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്, ഇടിഞ്ഞ മണ്ണും കല്ലും റോഡില്‍ നിന്നും മാറ്റിയതിന് ശേഷമാണ് ഗതാഗതം സുഗമമാക്കിയത്. കുന്നി​ൻെറ പലഭാഗങ്ങളും ഇപ്പോഴും ഏതുനിമിഷവും ഇടിയാവുന്ന നിലയിലാണ്. കൂറ്റന്‍ പാറകള്‍ റോഡിലേക്ക് തള്ളിനിൽക്കുകയാണ്. അധിക ഭൂമി ഏറ്റെടുത്ത് ജങ്​ഷന്‍ വീതികൂട്ടിയില്ലെങ്കില്‍ നിരന്തരമായി അപകടമുണ്ടാകുമെന്ന ലോകബാങ്ക് സംഘത്തി​ൻെറയും കെ.എസ്.ടി.പിയുടെയും നിർദേശത്തി​ൻെറ അടിസ്ഥാനത്തിലാണ് വീണ്ടും ഭൂമി ഏറ്റെടുത്തത്്. തളിപ്പറമ്പ്, ഉളിക്കല്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങളും കൂട്ടുപുഴ, എടൂര്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങളും ഇരിട്ടി ടൗണ്‍ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങളും പാലം ജങ്ഷനിലാണ് വിവിധ ഭാഗങ്ങളിലേക്ക് തിരിഞ്ഞുപോകുന്നത്. ജങ്ഷന്‍ വീതികൂട്ടേണ്ടത് ആവശ്യമാണെങ്കിലും കുന്ന് ചെത്തിയിറക്കുന്നതിലുണ്ടായ പാളിച്ചയാണ് നിരന്തരമായി ഇടിയുന്നതിന് കാരണം. ജങ്ഷന്‍ വീതികൂട്ടുന്നതിന്​ കെ.എസ്.ടി.പി വര്‍ഷങ്ങള്‍ക്കുമുമ്പ്​ ഏറ്റെടുത്ത ഭൂമിക്കുപുറമെ 86.62 സൻെറാണ് പൊന്നുംവില നൽകി ഏറ്റെടുത്തത്്. റോഡില്‍നിന്നും 24 മീറ്ററോളം പൊക്കത്തിലുള്ള ഭൂമി മൂന്ന് തട്ടുകളാക്കിയാണ് മാസങ്ങള്‍ നീണ്ട ശ്രമത്തിനൊടുവില്‍ ഇടിച്ചുനിരപ്പാക്കിയത്. ഭൂമിയുടെ പകുതിയോളം ഭാഗം ഉറപ്പുള്ള പാറക്കെട്ടുകളാണെങ്കിലും ബാക്കി ഭാഗം എളുപ്പത്തില്‍ ഇടിഞ്ഞുവീഴുന്ന കല്ലും മണ്ണും നിറഞ്ഞ പ്രദേശമാണ്. ഈ ഭാഗമാണ് കാലവര്‍ഷം തുടങ്ങിയതോടെ ഇടിയാന്‍ തുടങ്ങിയത്. ഇത് എങ്ങനെ ബലപ്പെടുത്തുമെന്നത് അധികൃതര്‍ക്ക് മുന്നില്‍ ചോദ്യചിഹ്നമാവുകയാണ്. നാല്​ സ്വകാര്യ വ്യക്തികളില്‍ നിന്നും ഏറ്റെടുത്ത ഭൂമിയില്‍ അവശേഷിക്കുന്ന ഭാഗത്തേക്ക് സ്ഥലം ഉടമകള്‍ക്ക് പോകണമെങ്കില്‍ ഏറെ പ്രയാസപ്പെടണം. കുന്നിനു മുകളില്‍ ചില കുടുംബങ്ങള്‍ താമസിക്കുന്നതും ഭീഷണിയിലാണ്. ഇപ്പോള്‍ ഇടിഞ്ഞ ഭാഗം ബലപ്പെടുത്തുന്നതിനുള്ള നടപടിയുണ്ടാകുമെന്ന് കെ.എസ്.ടി.പി അസി. എൻജിനീയര്‍ കെ.വി. സതീശന്‍ പറഞ്ഞു. പടം: IRT_kunnu രണ്ടാം ദിവസവും ഇടിഞ്ഞ ഇരിട്ടി പാലം ജങ്ഷനിലെ കുന്ന്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.