കോവിഡ് ചികിത്സ: സ്വകാര്യ ആശുപത്രികളുമായി ചര്‍ച്ച -മന്ത്രി ഇ.പി. ജയരാജന്‍

കണ്ണൂർ: ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ചികിത്സാസൗകര്യം ഒരുക്കുന്നതിന് സ്വകാര്യ ആശുപത്രികളുടെ സഹായം തേടുമെന്ന് മന്ത്രി ഇ.പി. ജയരാജന്‍. ഇതിനായി സ്വകാര്യ ആശുപത്രി മാനേജ്‌മൻെറുകളുമായി സംസാരിച്ച് നടപടി സ്വീകരിക്കുന്നതിന് ജില്ല കലക്ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. കലക്ടറേറ്റില്‍ നടന്ന കോവിഡ് അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതല്‍ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സേവനം ലഭ്യമാക്കുന്നതിന് ഐ.എം.എ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. കൂടുതല്‍ ആംബുലന്‍സ് സൗകര്യം ലഭ്യമാക്കുന്നതിന്​ നടപടി സ്വീകരിക്കും. ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം തടയുന്നതിനായി ഫലപ്രദമായ നടപടികളാണ് ജില്ല ഭരണകൂടവും പൊലീസും ഉള്‍പ്പെടെയുള്ളവര്‍ കൈക്കൊള്ളുന്നതെന്ന് മന്ത്രി പറഞ്ഞു. വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരുടെ ക്വാറൻറീന്‍ ഉറപ്പാക്കുക പ്രധാനമാണ്. അതോടൊപ്പം ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍, വാഹനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തണം. തദ്ദേശ സ്ഥാപനങ്ങള്‍ ഇവിടങ്ങളില്‍ പരിശോധന നടത്തി മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരുടെ വിവരങ്ങള്‍ കലക്ടര്‍ക്ക് കൈമാറണമെന്നും മന്ത്രി പറഞ്ഞു. ജില്ലക്ക്​ പുറത്തുനിന്ന് ചരക്കുകളുമായെത്തുന്ന വാഹനങ്ങളിലെ ജീവനക്കാര്‍ മറ്റുള്ളവരുമായി കൂടിക്കലരുന്നത് ഒഴിവാക്കണം. അവര്‍ക്കായി എല്ലാ പ്രധാന നഗരങ്ങളിലെയും മാര്‍ക്കറ്റുകളോടനുബന്ധിച്ച് ശുചിമുറി ഉള്‍പ്പെടെയുള്ള വിശ്രമ കേന്ദ്രം ബന്ധപ്പെട്ടവര്‍ ഒരുക്കണമെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ കെ.വി. സുമേഷ്, ജില്ല കലക്ടര്‍ ടി.വി. സുഭാഷ്, എസ്.പി യതീഷ് ചന്ദ്ര, എ.ഡി.എം ഇ.പി. മേഴ്‌സി, ഡി.എം.ഒ ഡോ. കെ. നാരായണ നായ്​ക് തുടങ്ങിയവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.