സി. സീനത്ത്: നാലര വര്‍ഷത്തിനിടെ മൂന്നാമത്തെ മേയര്‍

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനിലെ മൂന്നാമത്തെ മേയറാണ് ബുധനാഴ്ച തെരഞ്ഞെടുക്കപ്പെട്ട മുസ്​ലിം ലീഗിലെ സി. സീനത്ത്. ഇതോടെ നാലര വര്‍ഷത്തിനിടെ മൂന്നു മേയര്‍മാരാണ് കണ്ണൂര്‍ കോര്‍പറേഷനില്‍ ഭരണസാരഥ്യത്തിലേറിയത്. കണ്ണൂര്‍ നഗരസഭ, കോര്‍പറേഷനായത് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനു മുമ്പായിരുന്നു. തുടര്‍ന്നു നടന്ന പ്രഥമ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച പി.കെ. രാഗേഷി‍ൻെറ ഒറ്റ വോട്ടി‍ൻെറ പിന്തുണയോടെ സി.പി.എമ്മിലെ ഇ.പി. ലത കോര്‍പറേഷ​ൻെറ പ്രഥമ മേയറായി. എല്‍.ഡി.എഫ് സഹായത്തോടെ ഡെപ്യൂട്ടി മേയറായ പി.കെ. രാഗേഷ് പിന്നീട്​ യു.ഡി.എഫ് പക്ഷത്തേക്ക് മാറി. ഇതേത്തുടര്‍ന്ന് യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം പാസായതോടെ 2019 ആഗസ്​റ്റ് 17ന് എല്‍.ഡി.എഫിന് അധികാരം നഷ്​ടപ്പെട്ടു. യു.ഡി.എഫിലെ കോണ്‍ഗ്രസ് -മുസ്‌ലിംലീഗ് ധാരണ പ്രകാരം സെപ്റ്റംബര്‍ നാലിന് കോണ്‍ഗ്രസിലെ സുമ ബാലകൃഷ്ണന്‍ കോര്‍പറേഷ‍​ൻെറ രണ്ടാമത്തെ മേയറായി. ഇപ്പോള്‍ മൂന്നാമത്തെ മേയറായി സി. സീനത്തും തെരഞ്ഞെടുക്കപ്പെട്ടു. ആകെയുള്ള കൗണ്‍സിലര്‍മാരെ മൂന്ന് ബാച്ചായി തിരിച്ച് ഇരിപ്പിടം സജ്ജമാക്കി ഡിവിഷന്‍ ക്രമത്തിലാണ് വോട്ടെടുപ്പ് ക്രമീകരിച്ചത്. ഫലപ്രഖ്യാപനത്തിനുശേഷം വരണാധികാരി മുമ്പാകെ പുതിയ മേയറായി സി. സീനത്ത് സത്യപ്രതിജ്ഞ ചെയ്തു. വരണാധികാരി ടി.വി. സുഭാഷ് സത്യവാചകം ചൊല്ലിക്കൊടുത്തു. കെ. സുധാകരന്‍ എം.പി, കെ.എം. ഷാജി എം.എല്‍.എ, രാഷ്​ട്രീയ പാര്‍ട്ടി നേതാക്കളായ സതീശന്‍ പാച്ചേനി, വി.കെ. അബ്​ദുൽ ഖാദര്‍ മൗലവി, അഡ്വ. അബ്​ദുൽ കരീം ചേലേരി, പ്രഫ. എ.ഡി. മുസ്തഫ, പി. കുഞ്ഞുമുഹമ്മദ്, കോര്‍പറേഷനിലെ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.