മന്ത്രി വി. അബ്ദുറഹിമാന്‍ അഭിവാദ്യം സ്വീകരിക്കും മലപ്പുറം: സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളിലൂടെ ആഘോഷിക്കാനൊരുങ്ങി ജില്ല. സ്വാതന്ത്ര്യദിനത്തില്‍ മന്ത്രി വി. അബ്ദുറഹിമാന്‍ മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ അഭിവാദ്യം സ്വീകരിക്കും. പരേഡും അനുബന്ധ പരിപാടികളും രാവിലെ എട്ട് മുതല്‍ എം.എസ്.പി ഗ്രൗണ്ടില്‍ നടക്കും. വിവിധ സേനകളുടെ പരേഡില്‍ സല്യൂട്ട് സ്വീകരിച്ചശേഷം മന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. പരേഡിന് എം.എസ്.പി അസി. കമാൻഡന്‍റ് നേതൃത്വം നല്‍കും. സിവില്‍സ്റ്റേഷനിലുള്ള യുദ്ധസ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് മന്ത്രി പരേഡ് ഗ്രൗണ്ടില്‍ എത്തുക. ആഗസ്റ്റ് 15ന് രാവിലെ മലപ്പുറം നഗരസഭ പരിധിയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പങ്കെടുക്കുന്ന പ്രഭാത ഭേരിയോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാവും. രാവിലെ 7.15ന് സിവില്‍ സ്റ്റേഷന്‍ പരിസരത്തുനിന്ന് ആരംഭിച്ച് എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ പ്രവേശിക്കുന്ന പ്രഭാത ഭേരിയില്‍ 10 വിദ്യാലയങ്ങളില്‍ നിന്നുള്ള 3006 കുട്ടികള്‍ പങ്കെടുക്കും. ബാൻഡ് സെറ്റുകളുടെയും സ്കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ്, ജൂനിയര്‍ റെഡ്‌ക്രോസ് മാര്‍ച്ച് പാസ്റ്റിന്‍റെയും മറ്റും അകമ്പടിയോടെ നടക്കുന്ന പ്രഭാതഭേരിയില്‍ മികച്ച പ്രകടനം നടത്തുന്ന ടീമിന് റോളിങ് ട്രോഫി സമ്മാനിക്കും. *വ്യാപാര സ്ഥാപനങ്ങള്‍ അലങ്കരിക്കാം...സമ്മാനം നേടാം സ്വാതന്ത്ര്യ ദിനാഘോഷ ഭാഗമായി നഗരസഭ പരിധിയിലെ വ്യാപാര സ്ഥാപനങ്ങള്‍ അലങ്കരിക്കും. ഏറ്റവും നന്നായി അലങ്കരിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് ജില്ല ഭരണകൂടം സമ്മാനം നല്‍കും. സ്ഥാപനങ്ങള്‍ അലങ്കരിക്കുമ്പോള്‍ ഹരിത ചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഒരുക്കങ്ങള്‍ക്കായി കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ എ.ഡി.എം എന്‍.എം. മെഹറലി അധ്യക്ഷത വഹിച്ചു. ----------------------- ഹര്‍ ഘര്‍ തിരംഗ: ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം മലപ്പുറം: ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി ഇത്തവണ സ്വാതന്ത്ര്യദിനാഘോഷം വിപുലമായാണ് ആഘോഷിക്കുന്നത്. 'ഹര്‍ ഘര്‍ തിരംഗ' കാമ്പയിന്‍റെ ഭാഗമായി ഇത്തവണ രാജ്യമൊട്ടാകെ ആഗസ്റ്റ് 13 മുതല്‍ 15 വരെയുള്ള മൂന്നു ദിവസങ്ങളിലായി എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയര്‍ത്താന്‍ പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് ആഹ്വനം ചെയ്തിട്ടുണ്ട്. ഇതിനായി സംസ്ഥാന -ജില്ലതലങ്ങളിലും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അതിനാല്‍, ഓരോരുത്തരും ദേശീയ പതാക കൈകാര്യം ചെയ്യുമ്പോള്‍ ഫ്ലാഗ് കോഡില്‍ പറഞ്ഞ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. പതാകയെ ഏറ്റവും ആദരവോടെയും ബഹുമാനത്തോടെയുമാണ് പ്രദര്‍ശിപ്പിക്കേണ്ടത്. *ഉയര്‍ത്താന്‍ മൂന്നു ദിനം ഫ്ലാഗ് കോഡില്‍ വരുത്തിയ ഭേദഗതി പ്രകാരം ഇത്തവണ ദേശീയ പതാക ആഗസ്റ്റ് 13 മുതല്‍ 15 വരെയുള്ള മൂന്ന് ദിവസങ്ങളില്‍ ഉയര്‍ത്താം. സാധാരണ സൂര്യോദയം മുതല്‍ അസ്തമയം വരെ മാത്രമാണ് പതാക ഉയര്‍ത്താന്‍ അനുവദിക്കൂ. എന്നാല്‍, ഇത്തവണ 13ന് ഉയര്‍ത്തിയ പതാക 13, 14 രാത്രികളില്‍ താഴ്ത്തിക്കെട്ടേണ്ടതില്ല. എവിടെയൊക്കെ ഉയര്‍ത്താം രാജ്യത്തോടും പതാകയോടും ആദരവ് പ്രകടിപ്പിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ക്ലബുകള്‍, സ്കൗട്ട് ക്യാമ്പുകള്‍, സ്ഥാപനങ്ങള്‍, വീടുകള്‍ തുടങ്ങി രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും അവരവരുടെ പരിസരത്ത് അര്‍ഹിക്കുന്ന ബഹുമാനത്തോടെ ദേശീയപതാക ഉയര്‍ത്താനുള്ള അവകാശം നല്‍കുന്നു. പതാക ഉയര്‍ത്തുമ്പോള്‍ ഫ്ലാഗ് കോഡില്‍ പറഞ്ഞ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. പതാക ദീര്‍ഘചതുരാകൃതിയില്‍ 3:2 എന്ന അനുപാതത്തില്‍ നീളവും വീതിയും ക്രമീകരിച്ച് ഏതു വലുപ്പത്തിലും നിര്‍മിക്കാം. നിലത്ത് തൊടാത്ത രീതിയില്‍ വേണം പതാക പ്രദര്‍ശിപ്പിക്കാന്‍. --------- ദേശീയ പതാകയോട് ചെയ്യാന്‍ പാടില്ലാത്തത് · ദേശീയ പതാക മനഃപൂര്‍വം നിലത്തോ വെള്ളത്തിലോ തീയിലോ ഇടരുത്. · പതാക അലക്ഷ്യമായി ഉപേക്ഷിക്കാനോ നിന്ദ്യമായ രീതിയില്‍ കൈകാര്യം ചെയ്യാനോ പാടില്ല. · വാഹനങ്ങളുടെ ഹുഡ്, മുകള്‍ഭാഗം, വശങ്ങള്‍, പിന്‍ഭാഗം എന്നിവിടങ്ങളില്‍ പതാക ഉപയോഗിക്കരുത്. · ദേശീയ പതാക ഉപയോഗിച്ച് വസ്ത്രങ്ങള്‍ നിര്‍മിക്കാനോ വസ്ത്രമായി ഉപയോഗിക്കാനോ പാടില്ല. അനാദരവോടെ ഉപയോഗിക്കരുത്. · ദേശീയ പതാകയുടെ കൂടെ മറ്റു പതാകകള്‍ ഒരു കൊടിമരത്തില്‍ ഉയര്‍ത്തരുത്. ദേശീയപതാകയെക്കാള്‍ ഉയരത്തില്‍ മറ്റു പതാകകള്‍ ഉയര്‍ത്തിക്കെട്ടുകയോ അടുത്ത് മറ്റു പതാകകള്‍ ഉയര്‍ത്തുകയോ ചെയ്യരുത്. · ദേശീയ പതാക തോരണമായോ അലങ്കാര റിബണായോ, എഴുത്തുകളോ ചിഹ്നങ്ങളോ ചേര്‍ത്തോ ഉപയോഗിക്കരുത്. · രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവര്‍ണര്‍മാര്‍ തുടങ്ങി ഫ്ലാഗ് കോഡില്‍ പരാമര്‍ശിക്കുന്ന വിശിഷ്ട വ്യക്തികള്‍ അല്ലാതെ മറ്റാരും വാഹനങ്ങളില്‍ ദേശീയ പതാക ഉപയോഗിക്കരുത്. · കേടുപാടുള്ളതോ വൃത്തിഹീനമായതോ കീറിയതോ ആയ പതാകകള്‍ പ്രദര്‍ശിപ്പിക്കരുത്. പതാകയെ വളരെ ആദരവോടെയും ബഹുമാനത്തോടെയും വ്യക്തമായ സ്ഥാനങ്ങളില്‍ പ്രദര്‍ശിപ്പിക്കണം. · തലതിരിഞ്ഞ രീതിയില്‍ ദേശീയ പതാക പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. · നിലത്തു തൊടാത്ത വിധത്തിലാണ് ദേശീയ പതാക പ്രദര്‍ശിപ്പിക്കേണ്ടത്. · പതാകയില്‍ എഴുത്തുകുത്തുകള്‍ പാടില്ല. · കെട്ടിടത്തിന്‍റെ മുന്‍വശത്ത് ജനല്‍ പാളിയിലോ ബാല്‍ക്കണിയിലോ തിരശ്ചീനമായി ദേശീയ പതാക പ്രദര്‍ശിപ്പിക്കുമ്പോള്‍ സാഫ്രോണ്‍ ബാന്‍ഡ് ദണ്ഡിന്‍റെ അറ്റത്ത് വരത്തക്കവിധം കെട്ടണം. · കോട്ടണ്‍, പോളിസ്റ്റര്‍, പോളി സില്‍ക്ക്, ഖാദി തുണികള്‍ ഉപയോഗിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.