വൈകാരിക അന്തരീക്ഷത്തിൽ അവർ ധാരണപത്രം കൈമാറി; താങ്ങായവർക്കുള്ള ആദരവായി

കൊണ്ടോട്ടി: ദുരന്തദിനത്തിലെ സാന്ത്വനസ്പർശവുമെല്ലാം ഒരിക്കൽകൂടി ഓർമയിലെത്തിയ നിമിഷത്തിൽ അവർ ആ നാടിനോടുള്ള ആദരവായി സമ്മതപത്രം കൈമാറി. കരിപ്പൂർ വിമാനദുരന്തത്തിന്​ രണ്ടുവർഷം പിന്നിടുമ്പോള്‍, കൈമെയ് മറന്ന്​ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ നാട്ടുകാര്‍ക്കും വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്കുമായി ചിറയില്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ആധുനിക ചികിത്സ സൗകര്യങ്ങളോടെയുള്ള കെട്ടിടം നിർമിക്കാനാണ്​ സമ്മതപത്രം കൈമാറിയത്​. ദുരന്തത്തിലെ ഇരകളുടെയും മരിച്ചവരുടെ ബന്ധുക്കളുടേതുമാണ് ഈ തീരുമാനം. ദുരന്തത്തിന്റെ രണ്ടാം വാര്‍ഷികദിനത്തിലാണ്​, അപകടമുണ്ടായ ക്രോസ് റോഡിന് തൊട്ടടുത്ത് മലബാര്‍ ഡെവലപ്‌മെന്റ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഇരകളും മരിച്ചവരുടെ ബന്ധുക്കളും രക്ഷാപ്രവര്‍ത്തകരും ജനപ്രതിനിധികളും നാട്ടുകാരുമെല്ലാം ഒത്തുകൂടിയത്​. വിമാനത്താവളത്തിന് തൊട്ടടുത്ത് മികച്ച ചികിത്സ സൗകര്യങ്ങള്‍ ഇല്ലാത്ത പശ്ചാത്തലത്തിലാണ് 300 മീറ്റര്‍ അകലെയുള്ള ചിറയില്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിന് വിപുല സൗകര്യങ്ങളോടെ കെട്ടിടം പണിയാന്‍ തീരുമാനിച്ചത്. എം.ഡി.എഫിന്​ കീഴിലെ വിമാനാപകട ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ അപകടത്തിനിരയായവർക്ക്​ ലഭിച്ച ഇന്‍ഷുറന്‍സ് തുകയിൽനിന്ന് 50 ലക്ഷം രൂപ സമാഹരിച്ചാണ് കെട്ടിടം നിര്‍മിക്കുന്നത്. ഇതിനുള്ള സമ്മതപത്രം ഭാരവാഹികള്‍ ടി.വി. ഇബ്രാഹിം എം.എല്‍.എക്ക് കൈമാറി. അപകടത്തില്‍ പരിക്കേറ്റവരും ഉറ്റവര്‍ നഷ്ടപ്പെട്ടവരും അനുഭവങ്ങള്‍ പങ്കുവെച്ചത് ഏറെ വൈകാരികമായി. അപകടം നടന്ന് രണ്ടുവര്‍ഷം പിന്നിട്ടിട്ടും സാധാരണജീവിതത്തിലേക്ക് തിരിച്ചെത്താനാകാത്തവരും സംഗമത്തിനെത്തിയിരുന്നു. ടി.വി. ഇബ്രാഹിം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മറ്റ്​ വിമാനത്താവളങ്ങള്‍ക്ക്​ കൊടുക്കുന്ന പ്രാധാന്യം കരിപ്പൂരിനും നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പി. അബ്ദുൽ ഹമീദ് എം.എല്‍.എ മുഖ്യാതിഥിയായി. എം.ഡി.എഫ് ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ ഇടക്കുനി അധ്യക്ഷത വഹിച്ചു. വിമാനത്താവള ഡയറക്ടര്‍ എസ്​. സുരേഷ്, നഗരസഭാധ്യക്ഷ സി.ടി. ഫാത്തിമത്ത് സുഹ്റാബി, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെമ്പാന്‍ മുഹമ്മദലി, റഹീം വയനാട്, സമീര്‍ വടക്കന്‍, എസ്.എ. അബൂബക്കര്‍, കെ.പി. ഫിറോസ്, സറീന ഹസീബ്, അബീന അന്‍വര്‍ ഡോ. സുന്ദര കല്ലട തുടങ്ങിയവര്‍ സംസാരിച്ചു. mpg kdy 1 mdf ചിറയില്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിന് കെട്ടിടം നിര്‍മിക്കാനുള്ള സമ്മതപത്രം വിമാനദുരന്തത്തിന്​ ഇരയായവരും മരിച്ചവരുടെ ബന്ധുക്കളും ചേര്‍ന്ന് ടി.വി. ഇബ്രാഹിം എം.എല്‍.എക്ക് കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.