വേങ്ങര: ദേശീയപാതയിലെ കൂരിയാട് മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കാനുള്ള ശ്രമത്തിനിടെ വേങ്ങര ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റിനെയും രംഗം ഫോണിൽ ചിത്രീകരിക്കാൻ ശ്രമിച്ച യൂത്ത് ലീഗ് നേതാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് വാഹനത്തിൽ കയറ്റിക്കൊണ്ടുപോവുന്നതിനിടെ കൊളപ്പുറത്ത് യു.ഡി.എഫ് പ്രവർത്തകർ വാഹനം തടഞ്ഞു. തവനൂരിലെ പരിപാടി കഴിഞ്ഞ് മുഖ്യമന്ത്രി കോഴിക്കോട്ടേക്ക് പോകവെ ഞായറാഴ്ച ഉച്ചക്ക് 12.30ഓടെ കൂരിയാടാണ് യു.ഡി.എഫ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രി കൂരിയാട് വഴി കടന്നുപോവുന്നതിന് ഏതാനും മിനിറ്റ് മുമ്പ് റോഡിൽ കരിങ്കൊടിയുമായി പ്രതിഷേധിച്ച ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനുമായ പി.പി. സഫീർ ബാബുവിനെ പൊലീസ് തല്ലുകയും ഓടിച്ച് പിടികൂടുകയുമായിരുന്നു. അതിനിടെ, ഇത് വാഹനത്തിലിരുന്ന് മൊബൈൽ ഫോണിൽ പകർത്തിയതിനാണ് യൂത്ത് ലീഗ് നേതാവും ഒതുക്കുങ്ങൽ പഞ്ചായത്ത് ജനറൽ സെക്രട്ടറിയുമായ ടി. ഫസലുറഹിമാനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത ശേഷം പൊലീസ് മൊബൈൽ ഫോൺ ബലമായി പിടിച്ചുവാങ്ങുകയും പകർത്തിയ ദൃശ്യങ്ങളല്ലാം ഒഴിവാക്കുകയും ചെയ്തതായി ഇയാൾ പറയുന്നു. മുഖ്യമന്ത്രിയും സംഘവും കൂരിയാട് വഴി കടന്നുപോയ ശേഷം ഇരുവരെയും പൊലീസ് വാഹനത്തിൽ കൊണ്ടുപോവുന്നതിനിടെ വിവരമറിഞ്ഞെത്തിയ യു.ഡി.എഫ് പ്രവർത്തകർ കൊളപ്പുറത്ത് വാഹനം തടയുകയും ഇവരെ മോചിപ്പിക്കുകയുമായിരുന്നു. വാഹനം തടഞ്ഞത് യു.ഡി.എഫ് പ്രവർത്തകരും പൊലീസും തമ്മിൽ നേരിയ സംഘർഷത്തിനിടയാക്കി. തുടർന്ന് പ്രവർത്തകർ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി സ്വയം പിരിഞ്ഞുപോകുകയായിരുന്നു. യൂത്ത് ലീഗ് ജില്ല അധ്യക്ഷൻ ശരീഫ് കുറ്റൂർ ഉദ്ഘാടനം ചെയ്തു. പി.പി. സഫീർ ബാബു, കല്ലൻ റിയാസ്, സി. ഷാഫി, മുസ്തഫ പുള്ളിശ്ശേരി, മുജീബ് പൂക്കുത്ത്, എം. ഹാരിസ്, ചെമ്പൻ അബ്ദു, ഇ.വി. ഹംസ, സുരേഷ്ബാബു, കെ. മുഹമ്മദലി ഹാജി, കടമ്പോട്ട് ഷൗക്കത്ത് എന്നിവർ സംസാരിച്ചു. പടം മുഖ്യമന്ത്രി കടന്നുപോവുന്നതിന് മുമ്പ് കൂരിയാട് ദേശീയപാതയിൽ പൊലീസും പൊതുജനവുമായുണ്ടായ സംഘർഷം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.