അട്ടപ്പാടി മധു വധക്കേസ്​: പ്രോസിക്യൂട്ടറെ മാറ്റണമെന്നാവശ്യ​പ്പെട്ട്​ അമ്മ ഹൈകോടതിയിലേക്ക്​

* സ്​പെഷൽ പ്രോസിക്യൂട്ടർക്ക്​​ പരിചയക്കുറവുണ്ടെന്നും അദ്ദേഹം വാദിച്ചാൽ കേസ്​ പരാജയപ്പെടുമെന്നും മധുവിന്‍റെ അമ്മ പാലക്കാട്​: അട്ടപ്പാടി മധു വധക്കേസിലെ സ്​പെഷൽ പ്രോസിക്യൂട്ടറെ മാറ്റുംവരെ വിചാരണ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട്​ മധുവിന്‍റെ അമ്മ മല്ലി ഹൈകോടതിയിലേക്ക്​. തിങ്കളാഴ്ച ഹൈകോടതയിൽ ഹരജി നൽകും. സ്​പെഷൽ പ്രോസിക്യൂട്ടർ സി. രാജേന്ദ്രന്​ വിചാരണ നടത്തുന്നതിൽ പരിചയക്കുറവുണ്ടെന്ന്​ മല്ലി പറഞ്ഞു. അദ്ദേഹം തുടർന്നും വാദിച്ചാൽ കേസ്​ പരാജയപ്പെടും. പ്രതികളുടെ സാമ്പത്തിക പിൻബലമാണ്​ സാക്ഷികൾ കൂറുമാറാൻ കാരണമെന്നും മല്ലി ആരോപിച്ചു. മണ്ണാർക്കാട്​ പട്ടികജാതി-വർഗ പ്രത്യേക കോടതിയിൽ കേസിന്‍റെ വിചാരണക്കിടെ രണ്ട്​ സാക്ഷികൾ കൂറുമാറിയത്​ പ്രോസിക്യൂഷന്​ വൻ തിരിച്ചടിയായിരുന്നു. സാക്ഷിവിസ്താരം തുടരുന്നതിനിടെ, സ്​പെഷൽ പ്രോസിക്യൂട്ടറെ മാറ്റണമെന്നും പകരം അഡീഷണൽ പ്രോസിക്യൂട്ടർ രാജേഷ്​ എം. മേനോന്​ ചുമതല നൽകണമെന്നും ആവശ്യ​പ്പെട്ട്​ മധുവിന്‍റെ അമ്മയും സഹോദരി സരസുവും കഴിഞ്ഞ ദിവസം വിചാരണ കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ വിചാരണ കോടതിക്ക്​ അധികാരമില്ലെന്നും ഇത്​ തീരുമാനിക്കേണ്ടത്​ സർക്കാറും ഹൈകോടതിയുമാണെന്നും​ ജഡ്​ജി അറിയിച്ചു. അതിനിടെ, പ്രോസിക്യൂട്ടർമാർക്കിടയിലെ ഭിന്നതയും പുറത്തുവന്നിരുന്നു. തന്നെ മാറ്റണമെന്ന അപേക്ഷക്ക്​ പിന്നിൽ കേസ്​ അട്ടിമറിക്കാനുള്ള നീക്കങ്ങളാണെന്ന്​ സംശയിക്കുന്നതായും സർക്കാറിന്​ വിശ്വാസമുണ്ടെങ്കിൽ സ്ഥാനത്ത്​ തുടരുമെന്നും സ്​പെഷൽ ​പ്രോസിക്യൂട്ടർ സി. രാജേന്ദ്രൻ വ്യക്​തമാക്കി. പ്രോസിക്യൂട്ടർ മാറണമെന്ന്​ കക്ഷികൾ ആവശ്യപ്പെട്ട സാഹചര്യത്തിൽ സാക്ഷിവിസ്താരം മാറ്റിവെക്കണമെന്ന്​​ അഡീഷണൽ പ്രോസിക്യൂട്ടർ രാജേഷ്​ എം. മേനോൻ ആവശ്യപ്പെട്ടു. സാക്ഷിവിസ്താരം താൽക്കാലികമായി നിർത്തണമെന്ന് മധുവിന്‍റെ ബന്ധുക്കൾ അപേക്ഷ നൽകിയതോടെ വെള്ളിയാഴ്​ച നട​ക്കേണ്ടിയിരുന്ന 12ഉം 13ഉം സാക്ഷികളുടെ വിസ്താരം കോടതി ജൂൺ 14ലേക്ക്​ മാറ്റുകയായിരുന്നു. 2018 ഫെബുവരി 22നാണ് ആള്‍ക്കൂട്ട വിചാരണയെയും ക്രൂര മർദനത്തെയും തുടർന്ന് മധു മരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.